bs-yedyurappa

ബംഗളൂരു: കർണാടകത്തിൽ കുമാരസ്വാമിയുടെ ജെ.ഡി.എസ്-കോൺഗ്രസ് സർക്കാർ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിക്കുക. സർക്കാരിന് ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് ഉറപ്പായാൽ 12 എം.എൽ.എമാരെ അയോഗ്യരാക്കുന്ന നടപടിയിലേക്ക് സ്പീക്കർ നീങ്ങും. കർണാടകയിൽ സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. നിലവിൽ, വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ ഭൂരിപക്ഷം നേടില്ല എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ വിശ്വാസവോട്ടെടുപ്പ് നീട്ടി വയ്ക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. തിങ്കളാഴ്ച വരെ നീട്ടാനാണ് കോൺഗ്രസ് ശ്രമം.

എന്നാൽ വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ പൂർത്തിയാക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. ഇത് കാണിച്ച് ബി.ജെ.പി സ്പീക്കർക്ക് കത്തയച്ചിട്ടുണ്ട്. അതിനിടെ ഒരു കോൺഗ്രസ് എം.എൽ.എ കൂടി വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കില്ല എന്ന് അറിയിച്ചത് കോൺഗ്രസിന് തിരിച്ചടിയായി. എം.എൽ.എ ശ്രീമന്ത് പാട്ടീലാണ് വിട്ടുനിൽകുക. ആരോഗ്യകാരണങ്ങൾ മൂലമാണ് വിട്ടുനിൽക്കുന്നത് എന്നാണ് അറിയിച്ചിട്ടുള്ളത്. പാട്ടീൽ നിയമസഭയിൽ എത്താത്തത് കോൺഗ്രസിന് വൻ തിരിച്ചടിയാകും. മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിച്ച ശേഷം അതിന് മേൽ ചർച്ച നടക്കും. പിന്നീടാണ് വോട്ടെടുപ്പ് നടക്കുക. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗം അടക്കം 225 പേരാണ് നിയമസഭയിൽ ഉള്ളത്. 15 അംഗങ്ങൾ വിട്ടുനിൽകുകയാണെകിൽ ഭൂരിപക്ഷത്തിന് കുമാരസ്വാമിക്ക് വേണ്ടത് 106 എം.എൽ.എമാരുടെ പിന്തുണയാണ്. 105 എം.എൽ.എമാരാണ് ബി.ജെ.പിയുടെ കൈവശം ഉള്ളത്. രണ്ട് സ്വാതന്ത്രരുടെ പിന്തുണ കൂടി കിട്ടിയാൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കും.

നിലവിൽ, വിമത എം.എൽ.എമാരെല്ലാം മുംബയിൽ തന്നെ തുടരുകയാണ്. ഇവർ ബംഗളൂരുവിലേക്ക് എത്തുമോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. രാജിവച്ച രണ്ട് സ്വതന്ത്ര എം.എൽ.എമാരിലെ റോഷൻ ബൈഗ് ഇപ്പോൾ ബംഗളുരുവിലുണ്ട്. രണ്ടാമത്തെ എം.എൽ.എയായ ആനന്ദ് സിംഗ് ഗോവയിലാണ്. തന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട എന്ന് കാണിച്ച് ആനന്ദ് സിംഗ് ട്വീറ്റ് ചെയ്തിരുന്നു. മറ്റൊരു വിമത എം.എൽ.എ ആയ കെ. സുധാകർ ഇപ്പോൾ ഡൽഹിയിൽ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇങ്ങനെയുള്ള 15 എം.എൽ.എമാർ ഇന്ന് നിയമസഭയിൽ നിന്നും വിട്ടു നിന്നാൽ കുമാരസ്വാമിസർക്കാരിന് ഭൂരിപക്ഷം നഷ്ടമാകാൻ തന്നെയാണ് സാധ്യത.

നിലവിലെ കക്ഷിനില

 രാജിവച്ച വിമതർ - 16 (കോൺഗ്രസ് -13, ദൾ-3)

 ബി.ജെ.പി സഖ്യം-107 (ബി.ജെ.പി -105, സ്വതന്ത്രൻ -1 കെ.പി.ജെ.പി-1

 കോൺ-ദൾ സഖ്യം - 101 (കോൺഗ്രസ്- 66, ദൾ- 34, ബിഎസ്.പി -1)

 രാജികൾ അംഗീകരിച്ചാൽ നിയമസഭയിലെ അംഗബലം - 208

 കേവല ഭൂരിപക്ഷത്തിനു വേണ്ടത് -105

ഒരാൾ കൂടി എത്തില്ലെന്ന് അറിയിച്ചതോടെ സഖ്യസർക്കാർ കക്ഷിനില 100ലേക്ക് ചുരുങ്ങി