കൊച്ചി: ആന്തൂരിൽ ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ കെട്ടിട നിർമ്മാണം ചട്ടം ലംഘിച്ചെന്ന് സർക്കാർ ഹെെക്കോടതിയിൽ വ്യക്തമാക്കി. അംഗീകരിച്ച പ്ലാൻ അനുമതിയില്ലാതെ മാറ്റിയെന്നും കോൺക്രീറ്റ് തൂണുകൾക്കും സ്ലാബുകൾക്കും പകരം ഉരുക്കു തൂണും ഷീറ്റും ഉപയോഗിച്ചെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ, മാറ്റങ്ങൾ വരുത്തിയത് നഗരസഭയെ അറിയിച്ചില്ലെന്നും ജനം കൂടുന്ന സ്ഥലമായതിനാൽ നഗരസഭ ജാഗ്രതയോടെ പ്രവർത്തിച്ചെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, കൺവൻഷൻ സെന്ററിന് ആന്തൂർ നഗരസഭയിൽ നിന്ന് അനുമതി വൈകിയതിലെ വിഷമമാണു സാജന്റെ ആത്മഹത്യയ്ക്കു കാരണമെന്നു കണ്ടെത്തിയതായി അന്വേഷണ സംഘത്തലവൻ ഡി.വൈ.എസ്.പി വി.എ.കൃഷ്ണദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആരെയെങ്കിലും പ്രതിചേർക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നും മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അന്വേഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കുടുംബപ്രശ്നമാണു സാജന്റെ മരണത്തിനു കാരണമെന്ന തരത്തിൽ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണു ഡി.വൈ.എസ്.പിയുടെ പ്രതികരണം.