imran-khan

ലാഹോർ: ഇന്ത്യയുടെ മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ മോചിപ്പിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി അനുവദിക്കാത്തതിനെ പിന്തുണച്ഛ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കുൽഭൂഷൺ ജാദവിനെ 'കുറ്റവിമുക്തനാക്കാത്ത, ജയിലിൽ നിന്നും മോചിപ്പിക്കാത്ത, ഇന്ത്യയ്ക്ക് തിരികെ ഏൽപ്പിക്കാത്ത' കോടതിയുടെ തീരുമാനത്തെ താൻ അംഗീകരിക്കുന്നതായാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. കുൽഭൂഷണിന്റെ വധശിക്ഷ നടപ്പാക്കുന്നത് ശരിയായ നടപടി തന്നെയാണെന്നും കേസിൽ വിചാരണ തുടരുമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്റർ വഴിയാണ് ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ചയാണ് കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നതിൽ നിന്നും പാകിസ്ഥാനെ അന്താരാഷ്ട കോടതി തടഞ്ഞത്. കുൽഭൂഷണിന്റെ വധശിക്ഷയുടേയും ജയിൽവാസത്തിന്റെയും കാര്യത്തിൽ പാകിസ്ഥാനിലെ പട്ടാളക്കോടതി പുനർവിചിന്തനം നടത്തണമെന്നും ഐ.സി.ജെ ആവശ്യപ്പെട്ടു. ജാദവിന് തനിക്ക് ഇഷ്ടമുള്ള അഭിഭാഷകനെ വച്ചുകൊണ്ട് നീതിപൂർണമായി വിചാരണയിൽ പങ്കെടുക്കാനും അനുവദിക്കണമെന്ന് കോടതി പറഞ്ഞു. അന്യരാജ്യത്ത് അറസ്റ്റിലാകുന്ന പൗരന്മാർക്ക് നയതന്ത്ര സഹായം നൽകുന്ന വിയന്ന ഉടമ്പടി പാക്കിസ്ഥാൻ ലംഘിച്ചതായി ഇന്ത്യ കോടതിയോട് ചൂണ്ടിക്കാട്ടിയിരുന്നു.

ജാദവിന് ലഭിക്കുന്ന അവകാശങ്ങൾ പാകിസ്ഥാൻ അദ്ദേഹത്തിൽ നിന്നും മറച്ചുവച്ചുവെന്നും ഇന്ത്യൻ പ്രതിനിധികൾ അദ്ദേഹത്തെ കാണുന്നത് പാകിസ്ഥാൻ വിലക്കിയെന്നും കോടതി ആരോപിച്ചിരുന്നു. അന്താരാഷ്ട്ര കോടതിയുടെ വിധിയെ തുടർന്ന് സത്യവും നീതിയും ജയിച്ചുവെന്നും, കുൽഭൂഷണിന് നീതി ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ വിധി ഇന്ത്യയ്ക്ക് അനുകൂലമായിട്ടും, ജാദവിനെ തടവിൽ വയ്ക്കുമെന്നും, പാകിസ്ഥാന്റെ നിയമങ്ങൾ അനുസരിച്ച് മാത്രമേ അദ്ദേഹത്തെ വിചാരണ ചെയ്യുകയ്യുള്ളൂ എന്നുമാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മഹ്മൂദ് ഖുറേഷി പ്രതികരിച്ചത്.