നാടിന്റെയും ജനങ്ങളുടെയും ദൈനംദിന ജീവിതാഭിവൃദ്ധി നിർണയിക്കുന്ന സുപ്രധാന സംരംഭങ്ങളാണ് ബാങ്കുകൾ. ജനങ്ങളുടെ സമ്പാദ്യത്തെ, നാളത്തെ ജീവിതവരുമാന സ്രോതസാക്കാൻ കഴിയുന്ന ശക്തമായ വിത്ത് ധാന്യമാണ് ബാങ്ക് വായ്പകൾ. ആ രൂപത്തിൽ മനുഷ്യജീവിതത്തിന്റെ സമൃദ്ധിയും മരവിപ്പും നിർണയിക്കാൻ കഴിയുന്ന സ്ഥാപനങ്ങളായ ബാങ്കുകളുടെ നിയന്ത്രണവും ഉടമസ്ഥാവകാശവും ആരുടെ കൈവശമെന്നത് നിർണായകമാവുകയാണ്. ഇന്ത്യൻ ബാങ്കുകളുടെ ശക്തമായ പൊതുമേഖലാ സാന്നിദ്ധ്യം കൊണ്ടാണ് 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനായത്. അതിനെയൊക്കെ വിസ്മൃതിയിലാക്കിക്കൊണ്ടാണ് സ്വകാര്യ മേഖലയിൽ പേമെന്റ് ബാങ്കുകളും സ്മോൾ ബാങ്കുകളും പൈപ്പിലൂടെ വെള്ളമൊഴുകുന്ന മട്ടിൽ അനുവദിച്ചു കൊണ്ടിരിക്കുന്നത്. മറുഭാഗത്താകട്ടെ,പൊതുമേഖലാ ബാങ്ക് ഓഹരികൾ വിറ്റഴിച്ചും ബാങ്ക് ലയനങ്ങൾ വ്യാപകമാക്കിയും ദേശസാത്കൃത ബാങ്കുകളുടെ ബാഹ്യസാന്നിദ്ധ്യവും ആന്തരിക വിശുദ്ധിയും ഒരുപോലെ ക്ഷയിപ്പിക്കുകയും ചെയ്യുന്നു. പുതുതായി വരുന്ന ധനകാര്യ സ്ഥാപനങ്ങളാകട്ടെ സ്വകാര്യമേഖലയിൽ മാത്രമാണുള്ളത്. ബാങ്കിംഗ് മേഖലയിൽ 10 സ്മോൾ ഫിനാൻസ് ബാങ്കുകളും ഏഴ് പേമെന്റ് ബാങ്കുകളും ചരടില്ലാത്ത പട്ടം കണക്കെയാണ് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
ടെക്നോളജി മനുഷ്യനെ
നിയന്ത്രിക്കുന്നു
നിക്ഷേപം സ്വീകരിച്ച്, വായ്പകൾ നൽകി സമ്പദ്ഘടനയുടെ ചാലകശക്തിയായി വർത്തിക്കുന്ന സാമ്പ്രദായിക രീതിയിൽ നിന്നുമാറി പണം കൈമാറാൻ ബാങ്കുകൾ തന്നെ ആവശ്യമില്ല എന്ന വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു. ബാങ്കിംഗ് പ്രവൃത്തികളിൽ ശാസ്ത്രസാങ്കേതിക വിദ്യകളുടെ പ്രയോഗം ഉച്ചസ്ഥായിയിലാണിന്ന്. ഫിനാൻസും ശാസ്ത്രസാങ്കേതിക വിദ്യയും ചേർന്ന് രൂപം കൊടുത്തിട്ടുള്ള ഫിൻടെക് കമ്പനികൾ ബാങ്കിംഗ് പ്രവൃത്തികൾ ഒന്നൊന്നായി കൈവശപ്പെടുത്തി വരികയാണ്. ഗൂഗിളും യൂബറും ആമസോണും നിത്യജീവിതത്തിലെ പരിചിത പ്രയോഗങ്ങളായി മാറുന്നത് തികച്ചും യാന്ത്രികമായിട്ടാണ് എന്ന പരിമിതിയും നിലനിൽക്കുന്നു. മാത്രവുമല്ല, ഈ സ്ഥാപനങ്ങളൊന്നും റിസർവ് ബാങ്കിന്റെ കീഴിൽ വരുന്നവയല്ല. മൊബൈലും ഇന്റർനെറ്റും മുഖാന്തരം പണം കൈമാറ്റം നടത്തുന്ന 1218 കമ്പനികളിലൂടെ 1,10,000 കോടി രൂപയുടെ ഇടപാടുകളാണ് 2017-18 ൽ മാത്രം നടന്നിട്ടുള്ളത്. കറൻസി ഉപയോഗം കുറയ്ക്കാനുള്ള ഉപാധിയെന്ന നിലയ്ക്കാണ് ഇത്തരം നൂതന സങ്കേതങ്ങളെ പ്രോത്സാഹിപ്പിച്ചു വരുന്നത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് വർഷത്തിൽ ഒരു കോടിയിലധികം തുക പണമായി പിൻവലിച്ചാൽ രണ്ട് ശതമാനം തത്സമയ നികുതി (ഒരു കോടി രൂപയ്ക്ക് രണ്ട് ലക്ഷം രൂപ വീതം) ഏർപ്പെടുത്തിയിട്ടുള്ള കേന്ദ്രബഡ്ജറ്റ് നിർദ്ദേശം ഫിൻ ടെക് കമ്പനികൾക്ക് ആവേശമുണ്ടാക്കുന്നതാണ്. സാമ്പത്തികരംഗത്ത് തികഞ്ഞ അരാജകത്വം ഉരുണ്ടുകൂടുമെന്നും തീർച്ച. പാസ്വേഡ് ക്രമക്കേടുകൾ, എ.ടി.എം. തട്ടിപ്പുകൾ, ഇന്റർനെറ്റ് തിരിമറികൾ തുടങ്ങിയ ദുരനുഭവങ്ങളുടെ ആധിക്യവും ഇത്തരുണത്തിൽ ചേർത്തു വായിക്കേണ്ടതാണ്. ജീവിതാഭിവൃദ്ധിയുടെ ക്രമാനുഗത വളർച്ചയുടെ ഭാഗമായുള്ള ടെക്നോളജിയുടെ പ്രയോഗത്തിനു പകരം, യുദ്ധകാല ആവശ്യം പോലെ ഡിജിറ്റലൈസേഷൻ അടിച്ചേൽപ്പിക്കുന്നതിനാലാണ്, സാധാരണക്കാർക്ക് റാഗിംഗ് സമാന പരിഭ്രാന്തി അനുഭവപ്പെടുന്നത്. നാടിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെ വായിക്കാതെ വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ ജീവിത സൗകര്യങ്ങളും സുഖലോലുപതയും മാത്രം കേന്ദ്രലക്ഷ്യമായി തീരുന്നതിന് നാം വലിയ വിലകൊടുക്കേണ്ടി വരും.
കിട്ടാക്കടം പിരിച്ചതിന്റെ
പിന്നാമ്പുറം
ബാങ്ക് കിട്ടാക്കടത്തിലെ 88 ശതമാനം തുകയും അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ളവരുടേതാണ്. 95 വലിയ വായ്പക്കാരുടെ കിട്ടാക്കട തുക 5,57,110 കോടി രൂപയാണ്. അവരുടെ ആസ്തികൾ പിടിച്ചെടുക്കാൻ നിയമമുണ്ടെങ്കിലും ഭരണാധികാരികൾക്ക് ആത്മാർത്ഥതക്കുറവുണ്ട്. അതുകൊണ്ട് തന്നെ ചെറുകിട വായ്പക്കാരുടെ കുടിശ്ശികയിൽ കുതിരകയറ്റം നടക്കുമെങ്കിലും വൻ കുത്തകകളുടെ കാര്യം വരുമ്പോൾ മെല്ലെപോക്ക് നയമാണ് അനുവർത്തിക്കാറുള്ളത്. 2017 ൽ 2.53 ലക്ഷം കോടി രൂപ കുടിശികയുള്ള 12 കുത്തകളുടെ പേര് വിവരം റിസർവ് ബാങ്ക് പുറത്തുവിടുകയുണ്ടായി. അതിശക്തമായ പാപ്പർ നിയമപ്രകാരം ഒരു ലക്ഷം കോടി രൂപയുടെ കിട്ടാക്കടം കുറയ്ക്കാൻ കഴിഞ്ഞു എന്നുള്ളതാണല്ലോ കേന്ദ്രബഡ്ജറ്റിലെ ആവേശ പ്രസംഗം. എന്നാൽ, ഒരു ലക്ഷം കോടി രൂപ കുറഞ്ഞപ്പോൾ ബാങ്കുകൾക്കുണ്ടായ നഷ്ടത്തെക്കുറിച്ച് പരാമർശിക്കാത്തതാണ് കണക്കു വായനയിലെ കാപട്യം. ഐ.ബി.സി നിയമപ്രകാരം കുടിശിക പിടിച്ചെടുക്കുമ്പോൾ കുത്തകകൾക്ക് വമ്പൻ ആനുകൂല്യങ്ങളും ഇളവുകളുമാണ് നൽകിക്കൊണ്ടിരിക്കുന്നത്. ബാങ്ക് കിട്ടാക്കടത്തിന്റെ പ്രഭവകേന്ദ്രമെന്നത് വായ്പ അനുവദിക്കുന്നതിൽ അവലംബിക്കുന്ന സമ്പന്ന പക്ഷപാതിത്വമാണ്. വായ്പാ നയത്തിൽ ചെറുകിട വായ്പകളുടെ അനുപാതം നിർബന്ധിതമായി ഉയർത്തിക്കൊണ്ടുവരിക എന്നതാണ് ഏക പരിഹാര മാർഗം.
ഇന്ത്യൻ ബാങ്കിംഗ്
വ്യവസ്ഥ പരിധിക്ക് പുറത്ത്
128 ലക്ഷം കോടി രൂപ നിക്ഷേപവും 96 ലക്ഷം കോടി രൂപ വായ്പയുമുള്ള ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥ അനന്യമായ വിഭവ സ്രോതസിന്റെ മഹാപർവതമാണ്. ഈ സമ്പത്തിന്റെ വിനിയോഗ രീതിയാണ് ഇന്ത്യൻ ജനജീവിതത്തിന്റെ ദിശയും ഘടനയും നിർണയിക്കുക. 1969 ലെ ബാങ്ക് ദേശസാത്കരണ കാഴ്ചപ്പാട് പ്രദാനം ചെയ്ത വിശ്വസനീയതയും സർക്കാർ പരിരക്ഷയുമാണ് ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് ജനമനസുകളിൽ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത്. എന്നാൽ, ഉയരങ്ങൾ കീഴടക്കിയതോടെ, വന്ന വഴി മറന്നുകൊണ്ട് പൊതുമേഖലയെ ഇകഴ്ത്തിപ്പറയുകയും സമ്പത്തിന്റെ നിറകുടങ്ങളെ സ്വകാര്യ വിദേശകരങ്ങളിലേക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. ചെറുകിട വായ്പകൾ ഇല്ലാതായതും, സർചാർജുകൾ പെരുകുന്നതും, ദുർബലരോടുള്ള അസഹിഷ്ണുതയും ഈ മനോഭാവമാറ്റത്തിന്റെ പ്രതിഫലനങ്ങളാണ്.
(ലേഖകൻ ബെഫി സംസ്ഥാന പ്രസിഡന്റാണ് ഫോൺ : 9447268172)