pinarayi-vijayan

തിരുവനന്തപുരം: ജോലിയിലായിരിക്കെ സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇടത് അനുകൂലികൾക്ക് ഒത്താശ ചെയ്ത് സംസ്ഥാന സർക്കാർ. എ.കെ.ജി ഹാളിൽ നടക്കുന്ന കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് യൂണിയന്റെ മൂന്ന് ദിവസം നീളുന്ന സമ്മേളനത്തിൽ ശമ്പളത്തോടെ പങ്കെടുക്കുന്നതിന് വേണ്ടി സർക്കാർ പ്രത്യേക ഉത്തരവിറക്കി. സമ്മേളനം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എ.കെ.ജി ഹാളിൽ ഇന്നലെയാരംഭിച്ച സമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമ്പോൾ സെക്രട്ടേറിയറ്റിൽ തങ്ങളുടെ ജോലി ചെയ്യേണ്ടിയിരുന്ന ഉദ്യോഗസ്ഥരാണ് ഹാളിന് പുറത്തും അകത്തുമായ് നിലകൊണ്ടത്.

നേരത്തേ ജോലി ചെയ്യേണ്ട സമയത്ത് ജോലി ചെയ്യണമെന്ന് സർക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞതും ഇതേ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഓണത്തിന്റെ സമയത്ത്, സർക്കാർ ഉദ്യോഗസ്ഥർ പൂവിടാൻ പോകരുതെന്നും ആ സമയത്ത് ജോലിയിൽ നിന്നും വിട്ടു നിൽക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സർവീസ് സംഘടനകൾക്ക് കീഴ്പ്പെടില്ല എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി തന്നെയാണ്, പ്രവർത്തി ദിവസം സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ഇടത് സംഘടനകളുടെ ആവശ്യം അംഗീകരിച്ചത്. ഇതിനു വേണ്ടി സർക്കാർ ഉത്തരവുമിറക്കി. മൂന്ന് ദിവസം ശമ്പളത്തോടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഉദ്യോഗസ്ഥരെ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ്.

എന്നാൽ രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാലര വരെ നടക്കുന്ന സമ്മേളനത്തിൽ ഉദ്യോഗസ്ഥർ പങ്കെടുക്കുമ്പോൾ ജോലിയിൽ വീഴ്ച വരുത്തരുതെന്ന വിചിത്ര നിർദ്ദേശവും ഉത്തരവിലുണ്ട്. രാവിലെ സെക്രട്ടേറിയറ്റിൽ എത്തി പഞ്ച് ചെയ്ത ശേഷം സമ്മേളനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ വൈകിട്ട് വീണ്ടും പഞ്ച് ചെയ്ത ശേഷമാണ് വീടുകളിലേക്ക് മടങ്ങിയത്. ഇന്നും നാളെയും ഉദ്യോഗസ്ഥർ ഇതുതന്നെ ആവർത്തിക്കും. എന്നാൽ അപേക്ഷ നൽകുകയാണെകിൽ ബി.ജെ.പി, കോൺഗ്രസ് അനുകൂലികൾക്കും ഇതുപോലെ ശമ്പളത്തോടെ അവധി നൽകുമെന്ന് സർക്കാർ പറയുന്നു.