harish-salve

ന്യൂഡൽഹി: കുൽഭൂഷൺ ജാദവിന്റെ വധ ശിക്ഷ അന്താരാഷ്ട്ര നീതി ന്യായ കോടതി തടഞ്ഞുകൊണ്ടുള്ള വാർത്ത ഏറെ സന്തോഷത്തോടെയാണ് ഇന്ത്യക്കാർ ഏറ്റെടുത്തത്. വിധി പാകിസ്ഥാൻ പുനപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് മുന്നിൽ പ്രവർത്തിച്ച് ഇന്ത്യയുടെ ഹീറോയായത് ഹരീഷ് സാൽവെ എന്ന അഡ്വക്കേറ്റാണ്. ഒറ്റ സിറ്റിംഗിന് ആറുമുതൽ പതിനഞ്ചു വരെ ലക്ഷം പ്രതിഫലം വാങ്ങുന്ന സാൽവെ ഒരു രൂപ മാത്രം പ്രതിഫലത്തിലാണ് കുൽഭൂഷൺ ജാദവ് കേസ് വാദിച്ചത്.

സുഷമ സ്വരാജാണ് ഹരീഷ് സാൽവെയുടെ പ്രതിഫലത്തെ കുറിച്ച് ട്വിറ്ററിൽ കുറിച്ചത്. ഹേഗിലെ അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ഹരീഷ് നേരിട്ടത് ചില്ലറക്കാരനെയല്ല. പാകിസ്ഥാൻ രംഗത്തിറക്കിയത് ലണ്ടനിലെ കേംബ്രിഡ്‌ജ് സർവകലാശാലയിൽ നിന്നും എൽ.എൽ.എം ബിരുദം നേടിയ ക്വീൻസ് കൗൺസൽ ഖാവർ ഖുറേഷിയെ ആണ്. വളരെ ശ്രമകരമായ കുൽഭൂഷൻ കേസ് വിജയകരമായിത്തന്നെ ഹരീഷ് വാദിച്ചു. ഹരീഷിന്റെ മുന്നിൽ മുട്ടുമടക്കാനേ പാകിസ്ഥാന് കഴിഞ്ഞുള്ളു.

ഇന്ത്യയിൽ കോൺസ്റ്റിട്യൂഷനൽ, ടാക്സേഷൻ, കമേഴ്‌സ്യൽ നിയമങ്ങളിൽ അദ്ദേഹത്തെക്കാൾ അവഗാഹമുള്ള, വാദിക്കാൻ അറിയുന്ന മറ്റൊരു അഭിഭാഷകൻ നിലവിലില്ല എന്നതും സത്യമാണ്. മാത്രമല്ല പിണറായി വിജയനുവേണ്ടി ലാവലിൻ കേസിലും വൊഡാഫോൺ, റിലയൻസ്, ടാറ്റ, ഐ.ടി.സി ഗ്രൂപ്പിന് വേണ്ടിയും ഹരീഷ് വാദിച്ചിട്ടുണ്ട്. ജാദവിന്റേതെന്ന മട്ടിൽ മുസ്‌ലിം പേരിലുള്ള ഒരു പാസ്‌പോർട്ടും കുറ്റസമ്മതവീഡിയോയും മറ്റുള്ള രേഖകളും തെളിവുകളായി ഖുറേഷി ഹാജരാക്കിയപ്പോൾ ഇതൊക്കെ വ്യാജമാണെന്ന് ഹരീഷ് തെളിവ് സഹിതം ഇന്ത്യയ്ക്ക് വേണ്ടി വാദിച്ചു.

കുൽഭൂഷനെ തട്ടിക്കൊണ്ട് പോയതാണെന്നും നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം തെളിവ് സഹിതം വാദിച്ചു. കുൽഭൂഷനെ ചാരനാക്കുന്നതിനെതിരെയും ഹരീഷ് എതിർത്തു. തുടർന്ന് 2018 നവംബർ 18 -ന് കോടതി അന്തിമവിധി വരുംവരെ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കരുത് കോടതി പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഖുറേഷി നടത്തിയ 'ഹംപ്റ്റി-ഡംപ്റ്റി' പരാമർശത്തിനെതിരെ ഹരീഷ് ശക്തമായി ആക്രമിച്ചിരുന്നു.