കാഞ്ഞിരപ്പള്ളി: യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ്, ഉൾപ്പടെയുള്ളവർ പ്രശ്നപരിഹാരത്തിനായി സമീപിച്ചെന്നും താമസം കൂടാതെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവർണർ പറഞ്ഞു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ പതിമൂന്നാമത് ഇസ്ബ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.
യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമാണ് . പഠന നിലവാരം ഉയർത്താനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഇത് നല്ലകാര്യമല്ലെന്നും ഗവർണർ പ്രതികരിച്ചു. യൂണിവേഴ്സിറ്റി സംഘർഷങ്ങളുടെ സാഹചര്യത്തിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ കേരള സർവ്വകലാശാല വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ ഗവർണ്ണറെ കണ്ട് വിശദീകരണം നൽകുകയും ചെയ്തിരുന്നു.