തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് പ്രശ്നത്തിന് പരിഹാരം തേടി എം.എസ്.എഫ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ച് ചെയ്തെത്തിയപ്പോൾ ചൂടുപിടിച്ച സമരത്തെരുവായി അനന്തപുരി മാറി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് ശേഷം അപ്രതീക്ഷിതമായി യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെത്തിയ പ്രവർത്തകർ പൊലീസിന് നേരെ ആക്രമണം തുടങ്ങിയതോടെയാണ് രംഗം കലുഷിതമായത്. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചതോടെ നഗര ഗതാഗതവും നിശ്ചലമായി. അപ്രതീക്ഷിതമായി വിവിധ റോഡുകളിൽ വാഹനങ്ങൾ നിരന്നതോടെ മുന്നോട്ടുപോകാനാകാതെ ജനങ്ങളും പ്രതിസന്ധിയിലായി.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാർച്ച് ചെയ്ത നൂറുകണക്കിന് പ്രവർത്തകർ പെരുമഴയെയും അവഗണിച്ച് മുദ്രാവാക്യത്തിന്റെ പെരുമഴ തീർത്താണ് സമരമുഖത്തേക്ക് എത്തിയത്. യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐയുടെ ഏക സംഘടനാ വാദം അവസാനിപ്പിക്കണമെന്നും എല്ലാ കോളേജുകളിലും എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും പ്രവർത്തനാവകാശം നല്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
ബാരിക്കേഡ് പിടിച്ചുകുലുക്കിയും അതിന്മേൽ കയറി നിന്നു മുദ്രാവാക്യം മുഴക്കിയും ആദ്യമേ തന്നെ അക്രമത്തിന്റെ തുടക്കം കുറിച്ചെങ്കിലും നേതാക്കൾ എത്തിയതോടെ എല്ലാവരും ശാന്തരായി. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീറിന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവർത്തകർ വീണ്ടും മുദ്രാവാക്യം വിളികൾ തുടങ്ങി. ഇതിനിടെ നേതാക്കളടക്കം കുറച്ചുപേർ യൂണിവേഴ്സിറ്റി കോളേജ് ലക്ഷ്യമാക്കി നടന്നതോടെ പ്രവർത്തകരെല്ലാം അതിനൊപ്പം ചേർന്നു. തുടർന്ന് യൂണിവേഴ്സിറ്റി കവാടത്തിന് മുന്നിലെത്തി പുറത്തു കെട്ടിയിരുന്ന എസ്.എഫ്.ഐയുടെ കൊടിതോരണങ്ങളും ഫ്ളക്സ് ബോർഡും നശിപ്പിച്ചു. യൂണിവേഴ്സിറ്റി കോളേജിന്റെ മതിലിന് മുകളിൽ എം.എസ്.എഫിന്റെ നിരവധി പതാകകൾ നാട്ടി.
ജലപീരങ്കി വാഹനമായ വരുണിനും പൊലീസിനും നേരെ ആക്രമണം തുടങ്ങിയതോടെ രണ്ടു റൗണ്ട് കണ്ണീർവാതകം പ്രയോഗിച്ചു. തുടർന്ന് ഒരു മണിക്കൂറോളം യൂണിവേഴ്സിറ്റി കോളേജ് പരിസരം യുദ്ധക്കളമായി. ജലപീരങ്കിൽ പ്രയോഗത്തിൽ അഞ്ചോളം പ്രവർത്തകർക്ക് പരിക്ക് പറ്റി. നാലുപാടും ചിതറിയോടിയ പ്രവർത്തകർക്ക് പിന്നാലെ പൊലീസ് പാഞ്ഞടുത്തു. ഇതോടെ റോഡ് ഗതാഗതം പൂർണമായി തടസപ്പെട്ടു.
അസിസ്റ്റന്റ് കമ്മിഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിൽ നേതാക്കളുമായി സംസാരിച്ച് വിവിധ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന പ്രവർത്തകരെ മടക്കി അയച്ചതോടെയാണ് നഗരം ശാന്തമായത്.