air-india

ദുബായ്: യുഎയിലേക്കുള്ള എയർ ഇന്ത്യാ വിമാനങ്ങളിൽ 40കിലോഗ്രാം വരെ സൗജന്യ ലഗേജ് കൊണ്ടുപോകാമെന്ന വാർത്തയിൽ വിശദീകരണവുമായി എയർ ഇന്ത്യ അധികൃതർ. എയർ ഇന്ത്യാ വിമാനത്തിൽ യു.എ.ഇയിൽ പോകുന്നവർക്ക് 40കിലോഗ്രാംവരെ സൗജന്യ ലഗേജുകൾ കൊണ്ടുപോകാമെന്ന റിപ്പോർട്ടുകൾ എയർ ഇന്ത്യ അധികൃതർ തള്ളി. മദ്ധ്യപ്രദേശിൽ നിന്ന് അടുത്തിടെ ആരംഭിച്ച ദുബായ്-ഇൻഡോർ സർവീസുകളിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളുവെന്നും എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.

'ഇൻഡോർ-ദുബായ്,ദുബായ്-ഇൻഡോർ സർവീസുകളിൽ ചെക്ക് ഇൻ ലഗേജ് അലവൻസ് 30 കിലോയിൽ നിന്ന് 40 കിലോയാക്കി'-എയർ ഇന്ത്യ വക്താവ് ദനൻജയ കുമാർ പറഞ്ഞു. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ അനുകൂല്യം ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലൊഹാനി ഇൻഡോറിലേക്കും കൊൽക്കത്തിയിലേക്കും പുതിയ സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ദുബായിലെത്തിയിരുന്നു. ലഗേജ് ലിമിറ്റ് 10 കിലോ ഉയർത്തിയ കാര്യം അദ്ദേഹം അറിയിച്ചു. ഇൻഡോറിലേക്കുള്ള സർവീസിന്റെ കാര്യം മാത്രമാണ് അദ്ദേഹം പറഞ്ഞത്.


ഇടയ്ക്കിടെ വിവിധ സ്ഥലങ്ങളിൽ പ്രമോഷണൽ ഓഫറുകൾ നൽകാറുണ്ടെന്നും ഓഫറുകൾക്കായി യാത്രക്കാർ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കണമെന്നും എയർ ഇന്ത്യയിലെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ബുധനാഴ്ച ഉച്ചവരെ അബുദാബി-മുംബയ് റൂട്ടിൽ അധിക ലഗേജ് ഓഫർ ഇല്ലെന്ന് അധികൃതർ അറിയിച്ചു.