air-india

ന്യൂഡൽഹി: ബലാകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാൻ വ്യോമപാത അടച്ചിട്ടത് എയർ ഇന്ത്യയ്ക്ക് നഷ്ടമുണ്ടാക്കിയെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. വ്യോമപാത അടച്ചിട്ടതിനെ തുടർന്ന് നാല് മാസം കൊണ്ട് 430 കോടി രൂപയുടെ നഷ്ടമാണ് എയർ ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നതെന്ന് വ്യോമയാന മന്ത്രി രാജ്യസഭയിൽ അറിയിച്ചു..

വിമാന കമ്പനികളുടെ പ്രവർത്തന ചെലവിന്റെ 40 ശതമാനവും ഇന്ധനം വാങ്ങുന്നതിനുള്ളതാണ്. പാകിസ്ഥാന്റെ നടപടി എയർ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. വ്യോമപാത തുറന്ന നടപടി സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു. എയർ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് സർക്കാർ പ്രതിജ്ഞാബന്ധമാണ്. എന്നാൽ സ്വകാര്യവത്കരണത്തിന് മുമ്പ് വിമാനക്കമ്പനിയെ ലാഭത്തിലാക്കും. അടുത്ത വർഷംതന്നെ ലാഭമുണ്ടാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാക് വ്യോമപാത അടച്ചിട്ടതിനെ തുടർന്ന് രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികൾക്ക് നഷ്ടം നേരിട്ടിരുന്നു. . ബുധനാഴ്ച പുലർച്ചെ 12.41 നാണ് എല്ലാ വിമാനക്കമ്പനികൾക്കും പാക് വ്യോമപാതയിലൂടെ പറക്കാൻ അനുമതി നൽകിയത്. വ്യോമപാത അടച്ചിട്ടതിനെ തുടർന്ന് വിമാനങ്ങൾ വഴിമാറിയാണ് പോയിരുന്നത്. ഇതുമൂലം വിമാനക്കമ്പനികൾക്ക് നഷ്ടം നേരിട്ടിരുന്നു.