തലശേരി: ക്യാമ്പസിലെ കൊടിമരം എടുത്തുമാറ്റിയതിനെ തുടർന്ന് എ.ബി.വി.പി പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് തലശേരി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൾ കെ.ഫൽഗുണന്റെ പരാതി. മരണ ഭയമുണ്ടെന്നും പൊലീസിന്റെ സംരക്ഷണം ആവശ്യുപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കോളേജ് പരിസരത്ത് സ്ഥാപിച്ച കൊടിമരം കഴിഞ്ഞ ദിവസം പ്രിൻസിപ്പൾ എടുത്തുമാറ്റിയിരുന്നു. ഇതിൽ എ.ബി.വി.പി വ്യാപകമായി പ്രതിഷേധിച്ചിരുന്നു.
അതേസമയം, പ്രിൻസിപ്പൾ മാറ്റിയ കൊടിമരം എ.ബി.വി.പി പ്രവർത്തകർ ഇന്ന് ഉച്ചയോടെ വീണ്ടും പുനസ്ഥാപിച്ചു. സംഭവം നടക്കുന്നതിനിടെ പൊലീസും എ.ബി.വി.പി പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. പ്രിൻസിപ്പളിന്റെ അനുമതിയോടെ കൊടിമരം സ്ഥാപിക്കണമെന്നായിരുന്നു പൊലീസ് നിലപാട്. എന്നാൽ തന്റെ അനുമതിയില്ലാതെയാണ് കൊടിമരം വീണ്ടും പുനസ്ഥാപിച്ചതെന്ന് പ്രിൻസിപ്പൾ പറഞ്ഞു.