കൊച്ചി: എസ്.എഫ്.ഐയുമായുള്ള സംഘർഷത്തെ തുടർന്ന് പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവർത്തകരെ കാണാനെത്തിയ സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ വാഹനം ഡി.വൈ.എഫ്.ഐക്കാർ തടഞ്ഞു. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിന്റെ വാഹനത്തിന് നേരെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബൈക്ക് വട്ടംവച്ച് തടഞ്ഞത്. ഞാറയ്ക്കൽ സർക്കാർ ആശുപത്രി പരിസരത്ത് ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
വൈപ്പിൻ സർക്കാർ കോളേജിൽ തിരെഞ്ഞെടുപ്പ് പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ ആക്രമണം നടത്തുകയായിരുന്നെന്നാണ് ആരോപണം. ക്ലാസിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ നടത്തുന്നതിനിടെ എസ്.എഫ്.ഐ പ്രവർത്തകർ യൂണിറ്റ് പ്രസിഡന്റ് സ്വലഫി അഫ്രീദി, സെക്രട്ടറി ടി.എസ് വിഷ്ണു എന്നിവർ ക്രൂരമായി ആക്രമിച്ചെന്ന്എ.ഐ.എസ്.എഫ് ആരോപിക്കുന്നു. പരിക്കേറ്റ വിദ്യാർത്ഥികൾ ഞാറയ്ക്കൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ കാണാനെത്തിയതായിരുന്നു സി.പി.ഐ ജില്ലാ സെക്രട്ടറി.
സംഭവത്തിൽ പ്രതിഷേധിച്ച് പാലാരിവട്ടം മേൽപ്പാലം അഴിമതിയുർത്തിയുള്ള എൽ.ഡി.എഫ് സമരത്തിൽ നിന്നും സി.പി.ഐ വിട്ടുനിൽകാൻ തീരുമാനിച്ചിട്ടുണ്ട്. പ്രശ്നത്തിൽ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കൾ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും അക്രമവും ഗുണ്ടായിസവും സി.പി.ഐ അംഗീകരിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.