പ്രഭാതത്തിലെ നടത്തം ഉന്മേഷം പകരുമെന്ന് അറിയാമല്ലോ. എന്നാൽ പ്രഭാത നടത്തത്തിന് നമ്മുടെ മനസിന്റെയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം ഉറപ്പാക്കുന്നിൽ പ്രധാന പങ്കുണ്ടെന്ന കാര്യം അറിയാമോ? ഒരു ദിവസം മുഴുവനുള്ള നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ഊജ്ജസ്വലമാക്കാനും മാനസിക ഉന്മേഷം ലഭിക്കാനും പ്രഭാതത്തിൽ നടക്കുന്നത് ശീലമാക്കുക.
പതിവായി രാവിലെ നടക്കുന്നവരിൽ രക്തസമ്മർദ്ദം ഉയരാനുള്ള സാദ്ധ്യത തീരെ കുറവാണ്. ഹൃദയസ്തംഭന സാദ്ധ്യത ഇല്ലാതാക്കാനും സഹായകരമാണ്. രക്തയോട്ടം സുഗമമാക്കിയും പ്രഭാതനടത്തം ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. ശ്വാസകോശ രോഗങ്ങളെയും പ്രതിരോധിക്കും.
പ്രഭാതനടത്തം ശീലമാക്കിയവരിൽ വിഷാദം, സമ്മർദ്ദം എന്നിവ പൊതുവെ കാണാറില്ല. മാത്രമല്ല, സൂര്യന്റെ ഇളവെയിൽ ഏൽക്കുന്നതിലൂടെ പലതരം ആരോഗ്യഗുണങ്ങളും ലഭിക്കുന്നു. പ്രഭാതത്തിലെ നടത്തം മനസിൽ ശുഭചിന്തകൾ നിറയ്ക്കുന്നു. കിളികളുടെ ശബ്ദം, പച്ചപ്പ്, ഇളവെയിൽ, പൂക്കൾ ഇവയെല്ലാം നമ്മുടെ ചിന്തകളെ ഉന്മേഷവും ആഹ്ളാദവുമുള്ളതാക്കി മാറ്റുന്നു. ഇനി പ്രഭാത നടത്തം ശീലമാക്കാം.