ചെന്നൈ: കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ശരവണഭവൻ റെസ്റ്റോറന്റ് ശൃംഖല ഉടമ പി. രാജഗോപാൽ (73) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
2001ൽ ശരവണഭവനിലെ മുൻ ജീവനക്കാരൻ പ്രിൻസ് ശാന്തകുമാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു രാജഗോപാൽ. ശാന്തകുമാരന്റെ ഭാര്യ ജീവജ്യോതിയെ സ്വന്തമാക്കാനായിരുന്നു അരുംകൊല. കേസിൽ തടവുശിക്ഷ അനുഭവിക്കെ കഴിഞ്ഞ ശനിയാഴ്ച ജയിലിൽ വച്ച് രാജഗോപാലിന് ഹൃദയാഘാതമുണ്ടായിരുന്നു. തുടർന്ന് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിറുത്തിയിരുന്നത്.
2009ലാണ് മദ്രാസ് ഹൈക്കോടതി രാജഗോപാൽ ഉൾപ്പെടെ ആറ് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷിച്ചത്. കഴിഞ്ഞ മാർച്ചിൽ സുപ്രീംകോടതി ശിക്ഷ ശരിവയ്ക്കുകയും കീഴടങ്ങാൻ ഈ മാസം ഏഴ് വരെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച് കീഴടങ്ങൽ നീട്ടിക്കൊണ്ടുപോയ രാജഗോപാൽ, ആംബുലൻസിൽ ഓക്സിജൻ മാസ്‌ക് ധരിച്ചാണ് കഴിഞ്ഞ ഒമ്പതിന് ചെന്നൈയിലെ സിവിൽ കോടതിയിൽ കീഴടങ്ങാൻ എത്തിയത്. അതിന് പിന്നാലെ ആരോഗ്യനില മോശമായതിനാൽ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവച്ച് ശനിയാഴ്ച ഹൃദയാഘാതമുണ്ടായപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ മകൻ ശരവണൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി തേടുകയും കോടതി അത് അനുവദിക്കുകയും ചെയ്തിരുന്നു. തുടർന്ന് വടപളനിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രിൻസ് ശാന്തകുമാരന്റെ ഭാര്യ ജീവജ്യോതി ശരവണഭവനിലെ തന്നെ മറ്റൊരു ജീവനക്കാരന്റെ മകളായിരുന്നു. രാജഗോപാലിന്റെ ആഗ്രഹത്തെ ജീവജ്യോതിയും ശാന്തകുമാരനും എതിർത്തതോടെ എട്ട് വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.