തിരുവനന്തപുരം : നഗരത്തിൽ സംഗീതമഴ പെയ്തിറങ്ങുന്ന നിശാഗന്ധി മൺസൂൺ രാഗാസ് മ്യൂസിക്കൽ ഫെസ്റ്റിവൽ 20 മുതൽ 24 വരെ കനകക്കുന്നിൽ നടക്കും.
ടൂറിസം വകുപ്പാണ് രാഗമഴ പൊഴിയുന്ന ശ്രവണ സുന്ദര രാവുകൾ നഗരവാസികൾക്കായി അണിയിച്ചൊരുക്കുന്നത്. ഇന്ത്യൻ ശാസ്ത്രീയ സംഗീതം ഒരനുഭൂതിയായും അനുഭവമായും മനസുകളിലേക്ക് തിമിർത്തുപെയ്യുന്ന അഞ്ചുദിനങ്ങൾക്കാണ് ഇനി നഗരം സാക്ഷ്യം വഹിക്കുക.
ഹിന്ദുസ്ഥാനി, ഗസൽ, കർണാടിക് സംഗീതവും പാശ്ചാത്യ പൗരസ്ത്യ സംഗീതോപകരണങ്ങളുടെ താളലയ വിന്യാസവും ഇനി അനുഭൂതിയായി പെയ്തിറങ്ങും. 20ന് വൈകിട്ട് 6.15ന് ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനാകും.
വൈകിട്ട് 6.45ന് ഉണ്ണിക്കൃഷ്ണ പാക്കനാർ അവതരിപ്പിക്കുന്ന ബാംബൂ സിംഫണി, 7.30ന് സംഗീത സമ്രാട്ട് ചിത്രവീണ എൻ. രവികിരൺ അവതരിപ്പിക്കുന്ന ചിത്രവീണ സംഗീതമേള. 21ന് വൈകിട്ട് 6.30ന് ശ്രീ സ്വാതി തിരുനാൾ ഗവ. കോളേജ് ഒഫ് മ്യൂസിക് അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി. 7.30ന് ഗസൽ മാന്ത്രികൻ ജസ്വീന്ദർ സിംഗ് അവതരിപ്പിക്കുന്ന ഗസൽ.
22ന് വൈകിട്ട് 6.30ന് കൃഷ്ണ അജിത്തിന്റെ വയലിൻ കച്ചേരി, 7.30ന് വിദുഷി എസ്. സൗമ്യയുടെ കർണാടിക് വോക്കൽ, 23ന് വൈകിട്ട് 6.30ന് അനന്ത സായി .എ.എസ് അവതരിപ്പിക്കുന്ന കർണാടിക് വോക്കൽ, വൈകിട്ട് 7.30ന് പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട്, തന്ത്രി വാദകൻ പണ്ഡിറ്റ് സലിൽ ഭട്ട് എന്നിവർ അവതരിപ്പിക്കുന്ന മോഹന വീണ- സാത്വിക വീണ ഡ്യുയറ്റ്. 24ന് വൈകിട്ട് 6ന് സമാപന സമ്മേളനവും നിശാഗന്ധി സംഗീത പുരസ്കാര വിതരണവും. 6.30ന് രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ ഫ്യൂഷൻ, രാത്രി 8ന് ഉസ്താദ് റഫീഖ് ഖാൻ (സിത്താർ) നയിക്കുന്ന ക്ലാസിക്കൽ ഫ്യൂഷൻ ബാൻഡിന്റെ 'ശിവ' ദ മ്യൂസിക്കൽ തണ്ടറും അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട് 6.30ന് ആരംഭിക്കുന്ന സംഗീതോത്സവത്തിൽ പ്രവേശനം സൗജന്യമാണ്.