തിരുവനന്തപുരം: പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് കുത്തിപ്പൊളിച്ച് വാട്ടർ അതോറിട്ടി സ്ഥലം വിട്ടതോടെ പൊട്ടിപ്പൊളിഞ്ഞ കേരളാദിത്യപുരം - മണ്ണന്തല റോഡിൽ അപകടങ്ങളുടെ പെരുമഴ. ജൻറം പദ്ധതി പ്രകാരം പൈപ്പ് സ്ഥാപിക്കുന്നതിനായി ആറ് മാസം മുമ്പാണ് ടാറിട്ട കേരളാദിത്യപുരം - മണ്ണന്തല റോഡ് വാട്ടർ അതോറിട്ടി അധികൃതർ കുത്തിപ്പൊളിച്ചതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പൈപ്പ് സ്ഥാപിച്ചശേഷം കുഴിയിൽ മണ്ണിട്ട് മൂടി അധികൃതർ പണി അവസാനിപ്പിച്ചു.
കുണ്ടും കുഴിയിലും ചാടി യാത്രചെയ്യേണ്ട ഗതകേടിലായി ജനങ്ങൾ. ഇതിനിടെ മഴകൂടി എത്തിയതോടെ വാഹനങ്ങൾ ഗട്ടറിൽ വീണ് അപകടങ്ങൾ പതിവാണിവിടെ. റോഡ് പൂർവസ്ഥിതിയിലാക്കാൻ വാട്ടർ അതോറിട്ടി പി.ഡബ്ലിയു.ഡിക്ക് തിരികെ കൈമാറി മാസങ്ങൾക്ക് മുമ്പേ കത്ത് നൽകിയെങ്കിലും റോഡ് പൂർവസ്ഥിതിയിലാക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് അധികൃതരുടെ പരാതി. കഷ്ടിച്ച് 8 മീറ്റർ വീതി മാത്രമുള്ള റോഡിൽ രാവിലെയും വൈകിട്ടും വാഹനങ്ങൾ ട്രാഫിക് കുരുക്കിൽപ്പെടുന്നത് നിത്യ സംഭവമാണ്. ശ്രീകാര്യം, പൗഡിക്കോണം, കഴക്കൂട്ടം തുടങ്ങിയ മേഖലകളിൽ വേഗത്തിലെത്താൻ കഴിയുമെന്നതിനാലാണ് ഈ വഴി യാത്രക്കാർ തിരഞ്ഞെടുക്കുന്നത്. എന്നാൽ അതിനനുസരിച്ച് റോഡിന്റെ വികസനം നടത്താൻ അധികാരികൾ തയ്യാറാകാത്തതിലാണ് നാട്ടുകാരുടെ പ്രതിഷേധം.
ആകർഷണം ഈ ഷോട്ട് കട്ട്
ടെക്നോപാർക്കിലേക്കുള്ളവരാണ് ഭൂരിഭാഗവും ഈ റോഡിനെ ആശ്രയിക്കുന്നത്. ഇരുചക്രവാഹനങ്ങളുമായാണ് ഇക്കൂട്ടർ ഭൂരിഭാഗവും ഇതുവഴി കടന്നുപോകുന്നത്. ആറ്റിങ്ങൽ ഭാഗങ്ങളിൽ നിന്ന് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലേക്കും എം.സി റോഡിലേക്കും സ്വകാര്യ മെഡിക്കൽ കോളേജുകൾ, നിരവധി എൻജിനിയറിംഗ് കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തേണ്ടവരും സൗകര്യത്തിനായി തിരഞ്ഞെടുക്കുന്ന റോഡും ഇതുതന്നെയാണ്.
വാക്കുകളിൽ ഒതുങ്ങിയ വികസനം
l സ്ഥലം ഉൾപ്പെടുന്നത് കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ
l മണ്ണന്തല, പൗഡിക്കോണം, ചെല്ലമംഗലം വാർഡുകൾ അതിർത്തി പങ്കിടുന്ന റോഡ്
l റോഡ് നവീകരണത്തിന് 20 വർഷം മുമ്പ് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും നടപ്പായില്ല
l ഇപ്പോഴത്തെ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ റോഡ് വീതികൂട്ടാൻ 200 കോടി അനുവദിച്ചു. 2 വർഷം പിന്നിട്ടിട്ടും നടപടിയില്ല