kulbhushan
KULBHUSHAN

ഹേഗ് :ഇന്ത്യയുടെ മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് ചാരവ‌ൃത്തി ആരോപിച്ച് പാകിസ്ഥാൻ വിധിച്ച വധശിക്ഷ നടപ്പാക്കുന്നത് രാജ്യാന്തര നീതിന്യായ കോടതി തടഞ്ഞു. വധശിക്ഷ പാകിസ്ഥാൻ പുനഃപരിശോധിക്കണമെന്ന് ഉത്തരവിട്ട കോടതി ജാദവിന് നീതിപൂർവകമായ വിചാരണ ഉറപ്പാക്കാനും ആവശ്യപ്പെട്ടു.

ജാദവിന് വേണ്ടി രണ്ടു വർഷത്തിലേറെയായി നിയമയുദ്ധം നടത്തുന്ന ഇന്ത്യയ്‌ക്ക് ഈ വിധി വൻ നയതന്ത്ര വിജയമായി. അതേസമയം, ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഇന്ത്യൻ സമയം വൈകിട്ട് ആറരയോടെ നെതർലാൻഡ്സിലെ ഹേഗിൽ രാജ്യാന്തരകോടതി ആസ്ഥാനമായ പീസ് പാലസിൽ കോടതി പ്രസിഡന്റ് അബ്ദുൾ ഖാവി അഹമ്മദ് യൂസഫ് ആണ് നിർണായക വിധി പ്രസ്താവിച്ചത്.

അന്യരാജ്യത്ത് അറസ്റ്റിലാകുന്ന പൗരന്മാർക്ക് നയതന്ത്ര സഹായം വ്യവസ്ഥ ചെയ്യുന്ന വിയന്ന ഉടമ്പടിയും അതുപ്രകാരം ജാദവിന് നയതന്ത്ര സഹായം നൽകാനുള്ള ഇന്ത്യയുടെ അവകാശവും പാകിസ്ഥാൻ ലംഘിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജാദവ് കേസിൽ രാജ്യാന്തര കോടതിക്ക് ഇടപെടാനാകില്ലെന്നും, ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ കേസിൽ വിയന്ന ഉടമ്പടി ബാധമല്ലെന്നുമുള്ള വാദം തള്ളിയത് പാകിസ്ഥാന് കനത്ത തിരിച്ചടിയായി. പാകിസ്ഥാൻ ആരോപിക്കുന്നതു പോലെ ജാദവ് ചാരവൃത്തി നടത്തിയതിന് തെളിവുകളില്ല. ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കാതിരുന്നതിലൂടെ വിയന്ന കരാറിന്റെ വ്യക്തമായ ലംഘനമാണ് പാകിസ്ഥാൻ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

കോടതിയിലെ 16 ജഡ്‌ജിമാരിൽ 15 പേരും ഇന്ത്യയ്‌ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നു മാത്രമല്ല, പാകിസ്ഥാൻ വിയന്ന കരാർ ലംഘിച്ചെന്ന് ഏകകണ്ഠമായി അഭിപ്രായപ്പെടുകയും ചെയ്തു. പാകിസ്ഥാനിൽ നിന്നുള്ള ജ‌ഡ്ജി തസാദഖ് ഹുസൈൻ ഗീലാനി മാത്രമാണ് വിധിയെ എതിർത്തത്.

വിയന്ന ഉടമ്പടിക്ക് പുറമേ, ഇരുരാജ്യങ്ങളിലും തടവിലാക്കപ്പെടുന്നവർക്ക് പരസ്പരം നയതന്ത്ര സഹായം ലഭ്യമാക്കാൻ 2008 ൽ ഇന്ത്യയുമായി ഒപ്പുവച്ച കരാറും പാകിസ്ഥാൻ ലംഘിച്ചതായി കോടതി കുറ്റപ്പെടുത്തി. ചാരവൃത്തി ആരോപണം മുഖവിലയ്ക്കെടുക്കാതിരിക്കുകയും, കേസിൽ നീതിപൂർവക വിചാരണ ഉറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തതോടെ ശിക്ഷ ഇളവു ചെയ്യാൻ പാകിസ്ഥാൻ നിർബന്ധിതമാകും. വിധിയെ ഇന്ത്യ സ്വാഗതം ചെയ്തപ്പോൾ പാകിസ്ഥാൻ പ്രതികരിച്ചിട്ടില്ല.

2017 മേയ് എട്ടിന്, കുൽഭൂഷൺ കേസിൽ രാജ്യാന്തര കോടതിയെ സമീപിച്ചതു മുതൽ പാകിസ്ഥാന്റെ വ്യാജ ആരോപണങ്ങൾക്കെതിരെ തെളിവുകൾ നിരത്തി പൊരുതിയ ഇന്ത്യക്ക് രാജ്യാന്തര തലത്തിൽ കൈവന്ന സുപ്രധാന നയതന്ത്ര വിജയമാണ് ചരിത്രവിധി.

അതിർത്തി കടന്ന് ഇന്ത്യ ഭീകരപ്രവർത്തനം നടത്തിയതിനും, ജാദവ് ചാരവൃത്തി നടത്തിയതിനും തെളിവുണ്ടെന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ കൈമാറിയ വ്യാജ രേഖകൾ രാജ്യാന്തര കോടതിയിൽ വിലപ്പോയില്ല. വിയന്ന കരാർ ലംഘനത്തിന്റെ പേരിൽ ലോകരാജ്യങ്ങൾക്കു മുന്നിൽ പാകിസ്ഥാനെ കൂടുതൽ ഒറ്റപ്പെടുത്തുന്നതു കൂടിയാണ് വിധി.