nia

ചെന്നൈ∙ ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത 14 തമിഴ്‌നാട് സ്വദേശികൾ ഐസിസിന്റെ യൂണിറ്റ് സ്ഥാപിക്കാൻ ദുബായിൽ നിന്ന് ധനസമാഹരണം നടത്തിയതായി വെളിപ്പെടുത്തൽ. ഇവർക്ക് ഭീകരസംഘടനയായ അൽ ഖ്വയിദയുമായും യെമനിലെ ഭീകരസംഘടനയായ അൻസറുള്ളയുമായും ബന്ധമുണ്ടെന്ന് എൻ.ഐ.എ സ്ഥിരീകരിച്ചിട്ടുണ്ട്.


ആറു മാസത്തോളം യു.എ.ഇ ജയിലിലായിരുന്ന ഇവരെ ഇവരെ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിലേക്കു നാടുകടത്തിയത്. തിങ്കളാഴ്ച എൻ.ഐ.എ വരെ ചെന്നൈ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിൽ മിക്കവരും മാനേജ്‌മെന്റ് പ്രൊഫഷണലുകളാണെന്നും വർഷങ്ങളായി ദുബായിൽ താമസക്കാരാണെന്നും അന്വേഷണസംഘം അറിയിച്ചു. ഇതിൽ ഒരാൾ 32 വർഷമായി ദുബായിൽ താമസിക്കുകയാണ്. ഭീകരാക്രമണങ്ങൾക്കായി വിദേശത്തുനിന്ന് ഇവർ പണം സമാഹരിച്ചു. ഇന്ത്യയിലെ സർക്കാരിനെതിരെ പോരാട്ടം നടത്തി ഐസിസ് പ്രത്യയശാസ്ത്രം രാജ്യത്തു നടപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് എൻ.ഐ.എ അറിയിച്ചു.

ചോദ്യം ചെയ്യലിനു ശേഷം നാഗപട്ടണം സ്വദേശികളായ ഹരീഷ് മുഹമ്മദ്, ഹസൻ അലി എന്നിവരെയും എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. യുവാക്കളെ സംഘടനയിലേക്കു റിക്രൂട്ട് ചെയ്യുന്ന ഹസൻ അലി ചാവേർ ആക്രമണം നടത്താൻ ആഹ്വാനം ചെയ്യുന്ന വിഡിയോകളും പോസ്റ്റ് ചെയ്തിരുന്നു.