കേരളം കണ്ട ഏറ്റവും ധീരനായ പത്രപ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതം അഭ്രപാളിയിലേക്ക് . ബാല്യകാലസഖി എന്ന ചിത്രത്തിന്റെ സംവിധായകനായ പ്രമോദ് പയ്യന്നൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകനും മുൻ എം.പിയുമായ സെബാസ്റ്റ്യൻപോളാണ് തിരക്കഥാകൃത്ത്. ടൊവിനോ തോമസാണ് സ്വദേശിഭിമാനി രാമകൃഷ്ണപിള്ളയാകുന്നതെന്നു സെബാസ്റ്റ്യൻ പോൾ സിറ്റി കൗമുദിയോട് പറഞ്ഞു. ചിത്രത്തിന്റെ പ്രാരംഭ ചർച്ചകൾ നടന്നുവരികയാണെന്നും ടൊവിനോയുടെ തിരക്ക് പരിഗണിച്ചായിരിക്കും ചിത്രത്തിന്റെ മറ്റ് പ്രവർത്തനങ്ങൾ തുടങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.
1878 മുതൽ 1916 വരെയുള്ള കാലഘട്ടം പുനർസൃഷ്ടിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. തിരുവിതാംകൂറിൽ നിന്ന് നാടുകടത്തിയത് മുതൽസ്വദേശാഭിമാനിയുടെ അന്ത്യം വരെയുള്ള കഥയിൽ ഒട്ടേറെ ചരിത്രമുഹൂർത്തങ്ങളുണ്ട്. ദീർഘകാലമായുള്ള പഠനത്തിൽ നിന്നാണ് സെബാസ്റ്റ്യൻ പോൾ തിരക്കഥ പൂർത്തിയാക്കിയത്. സ്വദേശാഭിമാനിയുടെ ജീവിതത്തിന്റെ സിനിമാറ്റിക്കായ ആവിഷ്കാരമായിരിക്കും ചിത്രമെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു. രാഷ്ട്രീയ നിരീക്ഷണങ്ങളുടെയും നിയമ വ്യാഖ്യാനങ്ങളുടെയും പതിവ് എഴുത്തു വഴിയിൽ നിന്നുളള മാറിനടത്തമാണ് സെബാസ്റ്റ്യൻ പോളിന് ഈ തിരക്കഥ.