ന്യൂഡൽഹി : ഗ്രാമീണ കുടുംബത്തിൽ പെട്ടവർക്ക് ഒരു വർഷത്തിൽ നൂറ് ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സർക്കാർ നിർത്തലാക്കാൻ ഒരുങ്ങുന്നതായി സൂചന. കഴിഞ്ഞ ദിവസം പാർലമെന്റിൽ കേന്ദ്ര മന്ത്രിയായ നരേന്ദ്ര സിംഗ് തോമറാണ് തൊഴിലുറപ്പ് പദ്ധതി തുടരാൻ സർക്കാരിന് താത്പര്യമില്ലെന്ന തരത്തിൽ പ്രസ്താവന നടത്തിയത്. ഗ്രാമീണ മേഖലയിൽ ദാരിദ്ര്യ നിർമ്മാർജ്ജനം മോദി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെങ്കിലും അതിനായി ദീർഘകാലത്തേയ്ക്ക് തൊഴിലുറപ്പ് പദ്ധതി തുടരാനാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ ഇതിന് പകരമായി മറ്റ് പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം ആദ്യം ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച യൂണിയൻ ബഡ്ജറ്റിൽ താഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറച്ചിരുന്നതിനെതിരെ ലോക്സഭാംഗങ്ങൾ പരാതി ഉയർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ കൂടുതൽ തുക ഇത്തവണ അനുവദിച്ചെന്നും 60000 കോടി ഇതിനായി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഒന്നാം യു.പി.എ സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്നു മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണ മേഖലയിലുള്ളവർക്ക് ഏറെ പ്രയോജനകരമായ ഈ പദ്ധതിയിലൂടെയാണ് 2009ലെ പൊതുതിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലേറാൻ യു.പി.എയ്ക്കായത്. പ്രതിപക്ഷ നേതാവടക്കം കോൺഗ്രസിന്റെ വിജയത്തിന് പിന്നിൽ ഈ പദ്ധതിയായിരുന്നു എന്ന് സമ്മതിച്ചിരുന്നു. ഒന്നാം മോദി സർക്കാരും ഈ ജനപ്രിയ പദ്ധതിയുടെ തുടർച്ചയ്ക്ക് പിന്തുണ നൽകുകയാണ് ചെയ്തത്. എന്നാൽ ദീർഘകാലത്തേയ്ക്ക് തൊഴിലുറപ്പ് പദ്ധതി തുടരാനാകില്ലെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന ആശങ്കയോടെയാണ് ഗ്രാമീണ മേഖലയിലുള്ളവർ കേൾക്കുന്നത്.