ന്യൂഡൽഹി: രാജ്യത്ത് വിദേശ ബഹു ബ്രാൻഡ് റീട്ടെയിൽ കമ്പനികളെ പ്രവർത്തിക്കാൻ അനുവദിക്കുന്നത് സംബന്ധിച്ച ഒരു പ്രൊപ്പോസലും സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. രാജ്യത്തെ കർഷകർക്കും ചെറുകിട വ്യാപാരികൾക്കും ദോഷം ചെയ്യുന്ന നടപടികളൊന്നും സർക്കാർ നടപ്പാക്കില്ലെന്ന് ലോക്‌സഭയിൽ ചോദ്യോത്തര വേളയിൽ അദ്ദേഹം വ്യക്തമാക്കി.

ചട്ടങ്ങൾ ലളിതമാക്കി, റീട്ടെയിൽ മേഖലയുടെ വികസനത്തിന് കരുത്തേകുന്ന അന്തരീക്ഷം സൃഷ്‌ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വ്യാപാര, വ്യവസായ രംഗത്തുള്ളവർ, കേന്ദ്ര വകുപ്പുകൾ, സംസ്‌ഥാന സർക്കാരുകൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ തേടി ദേശീയ ചില്ലറ വ്യാപാര നയത്തിന് രൂപംനൽകാനുള്ള നടപടികൾ കേന്ദ്ര വ്യവസായ-ആഭ്യന്തര വ്യാപാര വികസന വകുപ്പ് (ഡി.പി.ഐ.ഐ.ടി) എടുത്തിട്ടുണ്ട്. ചെറുകിട വ്യാപാരികൾക്കുള്ള പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി ലഘു വ്യാപാരി മാൻ ധൻ യോജനയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയെന്നും ഗോയൽ പറഞ്ഞു.

ജി.എസ്.ടി രജിസ്‌ട്രേഷനുള്ളതും പ്രതിവർഷം ഒന്നരക്കോടി രൂപയിൽ താഴെ വിറ്റുവരവുള്ളതുമായ വ്യാപാരികൾക്കാണ് പ്രതിമാസം 3,000 രൂപ പെൻഷൻ അനുവദിക്കുക. സർക്കാരും വ്യാപാരിയും ചേർന്നുള്ള 'പങ്കാളിത്ത" പെൻഷൻ പദ്ധതിയാണിത്. 60 വയസ് മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും. രജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കുമെന്നും പീയുഷ് ഗോയൽ പറഞ്ഞു.