രാജ്യത്തെ അടിമുടി മാറ്റിമറിച്ച 1969 ജൂലായ് 19ലെ ബാങ്ക് ദേശസാത്കരണ നടപടിയുടെ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയാണിത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ എടുത്ത ഏറ്റവും ധീരമായ നടപടികളിലൊന്നായി ബാങ്ക് ദേശസാത്കരണം ചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ, ദേശസാത്കരണത്തിനു മുമ്പുണ്ടായിരുന്ന ആ കറുത്ത കാലഘട്ടത്തിലേക്കു മടങ്ങിപ്പോകാൻ ഇപ്പോൾ കേന്ദ്രസർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. 50 കോടിയിലധികം നിക്ഷേപ മൂലധനമുള്ള 14 ബാങ്കുകളെയാണ് ഒന്നാംഘട്ടത്തിൽ ദേശസാത്കരിച്ചത്. 1980 ഏപ്രിൽ 15നു നടന്ന രണ്ടാംഘട്ട നടപടിയിൽ 200 കോടിയിലേറെ നിക്ഷേപമുള്ള ആറ് ബാങ്കുകളെ ദേശസാത്കരിച്ചു. 1969 വരെ ഇന്ത്യയിലെ ഏക ദേശസാത്കൃത ബാങ്ക് എസ്.ബി.ഐ ആയിരുന്നു. ഇംപീരിയൽ ബാങ്കിനെ എസ്.ബി.ഐ എന്ന പൊതുമേഖലാ സ്ഥാപനമാക്കിയത് നെഹ്റുവും.
കുത്തക മുതലാളിമാരെയും വൻകിട വ്യവസായികളെയും മാത്രം പരിഗണിച്ചിരുന്ന സ്വകാര്യ കുത്തകകളുടെ കൈയിലായിരുന്ന ബാങ്കിംഗ് മേഖലയെയാണ് ഇന്ദിരാഗാന്ധി ദേശസാത്കരണത്തിലൂടെ പാവപ്പെട്ടവരുടെയും കർഷകരുടെയും വീട്ടുപടിക്കലെത്തിച്ചത്. വ്യവസായ ഭീമന്മാർ അവരുടെ ഉടമസ്ഥതയിൽ നടത്തിക്കൊണ്ടിരുന്ന ബാങ്കുകളിലൂടെ അവരുടെ വ്യവസായ താത്പര്യങ്ങൾ മാത്രം സംരക്ഷിച്ചിരുന്നത് ദേശസാത്കരണത്തിലൂടെ അവസാനിച്ചു. പകരം ജനകീയബാങ്കിംഗ് ഉയർന്നുവന്നു. രാഷ്ട്രത്തിന്റെ സമ്പാദ്യം മുൻഗണന അനുസരിച്ച് ചെലവഴിക്കാനുള്ള വഴികൾ തുറന്നു. ബാങ്കുകളും സാമ്പത്തിക സേവനങ്ങളും രാജ്യത്തിന്റെ മുക്കിലും മൂലയ്ക്കും എത്തി. ഗ്രാമങ്ങളിലെ കർഷകർക്കും ചെറുകിട സംരംഭകർക്കും കാർഷിക വായ്പകൾ ആദ്യമായി ലഭ്യമായി. കൊള്ളപ്പണക്കാർക്ക് കടിഞ്ഞാൺ വീണു.
1960 മുതൽ ബാങ്ക് ദേശസാത്കരണം കോൺഗ്രസിൽ ചർച്ചാവിഷയം ആയിരുന്നു. കോൺഗ്രസിലെ സിൻഡിക്കറ്റ് രൂപീകരണത്തിന് ഇതും കാരണമായി. ധനമന്ത്രി മൊറാർജി ദേശായി ദേശസാത്കരണത്തെ എതിർത്തപ്പോൾ, അദ്ദേഹത്തെ ധനമന്ത്രി സ്ഥാനത്തുനിന്ന് നീക്കി. ഇന്ദിരാഗാന്ധി ധനമന്ത്രിയുടെ ചുമതലകൂടി ഏറ്റെടുത്ത ശേഷമാണ് ബാങ്ക് ദേശസാത്കരണം നടപ്പാക്കിയത്. ഇന്ദിരാഗാന്ധിയെ കോൺഗ്രസിന്റെയും രാജ്യത്തിന്റെയും അനിഷേദ്ധ്യ നേതാവാക്കുന്നതിൽ ബാങ്ക് ദേശസാത്കരണം സുപ്രധാന പങ്കുവഹിച്ചു. 1969ൽ 5256 കോടി രൂപ നിക്ഷേപവും 3721 കോടി രൂപ വായ്പയും 8262 ശാഖകളും മാത്രമുണ്ടായിരുന്ന ഇന്ത്യൻ ബാങ്കുകൾ ദേശസാത്കരണത്തിനുശേഷം ചിറകുവിരിച്ചു പറക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.
2018 മാർച്ചിൽ 1,17,77,336 കോടി രൂപയുടെ നിക്ഷേപവും 89,10,967 കോടി രൂപ വായ്പയും1,40,000 ശാഖകളുമുള്ള ഭീമൻ സ്ഥാപനമായി അഭൂതപൂർവമായ വളർച്ച കൈവരിച്ചു. കാർഷികമേഖലയുടെ വളർച്ചയ്ക്കും ഭക്ഷ്യസ്വയം പര്യാപ്തതയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും തൊഴിൽലഭ്യതയ്ക്കും ദാരിദ്ര്യനിർമാർജനത്തിനും ആവശ്യമായ ധനം ലഭ്യമാക്കാൻ ബാങ്കുകൾ തയാറായി. ദേശസാത്കരണത്തിനുശേഷം നിരവധി പദ്ധതികൾ ബാങ്ക് വായ്പയിലൂടെ നടപ്പാക്കി. ആകെ വായ്പയുടെ 40ശതമാനം മുൻഗണനാ മേഖലയിലായിരിക്കണമെന്നും അതിൽ 18 ശതമാനം കാർഷിക മേഖലയിലായിരിക്കണമെന്നും നിഷ്കർഷിക്കപ്പെട്ടു. ദേശസാത്കരണത്തിനുശേഷം തുറന്ന 51,000 ബാങ്ക് ശാഖകളിൽ 34,000 ശാഖകളും ഗ്രാമീണ അർധനഗര മേഖലകളിലായിരുന്നു. നേരത്തെ ഗ്രാമങ്ങളിൽ വെറും രണ്ടു ശതമാനം ശാഖകൾ ഉണ്ടായിരുന്നത് 40 ശതമാനമായി കുതിച്ചുയർന്നു. സ്വയംതൊഴിലിനുള്ള വായ്പ, കാർഷിക- മൃഗസംരക്ഷണ വായ്പ, ദാരിദ്ര്യനിർമാർജനത്തിനും സ്വയംതൊഴിലിനും മറ്റുമുള്ള പി.എം.ആർ.വൈ, ഐ.ആർ.ഡി.പി, അന്ത്യോദയ അന്നയോജന തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പാക്കാനായത് ബാങ്കുകൾ ഉദാരമായി വായ്പ നല്കിയതു കൊണ്ടാണ്.
അരനൂറ്റാണ്ട് ഇന്ത്യയെ വളർച്ചയിലേക്കും പുരോഗതിയിലേക്കും നയിച്ച ബാങ്കുകൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പതനമാണ് സംഭവിച്ചത്. 2017-18ലെ കണക്കു പ്രകാരം ഇന്ത്യയിലെ ബാങ്കുകളുടെ ആകെ നഷ്ടം 87,357കോടി രൂപയാണ് ! 21 പൊതുമേഖലാ ബാങ്കുകളിൽ 19 ഉം കനത്ത നഷ്ടത്തിൽ ! 2014ൽ യു.പി.എ സർക്കാർ അധികാരം വിട്ടൊഴിയുമ്പോൾ എല്ലാ ബാങ്കുകളും ലാഭത്തിലായിരുന്നു എന്ന് ഓർക്കുക. 2010ൽ 39,527, 2013ൽ 50,582, 2014ൽ 1,27,653 കോടി എന്നിങ്ങനെയായിരുന്നു ബാങ്കുകളുടെ അറ്റാദായം. ഒന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷമാണ് ബാങ്കുകളിൽ കിട്ടാക്കടം കുമിഞ്ഞു കൂടിയത്. ബാങ്കുകൾ കടത്തിലാണ്ടതോടെ ജനപക്ഷ പദ്ധതികളും തകിടം മറിയുകയാണ്. മോദി സർക്കാർ ഇന്ന് ദാരദ്ര്യനിർമാർജന പദ്ധതികളിലടക്കംസബ്സിഡി വെട്ടിക്കുറച്ചു. മുൻഗണനാ വായ്പയിൽ കാര്യമായ വെള്ളം ചേർത്തു.
ഇന്ത്യയിലെ ജനകീയ ബാങ്കിംഗ് എന്ന ആശയം തന്നെ കുഴിച്ചുമൂടാനുള്ള പുറപ്പാടിലാണ് വലതുപക്ഷ സാമ്പത്തിക സൈദ്ധാന്തികരും അവർക്കു കുടചൂടുന്ന വലതുപക്ഷ കക്ഷികളും. ബാങ്ക് ദേശസാത്കരണത്തെ അന്ന് എതിർത്ത രണ്ടു കക്ഷികൾ വലതു പിന്തിരിപ്പൻ സ്വതന്ത്രാപാർട്ടിയും ജനസംഘവുമായിരുന്നു. സാക്ഷാൽ അടൽ ബിഹാരി വാജ്പേയ് അദ്ധ്യക്ഷനായ ജനസംഘം അന്ന് ദേശസാത്കരണത്തെ ശക്തമായി എതിർത്ത് രംഗത്ത് വന്നു. തങ്ങൾ അധികാരത്തിലേറിയാൽ ബാങ്ക് ദേശസാത്കരണം റദ്ദാക്കുമെന്ന് 1971ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ അവർ എഴുതിവച്ചു. ബി.ജെ.പിയുടെ ആദിമരൂപമായ ജനസംഘത്തിൽ നിന്ന് അവർ ഇനിയും മുന്നോട്ടു പോയില്ലെന്നാണ് അവരുടെ ഓരോ പ്രവൃത്തിയും വ്യക്തമാക്കുന്നത്. ഇപ്പോൾത്തന്നെ സ്വകാര്യ ബാങ്കുകളിൽ 74 ശതമാനം വരെ വിദേശമൂലധനം ആകാമെന്നാണു നിയമം. സ്വകാര്യവത്കരണത്തോടെ പൊതുമേഖലാബാങ്കുകൾ വിദേശികളുടെ കൈകളിലെത്തും. അപ്പോൾ ബാങ്ക് നിക്ഷേപങ്ങൾ സുരക്ഷിതമല്ലാതാകും. സർക്കാരിന്റെ മുൻഗണനാ പദ്ധതികൾ ഇല്ലാതാകും. ജനകീയ ബാങ്കിംഗിനു ചരമഗീതം ഉയരും.
( ലേഖകൻ കെ.പി.സി.സി പ്രസിഡന്റാണ് )