ടെക് ലോകത്ത് വീണ്ടും തരഗംമാകുകയാണ് ഫേസ് ആപ്. സെലിബ്രിറ്റികൾ ഉൾപ്പെടെ ഫേസ് ആപ് ഉപയോഗിച്ചുതുടങ്ങിയതോടെ അവരുടെ ചിത്രങ്ങളും വൈറലായത് ഫേസ് ആപ്പിന്റെ പ്രചാരം കൂട്ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വ്യക്തികളെ പ്രായമേറിയവരായും യുവാക്കളാക്കിയുമെല്ലാം മാറ്റുകയാണ് ഫേസ് ആപ് ചെയ്യുന്നത്. എന്നാൽ ആപ് ഉപയോഗം ഒട്ടും സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
യൂസർമാരുടെ അനുവാദമില്ലാതെ ഫേസ് ആപ്പ് ചിത്രങ്ങൾ അവരുടെ സെർവറുകളിലേക്ക് അപ്ലോഡ് ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം. ഇത്തരത്തിൽ ഫേസ് ആപ് സെർവറുകളിൽ സ്റ്റോർ ചെയ്യുന്ന ചിത്രങ്ങൾ ദുരുപയോഗിക്കാനുള്ള സാദ്ധ്യത ഏറെയാണെന്ന്ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നു. ഫേസ് ആപിലെത്തുന്ന ചിത്രങ്ങൾ അമേരിക്കയിലെ സെർവറിലേക്കാണ് മാറ്റുന്നതെന്നും ഫോബ്സ് ചൂണ്ടിക്കാട്ടുന്നു. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെ കമ്പനിയുടെ ജീവനക്കാർക്ക് ഈ ചിത്രങ്ങളെല്ലാം പരിധികളില്ലാതെ ഉപയോഗിക്കാൻ സാധിക്കും.
ഫേസ് ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഗാലറികളിലെ ഫോട്ടോകൾ ഉപയോഗിക്കാൻ ഉപഭോക്താവ് അനുവാദം നൽകുന്നുണ്ട്. ഇത് സ്വകാര്യത സംബന്ധിച്ച് കടുത്ത ആശങ്കകൾ ഉയർത്തുന്നുവെന്നാണ് ആരോപണം