kumaraswamy

ബംഗളൂരു: കർണാടകയിൽ അരങ്ങേറുന്ന രാഷ്ട്രീയ പ്രതിസന്ധി ക്ലൈമാക്‌സിലേക്ക്. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ കുമാരസ്വാമി മന്ത്രിസഭ ഇന്ന് നിലംപതിക്കും. വിശ്വാസവോട്ടിൽ പങ്കെടുക്കാൻ എം.എൽ.എമാരെ നിർബന്ധിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് കോൺഗ്രസ് - ദൾ സഖ്യത്തിന് തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം,​ സർക്കാരിനെതിരെ വിമതർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭയിൽ പറഞ്ഞു. ബി.ജെ.പിയുടെ പിന്തുണ അവർക്കുണ്ട്. കുതിരക്കച്ചവടമാണ് നടന്നത്. സഖ്യസർക്കാരിനെ താഴെയിറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സഖ്യം നിലനിൽക്കുന്നതിനേക്കാൾ പ്രധാനം ഗൂഢാലോചന പുറത്തുകൊണ്ടുവരികയാണെന്നും കുമാരസ്വാമി വ്യക്തമാക്കി.

15 വിമത എം.എൽ.എമാരടക്കം സഭാ നടപടികളിൽ നിന്ന് വിട്ടുനിൽക്കുന്നത് 21 പേർ. 2 സ്വതന്ത്രർ, കോൺഗ്രസിന്റെ നാഗേന്ദ്ര റെഡ്ഡിയും ശ്രീമന്ത് പാട്ടീലും ഒരു ബി.ജെ.പി എം.എൽ.എ എന്നിവർ സഭയിലെത്തിയിട്ടില്ല. അതേസമയം,​ തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഒറ്റ വരിയിൽ മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ തനിക്ക് സാധിക്കും. കോടതിക്കെതിരെ ഒരു വാക്ക് പോലും ഞാൻ പറയില്ല. സർക്കാരിനെ താഴെയിറക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഏത് വെല്ലുവിളി നേരിടാനും തയ്യാറാണെന്ന് കുമാര സ്വാമി പറഞ്ഞു.

ഇതിനിടെ വിശ്വാസ പ്രമേയവും വോട്ടെടുപ്പ് പ്രക്രിയയകളും ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കണമെന്ന് ബി.ജെ.പി നേതാവ് യെദ്യൂരപ്പ സ്പീക്കറോട് ആവശ്യപ്പെട്ടു. വിശ്വാസ പ്രമേയത്തിലുള്ള വാദപ്രതിവാദങ്ങൾ കർണാകട വിധാൻ സൗധയിൽ തുടരുകയാണ്.