തിരുവനന്തപുരം: ആനയറ ലോർഡ്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപക ചെയർമാൻ ഡോ. കെ.പി .ഹരിദാസിന്റെ ' സ്റ്റോറി ഒഫ് മൈ സ്കാൽപൽ' എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിന് നൽകി ശശി തരൂർ എം.പി. പ്രകാശനം ചെയ്തു.
സമൂഹത്തിലെ വെല്ലുവിളികളും വേദനകളും വഹിക്കുന്നവരാണ് ഡോക്ടർമാരെന്നും സ്കാൽപൽ ഉപയോഗിക്കുന്ന സർജന്റെ കഥപറയുന്ന പുസ്തകമാണ് ഡോ. കെ.പി ഹരിദാസിന്റെ 'സ്റ്റോറി ഒഫ് മൈ സ്കാൽപൽ' എന്നും ശശിതരൂർ പറഞ്ഞു. ശസ്ത്രക്രിയാ രംഗത്തെ അഞ്ച് പതിറ്റാണ്ട്കാലത്തെ കെ.പി ഹരിദാസിന്റെ അനുഭവങ്ങളാണ് പുസ്തകത്തിൽ വിവരിക്കുന്നത്. ശസ്ത്രക്രിയയിൽ എങ്ങനെ സ്കാൽപൽ ഉപയോഗിച്ചു എന്നതാണ് ഡോ. ഹരിദാസിനെ വേറിട്ടു നിറുത്തുന്നത്. പുസ്തകം അദ്ദേഹത്തിന്റെ ജീവിതത്തെയും കരിയറിനെയും അനുഭവത്തെയും വരച്ചുകാട്ടുന്നു. ഇന്ത്യയിലെ അപൂർവം സർജൻമാർ മാത്രമെ പുസ്തകം എഴുതിയിട്ടുള്ളൂവെന്നും തരൂർ പറഞ്ഞു.
ശസ്ത്രക്രിയാ രംഗത്തെ വിദ്യകളെയും പുതുമകളെയും കുറിച്ചുള പുസ്തകമെഴുതാനാണ് ആദ്യം ശ്രമിച്ചതെന്നും പിന്നീടാണ് തന്റെ അൻപത് വർഷത്തെ മെഡിക്കൽ കരിയർ പുസ്തക രൂപത്തിൽ എഴുതാൻ തീരുമാനിച്ചതെന്നും ഡോ. കെ.പി ഹരിദാസ് പറഞ്ഞു. പണം കൊടുത്ത് വാങ്ങുന്ന മെഡിക്കൽ സീറ്റ് ഒരു വ്യക്തിയെ ഒരിക്കലും നല്ല ഡോക്ടറാക്കില്ല. ശസ്ത്രക്രിയ കലയുടെയും ശാസ്ത്രത്തിന്റെയും മിശ്രിതമാണ്. കൂണുപോലേ വളർന്ന് വരുന്ന മെഡിക്കൽ കോളേജുകളിൽ 10 ശതമാനം സ്വകാര്യ മെഡിക്കൽ കോളേജുകൾ അടുത്ത 5വർഷത്തിനിടയിൽ പൂട്ടേണ്ടി വരും. സർക്കാർ മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടൽ ഹിൽട്ടൺഗാർഡനിൽ നടന്ന ചടങ്ങിൽ ദിവ്യപ്രഭ കണ്ണാശുപത്രി ഡയറക്ടർ ഡോ. ദേവിൻ പ്രഭാകർ ഡോ.കെ.പി ഹരിദാസിനെ പരിചയപ്പെടുത്തി. ഗതാഗത-ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് സർജറി വിഭാഗം മുൻ മേധാവി ബി.കെ .മധുമോഹൻ, ഡോ.ജോർജ് ഓണക്കൂർ തുടങ്ങിയവർ സംസാരിച്ചു. സുജിത് നായർ സ്വാഗതവും കെ.പി ഹരിദാസിന്റെ മകൻ ഹാരിഷ് ഹരിദാസ് നന്ദിയും പറഞ്ഞു.