മുംബയ്: ഇന്ത്യ ചൊവ്വാഗ്രഹത്തിൽ നടത്തിയ 'മംഗൾയാൻ' ബഹിരാകാശ ദൗത്യത്തെ ആധാരമാക്കി നിർമ്മിക്കുന്ന 'മിഷൻ മംഗൾയാൻ' എന്ന ചിത്രത്തിൽ അഞ്ച് നായികമാർ. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് നടിമാരായ, വിദ്യ ബാലൻ, തപ്‌സി പന്നു, സോനാക്ഷി സിൻഹ, കീർത്തി കുൽഹാരി എന്നിവർക്കൊപ്പം മലയാള നടി നിത്യ മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്യുന്നത്. ഒപ്പം ബോളിവുഡിലെ പ്രമുഖ നടൻ ശർമൻ ജോഷിയുമുണ്ട്.
രാജ്യത്തെ അഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിച്ച 2014 സെപ്തംബറിൽ നടന്ന 'മംഗൾയാൻ' എന്ന മാർസ് ഓർബിറ്റർ മിഷനെകുറിച്ചാണ് ചിത്രം. ദൗത്യത്തിന് പിന്നിലെ ശാസ്ത്രജ്ഞന്മാരുടെ പരിശ്രമത്തെ കുറിച്ചും ദൗത്യത്തിന്റെ വിജയത്തെ കുറിച്ചുമാണ് ചിത്രം ചർച്ചചെയ്യുന്നത്. ദൗത്യത്തിനിടെ ഉണ്ടാകുന്ന പ്രതിസന്ധികളെ ശാസ്ത്രജ്ഞന്മാർ അതിജീവിക്കുന്നതും ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ അവർ നടന്നടുക്കുന്നതിന്റെ ഭാഗങ്ങളും ട്രെയിലറിലുണ്ട്. ദേശീയ ഗാന സംഗീത ശകലത്തോടെയാണ് ട്രെയിലർ അവസാനിക്കുന്നത്. ജഗൻ ശക്തിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15നാണ് ചിത്രം പുറത്തിറങ്ങുക.
ഇന്ത്യയുടെ അന്യഗ്രഹത്തിലേക്കുള്ള ആദ്യ ബഹിരാകാശ ധൗത്യമായിരുന്നു 2014ലെ മംഗൾയാൻ ധൗത്യം. മംഗൾയാനിലൂടെ ചൊവ്വയിലെത്തുന്ന ആദ്യ ഏഷ്യൻ രാജ്യമായി മാറുകയായിരുന്നു ഇന്ത്യ. ആദ്യ ദൗത്യത്തിൽ തന്നെ ഇന്ത്യ ഈ നേട്ടം സ്വന്തമാക്കി. മറ്റ് രാജ്യങ്ങളുടെ ബഹിരാകാശ ദാത്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വെറും 450 കോടി രൂപ മാത്രം ചിലവാക്കിയാണ് മംഗൾയാൻ ചൊവ്വയിലെത്തുന്നത്. ഏഷ്യയുടെ അഭിമാനം എന്നാണ് 'മംഗൾയാൻ ദൗത്യത്തെ ചൈന വിശേഷിപ്പിച്ചത്. മാത്രമല്ല ആറ് മാസത്തെ ആവശ്യത്തിനായ്യി നിർമ്മിച്ച മംഗൾയാൻ ഉപഗ്രഹം ഇപ്പോഴും കേടുകൂടാതെ ചൊവ്വയിൽ നിൽപ്പുണ്ടെന്നുള്ളത് ഇന്ത്യക്ക് മറ്റൊരു നേട്ടമായി.