369 രജിസ്ട്രേഷൻ നമ്പരുള്ള കാറുകൾ കണ്ടാൽ വാഹനങ്ങളൊന്ന് ബ്രേക്കിടും.എവിടെ കണ്ടാലും താരാരാധനയോടെ നോക്കി നിൽക്കും. കുതിച്ചു പായുന്ന കാറിന്റെ സാരഥി മെഗാസ്റ്റാറാണോയെന്ന് അറിയാനാണ് ഈ തുറിച്ചുനോട്ടം. മമ്മൂട്ടി എന്ന താരരാജാവിനെ പോലെ പരിചിതമാണ് മമ്മൂട്ടിയുടെ കാറുകളും അവയുടെ നമ്പരുകളും.കാർ മാത്രമല്ല, കാരവനായാലും നമ്പരിൽ മാത്രം മാറ്റമില്ല . 369. ലാൻഡ് ക്രൂസറാണ് മമ്മൂട്ടിയുടെ പുതിയ വാഹനം. ഈ വാഹനത്തിലാണ് മമ്മൂട്ടി ലൊക്കേഷനിലും മറ്റു പൊതു പരിപാടികൾക്കും പോകുന്നത്.മോഹൻലാലിനെ പോലെ മമ്മൂട്ടിയും ലാൻഡ് ക്രൂസറിന്റെ കടുത്ത ആരാധകനാണ്.ടി എൻ 6 വി 369 എന്നതാണ് രജിസ്ട്രേഷൻ നമ്പർ.കറുപ്പ് നിറം ഫോക്സ് വാഗൺ പോളോ ജി.ടി ആണ് മമ്മൂട്ടിയുടെ മറ്റൊരു പ്രിയ വാഹനം. നമ്പർ കെ എൽ 7 സി എൽ 369. കൊച്ചിയിലെ തിരക്കേറിയ റോഡിലൂടെ സുഖകരമായ ഓട്ടത്തിനാണ് മെഗാ സ്റ്റാർ ഈ വാഹനം സ്വന്തമാക്കിയത്.
മമ്മൂട്ടിയുടെ ഡ്രൈവറായിരിക്കും ലോകത്തിലെ ഏറ്റവും സന്തോഷവാനായ തൊഴിലാളിയെന്ന് പണ്ടേക്ക് പണ്ടേ വെള്ളിത്തിരയുടെ പിന്നിൽ പ്രചരിക്കുന്ന തമാശയാണ്.ദീർഘദൂര, ഹ്രസ്വ ദൂര യാത്രകളിൽ ഡ്രൈവിംഗ് സീറ്റിൽ മിക്കപ്പോഴും മമ്മൂട്ടിയായിരിക്കും.ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോൾ വാഹനം ഒതുക്കിയിടുന്ന ജോലി മാത്രമേ അതുവരെ പിൻസീറ്റിൽ ' സുഖിച്ചിരിക്കുന്ന" ഡ്രൈവർക്കുണ്ടാവൂ. മമ്മൂട്ടി ആദ്യം സ്വന്തമാക്കിയ വാഹനം ഒരു ലാമ്പി സ്കൂട്ടറായിരുന്നു. ഇപ്പോഴതില്ല. ഉണ്ടായിരുന്നെങ്കിൽ പുരാവസ്തുവായി സൂക്ഷിക്കുമായിരുന്നുന്നെന്ന് മമ്മൂട്ടി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.സിനിമയിൽ എത്തുന്നതിനു മുൻപേ മമ്മൂട്ടിക്ക് വാഹനങ്ങളോട് ഏറെ പ്രിയമായിരുന്നു.
രണ്ടുവർഷം മുൻപ് ജന്മദിനത്തിന് ദുൽഖർ സൽമാൻ പ്രിയപ്പെട്ട വാപ്പച്ചിക്ക് വിലപിടിപ്പുള്ള ഒരു സമ്മാനം നൽകി. എസ് ക്ളാസ് ബെൻസ്. ബെൻസും പോർഷെയും ഉൾപ്പെടെ മറ്റു ചില വമ്പന്മാർ കൂടി മമ്മൂട്ടിയുടെ ഗാരേജിൽ ഉണ്ടെങ്കിലും ഇവയൊക്കെ ഉപയോഗിക്കുന്നത് ദുൽഖറാണ്. ദുൽഖറിന്റെ പജീറോ സ് പോർട്ടിനും 369 തന്നെയാണ് നമ്പർ. വാപ്പയെ പോലെ വാഹന കമ്പമുള്ള മകനാണ് ദുൽഖർ .വിന്റേജ് വാഹനങ്ങൾ മുതൽ അത്യാഡംബര വാഹനങ്ങൾ വരെ സ്വന്തമാക്കുന്നതിലും പരിപാലിക്കുന്നതിലും മമ്മൂട്ടിയും ദുൽഖറും ഒരേപോലെ ശ്രദ്ധിക്കുന്നു.