vt-balram

തിരുവനന്തപുരം: വി.ടി ബൽറാം എം.എൽ.എയെ സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിന് മുന്നിൽ പൊലീസുകാർ തടഞ്ഞു. യു.ഡി.എഫ് എം.എൽ.എമാരുടെ സമരത്തിൽ പങ്കെടുത്ത ശേഷം സെക്രട്ടേറിയറ്റിന് അകത്തേക്ക് കയറാനാണ് എം.എൽ.എ എത്തിയത്. അകത്തേക്ക് കടത്തി വിടാത്തതിൽ തുടർന്ന് എം.എൽ.എയും കോൺഗ്രസ് പ്രവർത്തകരും സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസിനെതിരെ യൂത്ത് കോൺഗ്രസ്-കെ.എസ്‍.യു പ്രവ‌ർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ എം.എൽ.എയെയും സ്റ്റാഫിനെയും പൊലീസ് സൗത്ത് ഗേറ്റ് വഴി തന്നെ അകത്തേക്ക് കയറ്റി വിട്ടു.

യു.ഡി.എഫ് എം എൽമാരുടെ സമരം ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉണ്ടായിരുന്നു. ഇതിനു ശേഷം സെക്രട്ടേറിയറ്റിനകത്ത് കടക്കാൻ ശ്രമിച്ച എം.എൽ.എയെ പൊലീസുകാർ തടയുകയായിരുന്നു. മൂന്ന് മണി മുതലാണ് സൗത്ത് ഗേറ്റ് വഴി പ്രവേശനം അനുവദിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസുകാർ എം.എൽ.എയെ തടഞ്ഞത്. തുടർന്നാണ് സമരം ചെയ്തുകൊണ്ടിരുന്ന കെ.എസ്.യു പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഗേറ്റിന് മുന്നിൽ മുദ്രാവാക്യവിളിയുമായെത്തിയത്. യൂണിവേഴ്സിറ്റി കോളേജ് പ്രശ്നവും പ്രതിഷേധവും കാരണം കടുത്ത സുരക്ഷയാണ് സെക്രട്ടേറിയറ്റ് പരിസരത്ത് ഏ‌ർപ്പെടുത്തിയിരിക്കുന്നത്.