ayodhya-

ന്യൂഡൽഹി: അയോദ്ധ്യ കേസ് ആഗസ്റ്റ് രണ്ടിന് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനം. അയോദ്ധ്യ തർക്ക പരിഹാരത്തിനായി നിയോഗിച്ച മദ്ധ്യസ്ഥ സമിതി ഈ മാസം 31ന് അന്തിമ റിപ്പോർട്ട് നൽകണമെന്നും അത്​ വരെ ഒത്തുതീർപ്പ്​ ശ്രമങ്ങൾ തുടരാമെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ അ‍ഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്. മദ്ധ്യസ്ഥ സമിതിയുടെ ഇടക്കാല റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി തീരുമാനം അറിയിച്ചത്.

സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്റെ ഉള്ളടക്കം ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി മദ്ധ്യസ്ഥ സമിതിയുടെ മേധാവി ജസ്​റ്റിസ്​ എഫ്​.എം കലിഫുല്ല മദ്ധ്യസ്ഥ ശ്രമങ്ങളുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ടാണ്​ കോടതിയിൽ സമർപ്പിച്ചത്. കഴിഞ്ഞ ആഴ്​ച കേസ്​ പരിഗണിച്ച സുപ്രീംകോടതി ഒത്തുതീർപ്പ്​ ചർച്ച സംബന്ധിച്ച്​ തൽസ്ഥിതി റിപ്പോർട്ട്​ സമർപ്പിക്കാൻ സമിതിയോട്​ ആവശ്യപ്പെട്ടിരുന്നു.

മദ്ധ്യസ്ഥ ചർച്ചക്കായി റിട്ട. ജസ്റ്റിസ് ഇബ്രാഹിം കലീഫുള്ള, ശ്രീ ശ്രീ രവിശങ്കർ, അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരടങ്ങിയ സമിതിയെയാണ് സുപ്രീം കോടതി ചുമതലപ്പെടുത്തിയത്. അതേസമയം, മദ്ധ്യസ്ഥ ചർച്ച നിറുത്തി കേസിൽ കോടതി വാദം കേട്ട് തീർപ്പ് കൽപ്പിക്കണമെന്നാണ് ഹർജിക്കാരായ രാംലല്ല ഉൾപ്പടെയുള്ളവരുടെ ആവശ്യം.

ഇതുസംബന്ധിച്ച് മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി,മുരളീ മനോഹർ ജോഷി തുടങ്ങിയവരുൾപ്പെട്ട അയോദ്ധ്യ ബാബ്റി മസ്ജിദ് തകർക്കൽ കേസിൽ വിചാരണ തീർക്കാൻ ആറുമാസം കൂടി സമയം തേടി ലക്‌നൗ സി.ബി.ഐ സ്പെഷൽ കോടതി ജഡ്ജ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസിൽ വിധിപറയും വരെ കാലാവധി നീട്ടിക്കൊടുക്കുന്നത് ജൂലായ് 19നകം പരിശോധിക്കാൻ ജസ്റ്റിസ് രോഹിന്റൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടത്.

ഇതുസംബന്ധിച്ച് റായ്ബറേലി കോടതിയിലെ കേസും ലൗക്നൗവിലെ സിബി.ഐ കോടതിയിലേക്ക് മാറ്റിയിരുന്നു. ദൈനംദിനാടിസ്ഥാനത്തിൽ വാദം കേട്ട് രണ്ടുവർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് ജസ്റ്റിസുമാരായ പി.സി ഘോഷ്, ആർ.എഫ്. നരിമാൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്. കേസിൽ കുറ്റാരോപിതനായ അന്നത്തെ യു.പി മുഖ്യമന്ത്രി കൂടിയായ കല്യാൺസിംഗിന് ഗവർണർ എന്ന നിലയിൽ പദവിയൊഴിയുംവരെ ഭരണഘടനാ പരിരക്ഷയുണ്ടെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.