മണ്ണിനെ അറിഞ്ഞ് വേണം എപ്പോഴും കൃഷി ചെയ്യാൻ. എന്നാലേ ചെയ്യുന്ന കൃഷിക്കനുസരിച്ചുള്ള വിളയും കിട്ടൂ. ഓരോ കൃഷിക്കും പറ്റിയ മണ്ണിന് ഓരോ പ്രത്യേകതകളുണ്ടാകും. പ്രാദേശികമായ വ്യത്യാസം മണ്ണിന്റെ ഘടനയെയും ബാധിക്കാം. ഫലപുഷ്ടിയുള്ള മണ്ണാണ് ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും ഉയർന്ന ഉൽപ്പാദനത്തിനും അടിസ്ഥാനം. ഓരോ പ്രദേശത്തിലെയും മണ്ണ് തികച്ചും വ്യത്യസ്തമാണ്. മണ്ണിന്റെ ഗുണമേന്മ തിരിച്ചറിഞ്ഞ് മണ്ണ് കൃഷിക്കനുയോജ്യമാണോ എന്ന് പരിശോധനയിലൂടെ മനസിലാക്കിയ ശേഷമേ കൃഷിചെയ്യാവൂ. മണ്ണ് പരിശോധനയിലൂടെ മണ്ണിന്റെ എല്ലാ ഗുണങ്ങളും തിരിച്ചറിയാനും ഏതൊക്കെ വിളകൾ ഇതിൽ കൃഷിചെയ്യാൻ പറ്റുമെന്നും അറിയാൻ സാധിക്കും. മനസും സമയവുമുണ്ടെങ്കിൽ ആർക്കും കൃഷി ചെയ്യാവുന്നതേയുള്ളൂ. കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ കുറച്ച് ടിപ്സ്...
മണ്ണിനെ അറിയണം
സമുദ്രതീരത്തും അതിനോട് ചേർന്നുകിടക്കുന്ന സമതലപ്രദേശത്തും കണ്ടുവരുന്ന മണ്ണാണ് തീരദേശമണ്ണ്. മണലിന്റെ അംശം കൂടുതലായതിനാൽ ഫലപുഷ്ടി കുറവാണ്. തെങ്ങ്, കശുമാവ് വ്യത്യസ്തമായ ഫലവൃക്ഷങ്ങൾ കൃഷി ചെയ്യാൻ ഏറ്റവുമനുയോജ്യം ഈ മണ്ണാണ്. നല്ല ഫലപുഷ്ടിയുള്ള എക്കൽമണ്ണിൽ നെല്ല്, തെങ്ങ്, വാഴ, പച്ചക്കറിവിളകൾ കൃഷിചെയ്യാൻ കഴിയും. ചരൽമണ്ണ്, വെട്ടുകൽ മണ്ണ് എന്നൊക്കെ അറിയപ്പെടുന്നത് ലാറ്ററൈറ്റ് മണ്ണിനെയാണ്. ഈ മണ്ണിൽ അമ്ലത്വമേറെയാണ്. അതുകൊണ്ട് കൈതച്ചക്ക, മരിച്ചീനി, തെങ്ങ് എന്നിവ കൃഷിചെയ്യാൻ ഏറ്റവും അനുയോജ്യവും ഈ മണ്ണ് തന്നെയാണ്. വനമഖലയിൽ കാണപ്പെടുന്ന മണ്ണാണ് വനമണ്ണ്. വ്യത്യസ്തമായ സസ്യങ്ങൾ നിലനിർത്താൻ സഹായിക്കുന്ന മണ്ണ്. അതുപോലെ, മണ്ണിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളും ഏറെയായിരിക്കും. മലയോരമണ്ണ് ഏറെയും കാണപ്പെടുന്നത് ചരിവ്പ്രദേശങ്ങളിലാണ്. റബ്ബർ, തെങ്ങ്, കൈതച്ചക്ക, കാപ്പി, തേയില, പഴവിളകൾ, കശുമാവ് ഇവയെല്ലാം ഇതിൽ കൃഷിചെയ്യാം. കുരുമുളക് കൃഷിക്കും പറ്റിയ മണ്ണാണ്. കുറഞ്ഞ ഫലപൂയിഷ്ടിയുള്ള മണ്ണാണ് ചെമ്മണ്ണ്. ഇതിൽ തെങ്ങ്, വാഴ, കുരുമുളക്, കശുമാവ് ഇവയ്ക്ക് പുറമേ വ്യത്യസ്തമായ ഫലവൃക്ഷാദികളും കൃഷിചെയ്യാം. കറുത്ത പരുത്തിമണ്ണിന് ക്ഷാരഗുണ സ്വഭാവമാണുള്ളത്. കരിമ്പ്, നെല്ല്, പരുത്തി, നിലക്കടല എന്നിവ കൃഷി ചെയ്യാനനുയോജ്യം ഈ മണ്ണാണ്. സമുദ്രനിരപ്പിൽ താഴെയായി കാണപ്പെടുന്ന മണ്ണാണ് കരിമണ്ണ്. നെൽകൃഷി ചെയ്യുന്നതിന് ഏറ്റവും അനുയോജ്യം ഈ മണ്ണാണ്. ജലാംശമുള്ള മണ്ണാണെന്നതുകൊണ്ട് തന്നെ നല്ല വിളവും ലഭിക്കും.
വിത്തിനങ്ങൾ
വിത്തുഗുണം പത്തുഗുണം എന്നാണല്ലോ ചൊല്ല്. നല്ല വിത്താണെങ്കിൽ മാത്രമേ ആ ചെടിക്ക് നല്ല വളർച്ചയുണ്ടാകൂ. അതുകൊണ്ട് നല്ല ഫലപുഷ്ടിയുള്ള വിത്തായിരിക്കണം കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. വിത്ത് നടുമ്പോൾ തന്നെ അതിനെ നന്നായി പരിപാലിക്കണം. നല്ല ഇനത്തിൽ പെട്ടതും പെട്ടെന്ന് വളരാനുള്ള സാഹചര്യങ്ങളും ഒരുക്കാനും ശ്രദ്ധിക്കണം.
കൃഷി ചെയ്യുന്നതിന് ഏറ്റവും കൂടുതൽ വേണ്ടത് ക്ഷമയാണ്. വിത്ത് നട്ട് മുളയ്ക്കുന്നതുവരെയുള്ള സമയം കൃഷിക്കാർ ക്ഷമയോടെ തന്നെ കാത്തിരിക്കണം.
കീടനാശിനികൾ
കൃഷിചെയ്യുമ്പോൾ തന്നെ ചെറുകീടങ്ങൾ കൃഷിയെ വിഴുങ്ങിയേക്കാം. കീടങ്ങളെ ഒഴിവാക്കാൻ വീട്ടിൽതന്നെ ചെറിയ കൈപ്രയോഗങ്ങൾ കൃഷിക്കാർ ചെയ്തുവരുന്നുണ്ട്. പുകയില മിശ്രിതം, വേപ്പിൻകുരു സത്ത് മുതലായവ കൂട്ടിക്കലർത്തിയ മിശ്രിതമാണ് കൃഷിയിൽ തളിക്കുന്നത്. ഇതുപോലെയുളള കീടനാശിനികളുടെ ഉപയോഗം ചെറിയ പുഴുക്കളെ ഒഴിവാക്കാനും കൃഷി നന്നായിട്ട് വളരാനും സഹായിക്കുന്നു.
വെള്ളത്തിന്റെ ഉപയോഗം
കൃഷി നിലനിർത്താനുള്ള പ്രധാന ഘടകം ജലമാണ്. ചെറിയ ചെറിയ മഴ കൃഷിയുടെ വളർച്ചയെ സഹായിക്കും. മണ്ണിൽ ജലത്തിന്റെ അഭാവം കുറവാണെങ്കിൽ അധികമായ ജലം കൃഷിക്കായി ഉപയോഗിക്കേണ്ടതായി വരും. അതിനായി കൃഷിക്കാർ കൂടുതൽ ചെയ്യേണ്ടത് മഴവെള്ള സംഭരണി, മഴക്കുഴികൾ ഇവ കെട്ടുന്നത് കൃഷിയെ വളരെയധികം സ്വാധീനിക്കുന്ന ഘടകമാണ്. വെള്ളം കൂടുതൽ സംരക്ഷിച്ചു വച്ചാൽ മാത്രമേ വേനൽക്കാലങ്ങളിൽ കൃഷിക്കായി ഉപയോഗിക്കാൻ സാധിക്കൂ.
കമ്പോസ്റ്റ്
കൃഷിക്കാവശ്യമായ വളം വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റും. അതിനായി കമ്പോസ്റ്റ് നിർമ്മിക്കേണ്ടത് അനിവാര്യമായ ഘടകമാണ്. പച്ചക്കറി വേസ്റ്റുകൾ, ചാണകം, പഴങ്ങളുടെ വേസ്റ്റുകൾ മുതലായവ ഉപയോഗിച്ച് വളരെ എളുപ്പം നിർമ്മിച്ചെടുക്കാൻ സാധിക്കും. വേസ്റ്റുകളുടെ കൂമ്പാരം കൂടുന്നതിനനുസരിച്ച് കമ്പോസ്റ്റിന്റെ ഉയരം പരമാവധി കൂട്ടണം. ദുർഗന്ധമില്ലാത്ത കമ്പോസ്റ്റ് ഒരാഴ്ച കിടന്ന് അഴുകുമ്പോൾ വളമായി ഉപയോഗിക്കാം.
കൃഷിയുടെ സംരക്ഷണം
കൃഷിയുടെ തുടങ്ങി വച്ചാൽ മാത്രം പോര, അവയെ ദിവസവും പരിപാലിക്കുകയും വേണം. വിത്ത് മുളച്ച് ചെടിയായി വരുന്നതുവരെ കീടങ്ങളോ മറ്റോ തൈയെ വിഴുങ്ങുന്നുണ്ടോ എന്ന് കൃത്യമായി നോക്കണം. വീട്ടിൽ തന്നെ നിർമ്മിക്കുന്ന വിഷാംശമില്ലാത്ത കീടനാശിനി പ്രയോഗത്തിലൂടെ കൃഷിയെ സംരക്ഷിക്കാൻ സാധിക്കും. അതുപോലെ, ചെടിയുടെ ചുവട്ടിലെ മണ്ണ് നന്നായി ഇളക്കിയിട്ട് കൊടുക്കണം. മണ്ണിന് ഇളക്കമുണ്ടെങ്കിൽ മാത്രമേ വേരോടാൻ സാധിക്കൂ.
കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം പച്ചക്കറിയെ സാരമായി ബാധിക്കാറുണ്ട്. പലപ്പോഴും പച്ചക്കറികളെയാണ് കൂടുതലായും കാലാവസ്ഥാമാറ്റം ബാധിക്കുന്നത്. അതുപോലെ കിഴങ്ങുവർഗങ്ങൾക്കും ഇതൊരു ഭീഷണി തന്നെയാണ്. അമിതമായ മഴയും കാറ്റും കൊടിയ വരൾച്ചയും ഓരോ കാലാവസ്ഥയിലും മുന്നിൽ കണ്ടുകൊണ്ടായിരിക്കണം കൃഷിക്കിറങ്ങാൻ. ഏതുകാലാവസ്ഥയിലും വളരാൻ കഴിവുള്ള വിളകൾ തിരഞ്ഞെടുത്ത് നടുന്നത് ഇത്തരം പ്രശ്നങ്ങളിൽ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാൻ സഹായിക്കും.
ഒരുക്കാം കൃഷിയിടം
കൃഷി ചെയ്യുന്നതിന് മുന്നേ തീരുമാനിക്കേണ്ടതാണ് കൃഷിയിടത്തെ കുറിച്ചാണ്. നിലത്താണോ അതോ ടെറസിന് മുകളിലാണോ ഗ്രോബാഗുകളിലാണോ എന്നതിനെ കുറിച്ച് കൃത്യമായ ധാരണ വേണം. കൃഷിക്കാവശ്യമായ വെള്ളം, സൂര്യപ്രകാശം ഇവയെല്ലാം കിട്ടുന്ന സ്ഥലത്തായിരിക്കണം തൈകൾ നടാൻ. അതുപോലെ വളക്കൂറുള്ള മണ്ണാണോയെന്നും പരിശോധിച്ച് മനസിലാക്കണം. ഏതു കൃഷി ചെയ്യുന്നതിനും മുമ്പ് കൃഷിയിടം ഉഴുതിടുന്നത് നല്ലതാണ്, ചെടികളുടെ വളർച്ചയ്ക്കും വിളവിന്റെ ലഭ്യതയ്ക്കും കൃഷിയിടം ഏറെ സഹായിക്കും.
തൈകളുടെ പറിച്ചുനടീൽ
വിത്ത് മുളച്ച് ഒരാഴ്ച കഴിയുമ്പോൾ തന്നെ ഏകദേശം ചെറിയ വളർച്ച തൈകൾക്കുണ്ടാകും. അതിനുശേഷം തൈകളുടെ വേരുകൾ നഷ്ടപ്പെടാത്ത വിധത്തിൽ വേണം കൃഷിസ്ഥലത്തേക്ക് മാറ്റി നടാൻ. പ്ലാസ്റ്റിക് കവറിൽ നടുന്നതാണ് ഉത്തമം. തൈകളുടെ വേര് നഷ്ടപ്പെടാതെ പ്ലാസ്റ്റിക് കവർ കീറിമാറ്റി ആ മണ്ണോടെ തന്നെ നമുക്ക് നടാൻ പറ്റും. യാതൊരു തരത്തിലുള്ള കോട്ടവും തൈകൾക്ക് സംഭവിക്കില്ല.