തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കനത്ത സുരക്ഷാവലയത്തെ തകർത്ത് മുഖ്യമന്ത്രിയുടെ ഒാഫീസ് പ്രവർത്തിക്കുന്ന നോർത്ത് ബ്ളോക്കിലേക്ക് ഒാടിക്കയറി മുദ്രാവാക്യം വിളിച്ച് കെ.എസ്.യു വനിതാ പ്രവർത്തക ശില്പയുടെ ധീരപ്രവർത്തനം പൊലീസിനെ വെട്ടിലാക്കി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരക്കാർ മുഖ്യമന്ത്രിയുടെ ഒാഫീസിലേക്ക് ഇടിച്ചുകയറാൻ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ കരുതലിലായിരുന്നു പൊലീസ്. ഗേറ്റുകളെല്ലാം രാവിലെ മുതൽ കനത്തകാവലിലായിരുന്നു. തിരിച്ചറിയൽ കാർഡും ആഗമനോദ്ദേശ്യവുമൊക്കെ അറിഞ്ഞും ചോദിച്ചുമൊക്കെയാണ് എല്ലാവരെയും സെക്രട്ടേറിയറ്റിനകത്തേക്ക് കടത്തിവിട്ടത്. അതിനിടയിലാണ് ശില്പ പൊലീസിനെ ഞെട്ടിച്ചത്.
കെ.എസ്.യു പ്രവർത്തകരുടെ മതിൽ ചാട്ടവും പൊരിഞ്ഞ ഓട്ടവുമടക്കം നാടകീയ രംഗങ്ങൾക്കാണ് ഇന്നലെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് സാക്ഷിയായത്.
സമയം രാവിലെ 10.30 ! സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിൽ മന്ത്രിസഭായോഗം പുരോഗമിക്കുന്നു. യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് അടക്കം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക്. കേരള യൂണിവേഴ്സിറ്റിയുടെ മുകളിലടക്കം കയറി കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചതിന്റെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിനുള്ളിലും പ്രതിഷേധമുണ്ടാകാമെന്ന് ഇന്റലിജൻസ് പൊലീസിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടത്തിവിടുന്ന എല്ലാ ഗേറ്റുകളിലും പൊലീസ് വൻ സുരക്ഷയൊരുക്കി. ജീവനക്കാരെ സഹിതം ഐ.ഡി കാർഡ് പരിശോധിച്ച് മാത്രം ഉള്ളിലേക്ക് കടത്തി വിട്ടു.
പൊടുന്നനെ സെക്രട്ടേറിയറ്റിന് മുന്നിലെ ഇരുമ്പ് ഗേറ്റ് ചാടിക്കടന്ന് കെ.എസ്.യുവിന്റെ അഞ്ച് പ്രവർത്തകർ കൊടികളുമായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ഓടി. അതിലൊരാളാകട്ടെ ഒരു പെൺകുട്ടിയും. പൂന്തോട്ടവും പുൽത്തകിടിയും മറികടന്ന് സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിന് മുന്നിലെത്തിയപ്പോഴാണ് പ്രവർത്തകർ പൊലീസുകാരുടെയും സുരക്ഷാ ജീവനക്കാരുടെയും കണ്ണിൽപ്പെട്ടത്. ഇതോടെ നാലുപാട് നിന്ന് പാഞ്ഞ് എത്തിയ സുരക്ഷാസേന മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരത്തെത്തി മുദ്രാവാക്യം വിളിച്ച കെ.എസ്.യു സെക്രട്ടറിമാരായ അനു ലോനച്ചൻ, അരുൺ രാജേന്ദ്രൻ, ആനന്ദ് കെ. ഉദയൻ, എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷി എന്നിവരെ പിടികൂടി. എന്നാൽ കെ.എസ്.യു സെക്രട്ടറിയും സംഘത്തിലെ ഏക വനിതയുമായ ശില്പ ഇവരെയും വെട്ടിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ റിസപ്ഷനിലേക്ക് ഓടികയറി.
പകച്ച് നിൽക്കാനെ പുരുഷ പൊലീസുകാർക്കായുള്ളൂ.
വനിതാ പൊലീസില്ലെന്നത് തന്നെ കാര്യം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കയറാനനുവദിക്കാതെ ശില്പയെ വളഞ്ഞിട്ട് പിടിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ''എന്നെ തൊട്ടാൽ വിവരമറിയും... കെ.എസ്.യു... കെ.എസ്.യു..."" എന്ന് ശില്പ ഭീഷണിമുഴക്കിയതോടെ പൊലീസ് പിന്മാറി. അഞ്ച് മിനിട്ടോളം കൊടിയും പൊക്കിപ്പിടിച്ച് പ്രകടനം നടത്തിയ ശില്പയെ സെക്രട്ടേറിയറ്റിലെ ഒരു സുരക്ഷാജീവനക്കാരിയെത്തിയാണ് ആദ്യം പിടിച്ച് മാറ്റിയത്. ഇതോടെ തറയിലിരുന്ന് പ്രതിഷേധം തുടങ്ങി ശില്പ. നിമിഷങ്ങൾക്ക് ശേഷം കന്റോൺമെന്റിന് സമീപത്തെ വനിതാ പൊലീസ് സ്റ്റേഷനിൽ നിന്ന് നാല് പൊലീസുകാരെത്തിയാണ് ശില്പയെ എടുത്തുപൊക്കി വാഹനത്തിൽ കയറ്റി എ.ആർ ക്യാമ്പിലേക്ക് മാറ്റിയത്.