shivaranjith

തിരുവനന്തപുരം: പി.എസ്.സി. സിവിൽ പൊലീസ് ഓ‌‌ഫീസർ പരീക്ഷയിൽ 55 ചോദ്യങ്ങൾക്കുള്ള ഉത്തരം കൃത്യമായി അറിയാമായിരുന്നെന്നും ബാക്കിയുള്ളവ കറക്കിക്കുത്തിയാണ് എഴുതിയതെന്നും യൂണിവേഴ്‌സിറ്റി കോളേജ്‌ വ‌ധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത് പൊലീസിനോട് പറഞ്ഞു. അതേസമയം,​ പഠിച്ചാണ് പി.എസ്.സി പരീക്ഷയെഴുതിയതെന്ന് നസീമും മൊഴി നൽകിയിട്ടുണ്ട്.

കേസിൽ പ്രതിയായ ശിവരഞ്ജിത്തിന് പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച് പി.എസ്.സി. അന്വേഷണം നടത്തുകയാണ്. 78.33 മാർക്കാണ് ഈ പരീക്ഷയിൽ ശിവരഞ്ജിത്ത് നേടിയത്. 29.67 ആയിരുന്നു കട്ട് ഓഫ് മാർക്ക്. സ്‌പോർട്സ് ക്വോട്ടയിലെ മാർക്ക് കൂടി കണക്കിലെടുത്ത് 90 മാർക്കിന് മുകളിലാണ് ശിവരഞ്ജിതിന് ലഭിച്ചിട്ടുള്ളത്. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റിൽ 28-ാം റാങ്കുകാരനാണ്. 65.33 മാർക്കാണ് നസീമിന് ലഭിച്ചത്. ജൂലായ് ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. ലിസ്റ്റിൽ പേരുൾപ്പെട്ടവരുടെ നിയമന ശുപാർശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികൾ പുരോഗമിക്കവെയാണ് ഇരുവരും കേസിൽ പ്രതികളാകുന്നത്.

അതേസമയം,​ ശിവരഞ്ജിത്തിനെതിരെ പൊലീസ് രണ്ടു കേസുകൾ കൂടി എടുത്തു. മോഷണം, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സർവകലാശാല ഉത്തരപേപ്പർ മോഷ്ടിച്ചതിനും, ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീലുണ്ടാക്കിയതിനുമാണ് കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.