തിരുവനന്തപുരം: കിഴക്കേകോട്ടയിൽ കാൽനടയാത്രക്കാർക്കായി ഫുട്ട് ഓവർബ്രിഡ്ജിന് ഇന്ന് തറക്കല്ലിടുമ്പോൾ നഗരത്തിലെ ജനങ്ങളുടെ കാലങ്ങളായുള്ള ഒരു സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. കിഴക്കേകോട്ടയിൽ അടിക്കടി കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിച്ചതോടെയാണ് കിഴക്കേകോട്ടയെ അപകട വിമുക്തമാക്കാനുള്ള നടപടികൾ നഗരസഭ ആലോചിച്ചു തുടങ്ങിയത്. 2016ൽ തന്നെ ഫുട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കാൻ ആലോചിച്ചെങ്കിലും സാങ്കേതിക കുരുക്കിലും പുരാവസ്തു വിഭാഗത്തിന്റെ എതിർപ്പിലും തട്ടി പദ്ധതി വൈകുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ശിലാസ്ഥാപനം നിർവഹിക്കുക. മേയർ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാർ എം,എൽ.എ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ തുടങ്ങിയവർ പങ്കെടുക്കും.
മൂന്ന് കവാടം, രണ്ട് ലിഫ്റ്റ്
മൂന്നു റോഡിലേക്ക് പ്രവേശന കവാടം, വയോധികർക്കും രോഗികൾക്കും ഭിന്നശേഷിക്കാർക്കും ആശ്രയമായി ലിഫ്റ്റ്. ക്ഷേത്രനഗരിക്ക് ചേർന്ന രൂപം എന്നിവയാണ് ഫുട്ട് ഓവർബ്രിഡ്ജിന്റെ പ്രത്യേകത. ഗാന്ധി പാർക്കിന് സമീപത്തെ കവാടത്തിലൂടെ കയറിയാൽ മണക്കാട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലേക്കും പ്രവേശന കവാടമുണ്ട്. രണ്ട് ഭാഗത്തായയിരിക്കും ലിഫ്റ്റ്. ഇവ പ്രവർത്തിപ്പിക്കാൻ ആളുണ്ടാകും. സി.സി ടിവിയും എൽ.ഇ.ഡി വെളിച്ച സംവിധാനവും ഉണ്ടാകും.
ഓവർബ്രിഡ്ജിൽ നിന്നിറങ്ങി കാൽനട യാത്രക്കാർക്ക് സുഗമമായി റോഡ് മുറിച്ചുകടക്കുന്നതിന് അണ്ടർപാസും നിർമ്മിക്കും. മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന മൂന്നാമത്തെ ഫുട്ട് ഓവർബ്രിഡ്ജാണ് കിഴക്കേകോട്ടയിലേത്. ആദ്യത്തേത് കോട്ടൺഹിൽ സ്കൂളിന് മുന്നിൽ നിർമ്മിച്ച് പ്രവർത്തനക്ഷമമാക്കി. രണ്ടാമത്തേത് പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപം നിർമ്മാണം പുരോഗമിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ ഇത് പൂർത്തിയാകും. ആക്സോ ഡിസൈനേഴ്സിന് വേണ്ടി സൺ ഇൻഫ്രാസ്ട്രക്ചർ ഡയറക്ടർ എസ്. നസീബാണ് ഫുട്ട് ഓവർബ്രിഡ്ജിന്റെ രൂപകല്പന നിർവഹിച്ചത്. രണ്ട് കോടിയാണ് നിർമ്മാണച്ചെലവ്. നഗരസഭയ്ക്ക് ഒരു രൂപയുടെ പോലും ചെലവില്ല.
തിരക്കിന്റെ കേന്ദ്രം
തലസ്ഥാനത്തെ ബസ് യാത്രികരിൽ 70 ശതമാനം പേരും ഒത്തുകൂടുന്ന കേന്ദ്രമാണ് കിഴക്കേകോട്ട. കാൽനട യാത്രക്കാർ റോഡിനു നടുവിലെ മീഡിയൻ ഫുട്പാത്തായി ഉപയോഗിക്കുന്നതു കാണാം. ഇതിനെല്ലാം പുറമേയാണ് ബൈക്കുകളുടെയും ആട്ടോകളുടെയും അഭ്യാസം. ഇതിന്റെയെല്ലാം പ്രധാന കാരണം സ്ഥലപരിമിതി തന്നെയാണ്. എന്നാൽ, ഉള്ള സ്ഥലം ശരിയാംവണ്ണം ഉപയോഗിക്കാൻ അധികാരികൾക്കു കഴിഞ്ഞിട്ടില്ല. ചാല മാർക്കറ്റിനു മുൻവശം മുതൽ കോവളം ബസ് സ്റ്റാൻഡ് വരെയുള്ള കാൽനടയാത്ര ദുരിതമാണ്. അശാസ്ത്രീയമായ ബസ് സ്റ്റാൻഡ് നിർമ്മാണവും സിഗ്നൽ ലൈറ്റുകൾ അവഗണിച്ചുള്ള വാഹനങ്ങളുടെ പോക്കുമാണ് അപകടം വർദ്ധിക്കാൻ കാരണം. അട്ടക്കുളങ്ങര മുതൽ പഴവങ്ങാടി ഗണപതിക്ഷേത്രം വരെയുള്ള അര കിലോമീറ്റർ മാത്രമുള്ള റോഡാണ് യാത്രക്കാർക്ക് മരണക്കെണിയൊരുക്കുന്നത്.