saravanabhavan-hotel-owne

ചെന്നൈ: കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവൻ ഹോട്ടൽ ശൃംഖല ഉടമ പി. രാജഗോപാൽ(71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് രാജഗോപാലിനെ കോടതി ശിക്ഷിച്ചത്.

ജയിലിൽവച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് മുമ്പ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിന് ശേഷം ഇദ്ദേഹത്തെ മകൻ ശരവണൻ തന്റെ പിതാവിനെ ചികിത്സയ്ക്കായി മികച്ച സ്വകാര്യാശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി അനുമതി നൽകിയതോടെയാണ് രാജഗോപാലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് രാജഗോപാൽ കീഴടങ്ങിയത്. ശിക്ഷ നടപ്പിലാക്കുന്നത് ആരോഗ്യകാരണങ്ങളാൽ നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജഗോപാൽ നൽകിയ ഹർജി ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. വിചാരണ സമയത്ത് ഉന്നയിക്കാതിരുന്ന ആരോഗ്യപ്രശ്‌നങ്ങൾ ശിക്ഷാവിധിക്ക് ശേഷം ചൂണ്ടാക്കാട്ടുന്നതിലെ നിയമസാധുത കണക്കിലെടുത്താണ് ഹർജി തള്ളിയത്. മുമ്പ് മദ്രാസ് ഹൈക്കോടതിയും രാജഗോപാലിന് ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. തുടർന്ന് 2009ൽ രാജഗോപാൽ കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയുമായിരുന്നു

ഹോട്ടൽ ജീവനക്കാരനായ പ്രിൻസ് ശാന്തകുമാറിനെ ഭാര്യയെ വിവാഹം കഴിക്കുന്നതിനായി രാജഗോപാൽ കൊലപ്പെടുത്തിയെന്നാണ് കേസ്. ശരവണഭവന്റെ ചെന്നൈ ശാഖയിൽ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകൾ ജീവജ്യോതിയെ വിവാഹം കഴിക്കാൻ രാജഗോപാൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ രാജഗോപാലിന് രണ്ടു ഭാര്യമാരുള്ളതിനാൽ ഇയാളെ വിവാഹം കഴിക്കാൻ ജീവജ്യോതി വിസമ്മതിച്ചു. 1999ൽ ഇവർ ശാന്തകുമാറിനെ വിവാഹം കഴിച്ചു. ക്രിസ്ത്യാനിയായ പ്രിൻസിന്റെയും ജീവജ്യോതിയുടേയും പ്രണയ വിവാഹമായിരുന്നു പക്ഷേ, ഇവരെ വെറുതെ വിടാൻ രാജഗോപാൽ തയ്യാറായിരുന്നില്ല.

വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാൽ ഇരുവരെയും ഭീഷണിപ്പെടുത്തിയിരുന്നു. നിരന്തര ഭീഷണിയെ തുടർന്ന് 2001ൽ ഇവർ പൊലീസിൽ പരാതി നൽകി..2001 ഒക്ടോബറിൽ ദമ്പതികളെ രാജഗോപാലിന്റെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി. വഴിയിൽ വച്ച് പ്രിൻസിനെ കൊലപ്പെടുത്തി.ശേഷം ശാന്തകുമാറിന്റെ മൃതദേഹം കൊടൈക്കനാലിലെ പെരുമാൾ മലയിലെ വനത്തിനുള്ളിൽ മറവുചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ജീവജ്യോതിയെ വിവാഹം കഴിച്ചാൽ എല്ലാ 'ഐശ്വര്യ'ങ്ങളും ഉണ്ടാകും എന്ന് ജോത്സ്യപ്രവചനമാണ് രാജഗോപാലിനെ കൊലയാളിയാക്കിയത്. രാജഗോപാലിനെതിരെ 18 വർഷമാണ് ജീവജ്യോതി നിയമയുദ്ധം നടത്തിയത്. ഇന്ത്യയിൽ മാത്രം 25ശാഖകളുള്ള ശരവണഭവൻ റെസ്റ്റോ‌റന്റിന് യു.എസ്,​ യു.കെ,​ ഫ്രാൻസ്,​ ഓസ്ട്രേലിയ അടക്കം 20 രാജ്യങ്ങളിലും സ്ഥാപനങ്ങളുണ്ട്.