bangal

കൊൽക്കത്ത: 2014ൽ നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച പ്രചാരണ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രശാന്ത് കിഷോർ ഇപ്പോൾ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ നിന്ന് മമതയ്ക്ക് ഏറ്റ തിരിച്ചടിക്ക് പിന്നാലെയാണിത്. ഇപ്പോഴിതാ ബംഗാളിലെ ബി.ജെ.പി ഘടകത്തെ ഞെട്ടിക്കാനൊരുങ്ങി പദ്ധതികൾ ഒരുക്കുകയാണ് മമതയും പ്രശാന്ത് കിഷോറും. ഇതിന്റെ ഭാഗമായി പാർട്ടിയുടെ രൂപീകരണ ദിനമായ ജൂലായ് 21ന് തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി പ്രകടനമാണ് തൃണമൂൽ ലക്ഷ്യമിടുന്നത്.

26 വർഷത്തിനിടെയിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നടത്തുന്ന ഏറ്റവും വലിയ ശക്തി പ്രകടനമായിരിക്കും ഇത്. ഇക്കഴിഞ്ഞ 13ന് തൃണമൂൽ നേതാക്കളുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് ഏറ്റവും വലിയ ശക്തിപ്രകടനം നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. 2021ൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരം ലക്ഷ്യമിട്ടാണ് പ്രശാന്ത് കിഷോറുമായി ചേർന്ന് മമത ബാനർജി പദ്ധതി തയ്യാറാക്കുന്നത്.

തൃണമൂലിന്റെ കോട്ടയായ ബംഗാളിൽ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 18 സീറ്റ് നേടിയിരുന്നു. ഇത് മമതയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. തുടർന്നാണ് പ്രശാന്ത് കിഷോറിനെ തങ്ങളുടെ പ്രചരണതന്ത്രം ഏൽപ്പിക്കാൻ തൃണമൂൽ തീരുമാനിച്ചത്. ആന്ധ്രാപ്രദേശിൽ ജഗൻമോഹൻ റെഡ്ഡിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശേഷമാണ് പ്രശാന്ത് കിഷോർ മമതയ്‌ക്കൊപ്പം എത്തുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയെ തിരഞ്ഞെടുപ്പിൽ അട്ടിമറിച്ചാണ് ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡി അധികാരത്തിലെത്തിയത്.

ജനതാദൾ യുണൈറ്റഡ് വൈസ് പ്രസിഡന്റ് പദവി സ്വീകരിച്ച് പ്രശാന്ത് കിഷോർ കഴിഞ്ഞ വർഷം രാഷ്ട്രീയ രംഗപ്രവേശം നടത്തിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി തന്ത്രങ്ങൾ മെനയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർന്നാണ് ജഗൻമോഹൻ റെഡ്ഡിക്കൊപ്പം പ്രവർത്തിച്ച് അദ്ദേഹം വിജയം ഉറപ്പാക്കിയത്. അതിനുശേഷം പല പാർട്ടികളും പ്രശാന്ത് കിഷോറിനെ സമീപിച്ചുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. 2014 ൽ നരേന്ദ്ര മോദിക്കുവേണ്ടിയും 2015 ൽ നിതീഷ് കുമാറിനു വേണ്ടിയും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾക്ക് രൂപംനൽകിയിരുന്നു.