pinaryi

തിരുവനന്തപുരം: പൊലീസുകാർ ആർ.എസ്.എസിന്റെ ഒറ്റുകാരാണെന്ന് താൻ പറഞ്ഞെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളെല്ലാം ശരിയാകണമെന്നില്ലെന്നും മാദ്ധ്യമ വാർത്തകളുടെ പിന്നാലെ പോയാൽ വിഷമത്തിലാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന പോലീസ് യോഗത്തിൽ പോലീസുകാർ ആർ.എസ്.എസിന്റെ ഒറ്റുകാരാണെന്ന് അഭിപ്രായപ്പെട്ടുവെന്നതരത്തിലാണ് ഒരു മാദ്ധ്യമത്തിൽ വാർത്ത വന്നത്. ഇത് ശുദ്ധ കളവാണ്. പൊലീസിന്റെ പ്രവർത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും മുഖ്യമന്ത്രിയെന്ന നിലയിൽ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. നവോത്ഥാന മൂല്യ സംരക്ഷണ സമിതി യോഗത്തിലാണ് ഇക്കാര്യം സംസാരിച്ചതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

മനിതിസംഘം ശബരിമലയിൽ എത്തിയപ്പോൾ ചില പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം നാറാണത്തു ഭ്രാന്തനെ പോലെയായിരുന്നു. ഉത്തരവാദിത്തബോധം മറന്ന ഇവർ സ്വന്തം താത്പര്യമനുസരിച്ച് ഓടിനടന്നു. പൊലീസ് എക്കാലവും സർക്കാർ നയത്തിനൊപ്പമായിരിക്കണം. അല്ലാത്തവർക്കെതിരേ കടുത്ത നടപടി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി അന്നത്തെ യോഗത്തിൽ പറഞ്ഞിരുന്നു.