university

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തുമായി ബന്ധപ്പെട്ട് പരീക്ഷ ഉത്തരക്കടലാസ് ചോർന്ന സംഭവം കേരള സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും. ശിവരഞ്ജിതിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് കേരള സർവകലാശാലയുടെ ഉത്തരക്കടലാസ് തന്നെയാണെന്നും ഇത് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് തന്നെയാണ് വന്നതെന്നും അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. പരീക്ഷയുടെ കൺട്രോളർ ഇത് സംബന്ധിച്ച് സിൻഡിക്കേറ്റിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഈ ഉത്തരകടലാസുകൾ യൂണിവേഴ്സിറ്റി കോളേജിന് സർവകലാശാല നൽകിയതാണ്. ഇതാണ് ശിവരഞ്ജിതിന്റെ വീട്ടിൽ എത്തിയത്. 320, 548 എന്നീ നമ്പറുകളിലുള്ള ഉത്തരകടലാസുകൾ 1/4/2015, 5/11/2015, എന്നീ തീയതികളിലും, 359, 467 എന്നീ നമ്പറുകളിലുള്ള ഉത്തരക്കടലാസുകൾ 1/4/2016 എന്ന തീയതിയിലും യൂണിവേഴ്സിറ്റി കോളേജ് അധികൃതർ കൈപറ്റിയതാണെന്നും കണ്ടെത്തി. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് റൂമിൽ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകളിലെ പരിശോധന നടന്നുവരികയാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ തന്നെയാണ് സിൻഡിക്കേറ്റ് ഉപസമിതിയുടെ തീരുമാനം.


ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കേരള സർവകലാശാലാ പരീക്ഷയ്‌ക്ക് ഉത്തരം എഴുതാനുള്ള 180 ഓളം അഡിഷണൽ ഷീറ്റുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലും പൊലീസ് പിടിച്ചെടുത്തിരുന്നു. യൂണിവേഴ്‌സിറ്റിയുടെ സീൽ പതിച്ച പതിനാറ് ബുക്ക്ലെറ്റ് ഉത്തരക്കടലാസുകളാണ് പൊലീസ് കണ്ടെത്തിരുന്നത്. ഒരു ബുക്ക്ലെറ്റിൽ രജിസ്റ്റർ നമ്പർ എഴുതുന്ന ഒന്നാം പേജ് അടക്കം പതിനൊന്ന് കടലാസുകളാണുള്ളത്. ഇവയെല്ലാം കൂടി ആകെ 350 ഓളം പേജ് വരും. നിയമപ്രകാരം പരീക്ഷാ ഹാളിൽ മാത്രം ഉപയോഗിക്കേണ്ട ഉത്തരക്കടലാസുകളാണിവ. ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ റൗണ്ട് ഓഫീസ് സീലാണ് ശിവരഞ്ജിതിന്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത്.