മുംബയ്: വിജയങ്ങൾ മാത്രമല്ല, ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നത് വിജയത്തേക്കാൾ തിളക്കമേറിയ ചില പരാജയങ്ങൾ ആരാധക ഹൃദയങ്ങളിൽ ചിലരെ ചാമ്പ്യന്മാരാക്കും. അതാണ് ലോകകപ്പിൽ കിവീസ് ഉയർത്തിക്കാട്ടിയത്. ഇപ്പോഴിതാ ന്യൂസിലൻഡ് ടീമിനെയും നായകനെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ സച്ചിൻ തെൻഡുൽക്കർ.
‘എല്ലാവരാലും നിങ്ങളുടെ കളി അഭിനന്ദിക്കപ്പെടും. മികച്ച ക്രിക്കറ്റാണ് നിങ്ങൾ ലോകകപ്പിലുടനീളം കാഴ്ചവച്ചത്.’- പ്ലയർ ഓഫ് ദ ടൂർണണമെന്റ് പുരസ്‌കാരം കിവീസ് നായകൻ കേൻ വില്യംസണിന് സമ്മാനിച്ചുകൊണ്ട് സച്ചിൻ പറഞ്ഞത് ഇതായിരുന്നു. ഒരു സൂപ്പർ ഓവർ കൂടി കളിക്കുകയായിരുന്നു നല്ലത് എന്നാണ് തനിക്ക് തോന്നിയതെന്നും ബൗണ്ടറികളുടെ എണ്ണം മാനദണ്ഡമാക്കിയത് ശരിയായില്ലെന്നും സച്ചിൻ പറഞ്ഞു.
‘ശാന്തമായി നിൽക്കുക, അത് തുടരാൻ കഴിയുക എന്നതാണ് വില്യംസണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു സാഹചര്യത്തിലും അദ്ദേഹം നിയന്ത്രണം നഷ്ടപ്പെട്ട് പെരുമാറുന്നില്ല. അദ്ദേഹത്തിന് ലോകകപ്പ് നേടാനാകാത്തത് നിർഭാഗ്യമാണ്. പക്ഷെ അദ്ദേഹത്തിന്റെ മുഖത്ത് അതൊന്നും പ്രകടമല്ല‘-സച്ചിൻ പറഞ്ഞു. കൂടാതെ തീർത്തും വ്യത്യസ്തമായ രീതിയിലാണ് വില്യംസൺ കളിയെ സമീപിക്കുന്നത്. കുറഞ്ഞ സ്‌കോർ പ്രതിരോധിക്കുമ്പൾ അദ്ദേഹം ചെയ്യുന്ന ഫീൽഡിംഗ് വിന്യാസം, ബൗളിംഗ് മാറ്റങ്ങൾ ഇവയെല്ലാം വിവരണാതീതമാണ്. സെമിയിൽ ഒരുവശത്ത് ജഡേജ അടിച്ചുതകർക്കുമ്പോഴും അദ്ദേഹം ശാന്തമായി ചിരിച്ചുനിൽക്കുകയായിരുന്നു-അദ്ദേഹം പറഞ്ഞു.
സച്ചിൻ തിരഞ്ഞെടുത്ത ലോകകപ്പ് ഇലവനിൽ നായകനായി ഇടം നേടിയത് വില്യംസണായിരുന്നു. സമ്മാനദാനചടങ്ങിൽ ഐ.സി.സിയുടെ നിയമത്തിനെതിരെ സച്ചിൻ ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് വിമർശനവുമായി രംഗത്തെത്തിയിരുന്നു. നേരത്തെ യുവരാജ് സിംഗ്, ഗൗതം ഗംഭീർ, രോഹിത് ശർമ്മ എന്നിവരും ഐ.സി.സിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ലോഡ്സിൽ നടന്ന ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 241റൺസ് നേടിയിരുന്നു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടും 50 ഓറിൽ 241/10 എന്ന നിലയിൽ സമനിലപിടിച്ചതിനെ തുടർന്നാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയത് 15 റൺസ്. മറുപടിക്കിറങ്ങിയ ന്യൂസിലൻഡും 15 റൺസ് നേടിയതോടെ മത്സരത്തിൽ ഏറ്റവും കൂടുതൽ ഫോറടിച്ച ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു.
എന്നാൽ, നിശ്ചിത ഓവറുകൾക്കും സൂപ്പർ ഓവറിനും വേർതിരിക്കാനാവാത്ത ലോകകപ്പ് ഫൈനലിന് ബൗണ്ടറി കെട്ടി ജേതാക്കളെ തിരിച്ചപ്പോൾ ഏറെ സങ്കടപ്പെട്ടതും കേൻ വില്യംസണാണ്. എന്നാൽ തോൽവിയെ വളരെ പക്വതയോടെയാണ് വില്യംസൺ നേരിട്ടത്. റണ്ണർ അപ്പുകൾക്കുള്ള സമ്മാനം വാങ്ങി മടങ്ങുന്നതിനു മുമ്പും നാട്ടിലെത്തിക്കഴിഞ്ഞുമുള്ള പ്രതികരണങ്ങളിൽ തങ്ങൾ തോറ്റിട്ടില്ല എന്നുതന്നെ ഉറപ്പിച്ചു പറയുന്ന വില്യംസൺ പക്ഷേ, ലോകകപ്പിനെക്കുറിച്ച് പരാതികളൊന്നും പറയുന്നില്ല. തങ്ങൾക്ക് അനുകൂലമായി ഉയരുന്ന ആരോപണങ്ങളൊന്നും ഏറ്റുപിടിച്ച് വിവാദമുണ്ടാക്കുന്നുമില്ല.