അങ്ങനെ മഴക്കാലമെത്തി. തിമിർത്ത് പെയ്യുന്ന മഴ മണ്ണിനും മനസിനും കുളിരേകുമ്പോൾ ഭക്ഷണവും കഴിച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. വെള്ളത്തിൽ നിന്നും കയറാൻ മടിക്കുന്ന വെള്ളത്തിലാശാന്മാരുടേതുകൂടിയാണ് ഓരോ മഴക്കാലവും. എന്നാൽ മൺസൂൺ കാലത്ത് പകർച്ചവ്യാധികൾ പിടിപെടാനുള്ള സാദ്ധ്യത ഏറെയാണ്. അതുപോലെ, ദഹനക്കേട്, വയറിളക്കം, അലർജി എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. അതിനാൽ മഴക്കാലത്ത് ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. മൺസൂൺ കാലത്ത് കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങളെ പറ്റി അറിഞ്ഞിരുന്നാൽ ഈ കാലത്തെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും ഒരു പരിധി വരെ നമുക്ക് രക്ഷപ്പെടാം.
മഴക്കാല മെനു
ആവി പറക്കുന്ന കാപ്പിയും ഊതിക്കുടിച്ച് ചൂടുള്ള എന്തെങ്കിലും കൊറിക്കാനായിരിക്കും മഴക്കാലത്ത് പൊതുവേ മിക്കവരും ഇഷ്ടപ്പെടുക. എന്നാൽ മഴക്കാലത്ത് നമ്മുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളുമുണ്ട്, ഇവയുടെ അഭാവമാണ് ഈ കാലത്ത് രോഗങ്ങൾ പിടിപെടാനുള്ള പ്രധാന കാരണം. മഴക്കാലത്ത് വയറിളക്കം പോലുള്ള, അസുഖങ്ങളും ദഹന വൈഷമ്യങ്ങളും മറ്റും ഉണ്ടാകാൻ സാദ്ധ്യതയുള്ളതുകൊണ്ട് വേവിക്കാത്ത ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുകയും കുടിക്കാൻ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുകയുമാണ് അഭികാമ്യം.
പച്ചക്കറി മാത്രം കഴിക്കുന്നവർക്കും മാംസാഹാരവും കൂടി കഴിക്കുന്നവർക്കുമുള്ള മഴക്കാല ഭക്ഷണങ്ങൾ വ്യത്യസ്തമാണ്, അവ പരിചയപ്പെടാം. മഴക്കാല ഭക്ഷണത്തിൽ വെളുത്തുള്ളി, കുരുമുളകുപൊടി, കായം, ജീരകം, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ കൂടുതൽ ചേർക്കുന്നത് ദഹനത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മാംസാഹാരം കഴിക്കുന്നവർ ദഹിക്കാൻ കൂടുതൽ വേണ്ടുന്ന ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. മീനും ചെമ്മീനും പരമാവധി ഒഴിവാക്കുക. വലിയ മീനുകളും മാംസവും ഉപയോഗിച്ച് തയ്യാറാക്കുന്ന കറികൾ ഒഴിവാക്കി പകരം സൂപ്പും സ്റ്റ്യൂവും കുടിക്കുന്നത് പതിവാക്കാം.
സൂപ്പിൽ പച്ചക്കറികളോടൊപ്പം പരിപ്പ്, മഞ്ഞൾപ്പൊടി, ഗ്രാമ്പൂ, കുരുമുളകുപൊടി, പെരുംജീരകം എന്നിവ കൂടി ചേർത്ത് പാകം ചെയ്യുന്നത് നല്ലതാണ്. മഴക്കാലത്ത് ഇത്തരത്തിൽ തയ്യാറാക്കുന്ന സൂപ്പ് കുടിക്കുന്നത് അലർജിയും അതുമൂലം ശരീരത്തിൽ ഉണ്ടാകുന്ന നീരും ചൊറിച്ചിലും കുറയ്ക്കാൻ സഹായിക്കുന്നു. പച്ചക്കറികൾ പാകം ചെയ്യാതെ കഴിക്കുന്നത് ഒഴിവാക്കണം. അതുപോലെതന്നെ മുളപ്പിച്ച പയറും കടലയുമൊക്കെ തൽക്കാലം നിങ്ങളുടെ മൺസൂൺ മെനുവിൽ നിന്നും ഒഴിവാക്കാം. ഇവ ദഹനക്കുറവും വായുവിന്റെ ശല്യവും ഉണ്ടാകാൻ കാരണമാവും.
ചെറുചൂടോടെ ഭക്ഷണം തിളപ്പിക്കൽ, ആവിയിൽ പുഴുങ്ങൽ തുടങ്ങിയ ഈർപ്പമുള്ള ചൂട് ഉപയോഗിച്ചുള്ള കേരളീയരുടെ സാധാരണ പാചക രീതി കൊണ്ടുണ്ടാകുന്ന പോഷകാംശം തടയാൻ സാദ്ധ്യയുള്ളതിനാൽ നല്ല ചൂടോടെ പാകം ചെയ്യുകയും ധാന്യങ്ങളും മറ്റും വേവിക്കാൻ ഉപയോഗിക്കുന്ന അധികജലം കറികൾ, സൂപ്പുകൾ, പരിപ്പുകറി എന്നിവ ഉണ്ടാക്കാൻ എടുക്കുകയും ചെയ്യാം. വെള്ളത്തിൽ അധികനേരം കുതിർത്ത് വയ്ക്കുന്നതും പല പ്രാവശ്യം അരി കഴുകുന്നതും പോഷകനഷ്ടത്തിന് വഴിയൊരുക്കും. മഴക്കാലത്ത് ദഹനശക്തി വൈഷമ്യങ്ങൾ ഉണ്ടാകാനിടയുള്ളത് കൊണ്ട് കഞ്ഞിയായിട്ടു തന്നെ കുടിക്കുന്നത് നല്ലതാണ്. ഇതുതന്നെ ആവശ്യത്തിന് മാത്രം വെള്ളം ചേർത്ത് മിതമായ ചൂടിൽ പാകം ചെയ്യുക.
അരിയുടെയും മറ്റും പോഷകഘടനയിൽ മാറ്റം വരുന്നതുകൊണ്ട് പഴകുമ്പോഴാണ് അരിക്കും ഗോതമ്പിനും ഗുണം കൂടുക. ഇത്തരത്തിലുള്ള പഴയനെല്ല്, ഗോതമ്പ്, യവം എന്നിവയുടെ ചോറ് നെയ്യിൽ വറുത്തിട്ട പരിപ്പുചാറും കൂട്ടി വർഷ — ഋതുവിൽ സേവിക്കാനാണ് ആയുർവേദവിധി. സൂപ്പും കറിയുമൊക്കെ മഴക്കാലത്ത് പഥ്യം. മഴക്കാലത്ത് കുറച്ച് ഉപ്പും പുളിയുമൊക്കെ ആകാം.
ഭക്ഷണം ചെറുചൂടോടെ വേണം കഴിക്കാൻ. കഴിക്കുന്ന ഭക്ഷണം ലഘുവും സ്നിഗ്ദ്ധവുമാകണം. തുടർച്ചയായി മഴയുള്ള ദിവസങ്ങളിൽ ഉരുട്ടാവുന്ന വിധത്തിലുള്ളതും തേൻ ചേർത്തതുമായ ഭക്ഷണമാണ് നന്ന്. ചെറുചൂടോടെ സൂപ്പ് ചുക്ക് മേമ്പൊടി ചേർത്ത് സേവിക്കാം. സസ്യഭുക്കുകൾക്ക് വെജിറ്റബിൾ സൂപ്പ്, പരിപ്പുചാറ് എന്നിവ കഴിക്കാം.
പഴങ്ങൾ പ്രധാനം
മഴക്കാല രോഗങ്ങളെ തടയാൻ കഴിയുന്ന തരത്തിലുള്ള പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വിറ്റാമിനുകൾ ധാരാളം അടങ്ങിയ പഴങ്ങൾക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുണ്ട്. ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന എണ്ണ ധാരാളം അടങ്ങിയ ആഹാരങ്ങളും സ്ട്രീറ്റ് ഫുഡും മഴക്കാലത്ത് ഓഴിവാക്കേണ്ടതുതന്നെ. പകരം ഭക്ഷണത്തിൽ ധാരാളം പഴങ്ങൾ ഉൾപ്പെടുത്തണം. രോഗങ്ങൾ ഒഴിവാക്കാൻ മഴക്കാലത്ത് തീർച്ചയായും പഴങ്ങൾ കഴിക്കേണ്ടതുണ്ട്. പക്ഷികൾ കൊത്തിയ പഴങ്ങൾ ഉപയോഗിക്കാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കണം.
ചെറി പഴം: മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന ചെറിപഴത്തിന് പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിവുണ്ട്. ആന്റിഓക്സിഡന്റുകൾ ധാരളം അടങ്ങിയിരിക്കുന്ന ചെറി തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകും.
പീച്ച് :മഴക്കാലത്ത് കഴിക്കാവുന്ന മറ്റൊരു പഴമാണ് പീച്ച്. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന പീച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന കുറഞ്ഞ കലോറിയും നാരുകളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൂടാതെ മഴക്കാലത്തെ ഈർപ്പമുള്ള കാലാവസ്ഥയിൽ ചർമ്മത്തിന് പ്രത്യേക സംരംക്ഷണവും നൽകും.
ലിച്ചി :വിറ്റാമിൻ സി ധാരളം അടങ്ങിയിരിക്കുന്ന ലിച്ചി പകർച്ചവ്യാധികളെ തടയുന്നതിനൊപ്പം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
പ്ലം: മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന പ്ലം ജലദോഷം, പനി എന്നിവയെ പ്രതിരോധിക്കാൻ ഉത്തമമാണ്. ധാരാളം നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
മാതളനാരങ്ങ: മഴക്കാലത്ത് പോഷക സമൃദ്ധമായ മാതള നാരങ്ങ കഴിക്കുന്നത് പ്രതിരോധ ശേഷി ഉയർത്തും.
സബർജല്ലി : ഉയർന്ന അളവിൽ വിറ്റാമിൻ അടങ്ങിയിരിക്കുന്ന സബർജല്ലിക്കും പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിവുണ്ട്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന പപ്പായ, വിറ്റാമിനും മിനറൽസും അടങ്ങിയിരിക്കുന്ന വാഴപ്പഴം, ആപ്പിൾ എന്നിവയും മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.
ഇവ ഒഴിവാക്കാം
മഴക്കാലത്ത് വാതകോപത്തിനുള്ള, സാദ്ധ്യത കണക്കിലെടുത്ത് ആഹാരം നിയന്ത്രിച്ചില്ലെങ്കിൽ അസുഖങ്ങൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്. ഒരു കാരണവശാലും തിളപ്പിക്കാത്തതും അശുദ്ധവുമായുള്ള വെള്ളം ഉപയോഗിക്കരുത്. പുഴ വെള്ളം, മലർപ്പൊടി കലക്കിയ വെള്ളം എന്നിവ നിഷിദ്ധമാണ്. ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങളും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം.
പകൽ ഉറക്കം പാടില്ല.
ചാറ്റൽമഴ ഏൽക്കരുത്.
ചെരുപ്പില്ലാതെ നടക്കാൻ പാടില്ല.
ആയാസകരമായ ജോലികൾ അധികനേരം ചെയ്യരുത്. ഇടയ്ക്ക് കിട്ടുന്ന വെയിൽ അധികം കൊള്ളരുത്.
പുഴവെള്ളത്തിലും മറ്റും കുളിക്കുന്നത് ശ്രദ്ധയോടെ വേണം.
വാതത്തിന് മരുന്നു കഞ്ഞി
അതികഠിനമായ വേനലിന് ശേഷം മഴ പെയ്യുമ്പോൾ ഭൂമിയിലെ അമ്ളസ്വഭാവം കൂടുകയും അതുവഴി ശരീരത്തിൽ പിത്ത വർദ്ധനവ് ഉണ്ടാകുകയും ചെയ്യുന്നു. മലിനജലത്തിന്റെ ഉപയോഗം മൂലം കഫം വർദ്ധിക്കുന്നു. വാതരോഗങ്ങൾ കൂടുന്ന കാലഘട്ടം കൂടിയാണ് മഴക്കാലം. മഴക്കാലം തുടങ്ങിയാൽ പിന്നെ പണ്ടൊക്കെ വേലിപ്പടർപ്പുകളിലും ഇടവഴിയോരങ്ങളിലും ഒക്കെ ചുറ്റിക്കറങ്ങി കരിങ്കുറിഞ്ഞി, കുറുന്തോട്ടി, പുത്തരിച്ചുണ്ടവേര്, നന്നാറിക്കിഴങ്ങ്, തഴുതാമവേര്, മൂവിലവേര്, ഉഴിഞ്ഞ വേര്, നിലപ്പനക്കിഴങ്ങ് എന്നിവ സംഘടിപ്പിച്ച്, വെള്ളത്തിലിട്ടു കുതിർത്തു കഴുകി ജീരകവും മല്ലിയും ചേർത്തരച്ചു കുഴമ്പു പരുവമാക്കി, ഉണക്കലരി വെള്ളത്തിൽ വെന്തുവരുമ്പോൾ ചേർത്ത് കഞ്ഞിവച്ച് പ്രാതലിന് പകരം വിസ്തരിച്ചൊരു കഞ്ഞികുടി പതിവായിരുന്നു.
മരുന്നുകഞ്ഞിയിലെ ഒൗഷധഘടകങ്ങൾക്ക് ശരീരത്തിൽ രക്തശുദ്ധി വരുത്തുക, വാത കോപമകറ്റുക തുടങ്ങിയ കടമകൾ ഉണ്ടെന്നുള്ള വസ്തുത മനസിലാക്കിയാണ് അവയെ കഞ്ഞിയിൽ ചേർത്തിരുന്നത്. ഉലുവയും ഉണക്കലരിയും കഞ്ഞിവച്ച് അതിൽ ഇല്ലംകെട്ടി, നന്നാറി, പുത്തരിചുണ്ടവേര്, മല്ലി, ജീരകം, മഞ്ഞൾ, തേങ്ങ എന്നിവ അരച്ചുചേർത്തുള്ള മരുന്നുകഞ്ഞിയും മഴക്കാലത്ത് ഉപയോഗിക്കാൻ പറ്റിയതാണ്. ഈ സമയത്ത് മത്സ്യമാംസാദികൾ ഉപേക്ഷിക്കുകയാണു പതിവ്.