സകാൽ ദേവ് ടുഡ്ഡുവെന്ന 63 വയസുകാരൻ പിന്നിയിട്ട മുടി അഴിച്ചിട്ടിട്ടും, കഴുകിയിട്ടുമൊക്കെ 40 വർഷമായി. ഇതുവഴി താൻ 'ദൈവത്തിന് നൽകിയ ഒരു വാക്ക്' പാലിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. 40 വർഷം മുമ്പ് ദൈവം തന്റെ സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെട്ട് മുടി പിന്നിത്തന്നുവെന്നും ഇത് ഒരിക്കലും അഴിക്കരുതെന്നും കഴുകരുതെന്നും ദൈവം ആവശ്യപ്പെട്ടെന്നും ബീഹാർ സ്വദേശിയായ സകാൽദേവ് പറയുന്നു.
അതിന് ശേഷം ഇന്നുവരെ മുടി അഴിക്കുകയോ കഴുകുയോ ചെയ്തിട്ടില്ല. ഇപ്പോൾ കാൽപാദം വരെ മുടിയുണ്ട്. ഗിന്നസ് റെക്കോർഡിനായിട്ടാണ് സകാൽദേവ് ഇപ്പോൾ കാത്തിരിക്കുന്നത്. പുറത്ത് പോകുമ്പോൾ മുടിയിൽ അഴുക്കാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. അതേസമയം താൻ ഇത്തരത്തിൽ മുടി നീട്ടുന്നതിൽ ഭാര്യയ്‌ക്കോ മക്കൾക്കോ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നാട്ടുകാർ ഇദ്ദേഹത്തെ മഹാത്മജി എന്നാണ് വിളിക്കുന്നത്. ദൈവ ദർശനം ലഭിച്ചതിന് ശേഷം പുകവലിയും മദ്യപാനവുമൊക്കെ സകാൽ നിർത്തി. കഴിഞ്ഞ 31 വർഷമായി വനംവകുപ്പിൽ ജോലിചെയ്യുന്ന ഇദ്ദേഹം നല്ലൊരു വൈദ്യൻ കൂടിയാണ്. കുട്ടികളില്ലാത്ത ഒരുപാട് പേർക്ക് ഇദ്ദേഹത്തിന്റെ ഒറ്റമൂലി കഴിച്ച് സന്താന ഭാഗ്യം ലഭിച്ചു.