ഇപ്പോഴും സിനിമയിൽ അഭിനയിക്കാൻ കഴിയുന്നത് മഹാഭാഗ്യമായി കരുതുന്നു. അഞ്ചുപതിറ്റാണ്ടായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. 'ആഭിജാത്യ"ത്തിൽ ഇന്നലെ അഭിനയിക്കാൻ പോയതു പോലെ തോന്നും. ഗോവിന്ദപുരം എൽ. പി സ്കൂളിൽ നാലാം ക്ളാസിൽ പഠിക്കുമ്പോൾ കല്യാണ സൗഗന്ധികം തുള്ളൽ സ്റ്റേജിൽ അവതരിപ്പിച്ചാണ് തുടക്കം. സ്കൂൾ വാർഷികാഘോഷത്തിനാണ് അവതരിപ്പിച്ചത്. സ്കൂൾ നാടകങ്ങളിൽ മുതിർന്ന കുട്ടികൾ അഭിനയിക്കുന്നതു കണ്ടപ്പോൾ അത് മറ്റൊരു മോഹമായി. പിന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി.
ഹൈസ്കൂൾ പഠനകാലത്തും നാടകകമ്പം തലയിലുണ്ട്. കോഴിക്കോട്ട് നാടകങ്ങളുടെ സുവർണ കാലമായിരുന്നു. ചാലപ്പുറം കലാസമിതിയുടെ നാടകങ്ങളിൽ അഭിനയിച്ചു അമച്വർ നാടക രംഗത്തേക്ക് വന്നു. പിന്നെ യുണൈറ്റഡ് ഡ്രാമാറ്റിക് അക്കാഡമി, എക്സ്പെരിമെന്റൽ ആർട്സ് എന്നിവയിലെത്തി. നാടകത്തിൽ അഭിനയിക്കുമ്പോഴും സിനിമയിൽ ഒരു വേഷം കിട്ടിയാൽ നന്നായിരുന്നെന്ന് ആഗ്രഹിച്ചു. ദേശപോഷിണി നാടകങ്ങളുടെ മേക്കപ്പ് ആർട്ടിസ്റ്റ് രാഘവന് തന്റെ സുഹൃത്തായ നാരായണൻ നായരുടെ സിനിമാമോഹം അറിയാം. കോഴിക്കോട് എവിടെയെങ്കിലും സിനിമാ ഷൂട്ടിംഗ് ഉണ്ടെങ്കിൽ പ്രധാനമേക്കപ്പുമാനെ സഹായിക്കാൻ രാഘവനെ വിളിക്കും.
സംവിധായകൻ ആർ.എസ്. പ്രഭുവിന്റെ സിനിമയിൽ ഒരു റോളിലേക്ക് രാഘവൻ കൂട്ടുകാരന്റെ പേര് നിർദേശിച്ചു. വർഷം 1970. സിനിമ ആഭിജാത്യം. മധുവും ശാരദയുമായിരുന്നു പ്രധാന താരങ്ങൾ. ശാരദയുടെ അനുജത്തിയുടെ ഭർത്താവായാണ് അഭിനയിച്ചത്. ചെറിയ വേഷമായതിനാൽ അധികമാരും ശ്രദ്ധിച്ചില്ല. എങ്കിലും സിനിമയിലുള്ളവർക്ക് അറിയാമായിരുന്നു. അന്ന് മദ്രാസിലായിരുന്നു സിനിമാ പ്രവർത്തനം. നല്ല വേഷം ലഭിക്കണമെങ്കിൽ അവിടെ പോയി സ്ഥിരതാമസമാക്കണം. ശ്രദ്ധേയമായത് വാത്സല്യത്തിലെ വല്യമ്മാമയുടെ വേഷമായിരുന്നു. അപ്പോഴാണ് കോഴിക്കോട് നാരായണൻ നായർ എന്നൊരു നടൻ സിനിമയിലുണ്ടെന്ന് പ്രേക്ഷകർ തിരിച്ചറിയുന്നത്.