ഹേഗ്: കുൽഭൂഷൺ ജാദവിന്റെ കാര്യത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച വിധിയിൽ ഇന്ത്യ ആഹ്ലാദം പ്രകടിപ്പിപ്പിക്കുമ്പോഴും വിധി തങ്ങൾക്ക് അനുകൂലം എന്ന മട്ടിലാണ് പാകിസ്ഥാൻ പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യൻ വാർത്താമാദ്ധ്യമങ്ങൾ പറയുന്നതിൽ നിന്നും വിഭിന്നമായി മറ്റൊരു ചിത്രമാണ് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ പുറത്ത് വിടുന്നത്. 'കുൽഭൂഷൺ ജാദവിനെ വെറുതെ വിടാനുള്ള ഇന്ത്യൻ ഹർജി അന്താരാഷ്ട്ര കോടതി തള്ളി' എന്നാണ് പാകിസ്ഥാൻ ടുഡേ വാർത്താ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തത്. യാദവിനെ കുറ്റാരോപിതനാക്കിയതും അദ്ദേഹത്തിന് വധശിക്ഷ വിധിച്ചതും വിയന്ന കൺവെൻഷൻ നിയമങ്ങൾക്ക് വിരുദ്ധമായാണ് എന്നും ഇന്ത്യൻ ആരോപണവും, യാദവിനെ പുറത്തിറക്കാനുള്ള ഇന്ത്യയുടെ എല്ലാ ശ്രമങ്ങളേയും കോടതി തള്ളിക്കളഞ്ഞുവെന്നും പാകിസ്ഥാൻ ടുഡേ തങ്ങളുടെ വാർത്തയിൽ പറയുന്നു. യാദവിനെ ശിക്ഷിച്ചത് വിയന്ന കൺവെൻഷൺ നിയമങ്ങൾക്ക് വിരുദ്ധവുമായാണെന്ന് ഇന്ത്യ കോടതിയെ ധരിപ്പിച്ചിരുന്നു.
പാകിസ്ഥാൻ പത്രമായ ദ എക്സ്പ്രസ്സ് ട്രിബ്യുണും ഇക്കാര്യത്തിൽ 'ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും നശിച്ചു' എന്നാണ് വാർത്ത കൊടുത്തത്. യാദവിനെ ശിക്ഷിച്ച പാകിസ്ഥാനിലെ പട്ടാളകോടതികൾക്ക് അനുകൂലമായാണ് അന്താരാഷ്ട്ര കോടതിയുടെ വിധി വന്നതെന്നും എക്സ്പ്രസ്സ് ട്രിബ്യുൺ പറയുന്നു. ജാദവിനെ കോടതി വെറുതെ വിട്ടില്ലെന്നും കേസിൽ പുനർവിചാരണ നടത്തണമെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് മറ്റൊരു പാക് പത്രമായ ദ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പാകിസ്ഥാൻ വിയന്ന കൺവെൻഷൻ നിയമം ലംഘിച്ചുവെന്ന് പത്രം സമ്മതിക്കുന്നുണ്ട്. യാദവിനെ കോടതി മോചിപ്പിച്ചില്ലെന്നും പക്ഷെ ശരിയായ നിയമ മാർഗം തേടാൻ കോടതി അദ്ദേഹത്തെ അനുവദിച്ചുവെന്നും പാക് പത്രം ദ ഡോൺ പറയുന്നു. പാകിസ്ഥാനാണ് ഈ വിഷയത്തിൽ ജയം നേടിയതെന്നും പത്രം പ്രത്യേകം പറയുന്നുണ്ട്.
പാകിസ്ഥാൻ സർക്കാരിന്റെ ട്വിറ്റർ ഹാൻഡിലും കോടതി വിധി 'പാകിസ്ഥാന്റെ വൻ വിജയം' എന്ന രീതിയിലാണ് പ്രതികരിച്ചത്. വിഷയത്തിൽ പാകിസ്ഥാൻ സർക്കാരിനെ പരിഹസിച്ചുകൊണ്ട് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇംഗ്ളീഷിലായത് കൊണ്ടാണ് പാകിസ്ഥാന് മനസിലാകാതെ പോയതെന്നും അതുകൊണ്ടാണ് അവർ വാർത്ത തെറ്റായി പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു സിംഗിന്റെ പരിഹാസം.
എന്നാൽ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പാകിസ്ഥാൻ പത്രങ്ങളിൽ നിന്നും വ്യത്യസ്തമായാണ് വിധിയുടെ വാർത്തകൾ കൊടുത്തത്. ജാദവിന് വധശിക്ഷ കൊടുത്തു കൊണ്ടുള്ള പാകിസ്ഥാൻ കോടതികളുടെ വിധിയെ അന്താരാഷ്ട്ര കോടതി തള്ളിയതിനെ കുറിച്ചും, വിധി പാകിസ്ഥാൻ പുനഃപരിശോധിക്കണമെന്ന് കോടതി പറഞ്ഞതിനെ കുറിച്ചുമാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വാർത്ത നൽകിയത്. 'ചാരവൃത്തിക്ക് അറസ്റ്റിലായ ഇന്ത്യക്കാരന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന് പാകിസ്ഥാനോട് ഐ.സി.ജെ' എന്നാണ് അമേരിക്കൻ പത്രമായ ദ ന്യൂ യോർക്ക് ടൈംസ് വാർത്ത നൽകിയത്.
'ഇന്ത്യൻ ചാരനെ വധശിക്ഷയിൽ നിന്നും രക്ഷിച്ച് അന്താരാഷ്ട്ര കോടതി' എന്ന് അമേരിക്കയുടെ തന്നെ പത്രമായ വാഷിംഗ്‌ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്തു. 'ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ഇന്ത്യൻ പൗരന് വധശിക്ഷ നൽകരുതെന്ന് ഐ.സി.ജെ'. ബ്രിട്ടീഷ് പത്രമായ ദ ഗാർഡിയനും പറയുന്നു. അതേസമയം തന്നെ അറബ് മാദ്ധ്യമങ്ങളായ ഗൾഫ് ന്യൂസും, ഖലീജ് ടൈംസും ഇന്ത്യക്ക് അനുകൂലമായി തന്നെ വാർത്ത നൽകി. പാകിസ്ഥാനോട് വിധിയിൽ പുനഃപ്പരിശോധന വേണമെന്ന് കോടതി പറഞ്ഞതിനും, വധശിക്ഷ ഒഴിവാക്കിയതിനുമാണ് അറബ് മാദ്ധ്യമങ്ങൾ ശ്രദ്ധ നൽകിയത്.
ഇന്ത്യയുടെ മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ ചാരവൃത്തി നടത്തിയെന്നാരോപിച്ച് വധശിക്ഷ നൽകുന്നത് ഇന്നലെയാണ് ഹേഗിലെ അന്താരാഷ്ട്ര കോടതി തടഞ്ഞത്. അദ്ദേഹത്തിന് വധശിക്ഷ നൽകാനുള്ള തീരുമാനം പാകിസ്ഥാൻ പുനഃപരിശോധിക്കണമെന്നും ജാദവിന് നീതിപൂർണമായ വിചാരണ നൽകണമെന്നും കോടതി പറഞ്ഞിരുന്നു. ജാദവിനായി രണ്ടുവർഷത്തോളമായി ഇന്ത്യ നടത്തുന്ന നിയമപോരാട്ടത്തിന്റെ വിജയമായിരുന്നു ഇന്നലെ വന്ന കോടതിയുടെ ഉത്തരവ്.
എന്നാൽ കുൽഭൂഷൺ ജാദവിനെ മോചിപ്പിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി അനുവദിച്ചില്ലെന്ന് കാണിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത് വന്നിരുന്നു. കുൽഭൂഷൺ ജാദവിനെ 'കുറ്റവിമുക്തനാക്കാത്ത, ജയിലിൽ നിന്നും മോചിപ്പിക്കാത്ത, ഇന്ത്യയ്ക്ക് തിരികെ ഏൽപ്പിക്കാത്ത' കോടതിയുടെ തീരുമാനത്തെ താൻ അംഗീകരിക്കുന്നതായാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. കുൽഭൂഷണിന്റെ വധശിക്ഷ നടപ്പാക്കുന്നത് ശരിയായ നടപടി തന്നെയാണെന്നും കേസിൽ വിചാരണ തുടരുമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്റർ വഴിയാണ് ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്.