news

1. കര്‍ണാടകത്തില്‍ പ്രതിയന്ധി തുടരവേ ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. വിശ്വാസ വോട്ടെടുപ്പുമായി മുന്നോട്ട് പോകാന്‍ നിര്‍ദേശിക്കണം എന്ന് ബി.ജെ.പി. ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചേക്കും എന്നും സൂചന. വിശ്വാസ വോട്ട് വേഗത്തില്‍ നടത്തണം എന്ന് ആവശ്യപ്പെടും. രാജ്ഭവനില്‍ നിന്ന് പ്രത്യേക ദൂതന്‍ സ്പീക്കറെ കാണാന്‍ വിധാന്‍ സൗധയില്‍ എത്തി.




2. അതേസമയം, കര്‍ണാടകത്തില്‍ വോട്ടെടുപ്പ് മാറ്റുന്ന കാര്യത്തില്‍ നിയമ ഉപദേശം തേടണം എന്ന് സ്പീക്കര്‍. ബി.ജെ.പി നേതാക്കളോട് ക്ഷോഭിച്ച് സ്പീക്കര്‍. നിങ്ങളുടെ അജണ്ടയല്ല തന്റെ അജണ്ടയെന്ന് ബി.ജെ.പിയോട് സ്പീക്കര്‍. ബി.ജെ.പി അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി. സഭ അര മണിക്കൂര്‍ നേരത്തേക്ക് പിരിഞ്ഞു.
3. നിയമസഭാ സമ്മേളനത്തില്‍ 15 എം.എല്‍.എമാര്‍ എത്തിയില്ല. വിമതരെ കൂടാതെ രണ്ട് എം.എല്‍.എമാര്‍ കൂടി സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നു. ബി.എസ്.പി അംഗം മഹേഷ്, കോണ്‍ഗ്രസ് അംഗം ശ്രീമന്ത് പാട്ടീല്‍ എന്നിവരാണ് വിട്ടു നില്‍ക്കുന്നത്. നിലവില്‍ വിധാന്‍ സൗദയില്‍ ഭരണപക്ഷത്ത് 100 അംഗങ്ങളാണ് ഉള്ളത്.
4. ബി.ജെ.പി കുതിര കച്ചവടം നടത്തുകയാണ് എന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു. ബി.ജി.പി തനിക്ക് എതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. വിമതര്‍ സുപ്രീംകോടതിയെ സമീപിച്ചത് ബി.ജെ.പിയുടെ സഹായത്തോടെ. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ബി.ജെ.പി എന്നും കുമാര സ്വാമി നിയമസഭയില്‍ ഉന്നയിച്ചു. വിമതര്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഏതു വെല്ലുവിളിയും നേരിടാന്‍ തയ്യാറെന്നും പ്രതികരണം.
5. എറണാകുളം അങ്കമാലി അതിരൂപതയില്‍ പൊട്ടിത്തെറി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വിമത വൈദികര്‍ പ്രത്യക്ഷസമരം ആരംഭിച്ചു. ബിഷപ്പ് ഹൗസിലാണ് വിമത വൈദികര്‍ അനിശ്ചിതകാല ഉപവാസ സമരം നടത്തുന്നത്. വിമതവിഭാഗം വൈദികര്‍ക്ക് വേണ്ടി ഫാ. ജോസഫ് പാറേക്കാട്ടിലാണ് അനിശ്ചിതകാല നിരാഹാരം തുടങ്ങിയിരിക്കുന്നത്. വിമത വൈദികരുടെ സമരം ആരംഭിച്ചിരിക്കുന്നത്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സിനഡിന്റേയും അതിരൂപതയുടേയും ചുമതലയില്‍ നിന്ന് മാറ്റണം എന്നത് അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച്.
6. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് വേണം എന്നാണ് വിമതവിഭാഗം വൈദികരുടെ ആവശ്യം. കര്‍ദിനാള്‍ ആലഞ്ചേരി 14 ക്രിമിനല്‍ കേസുകളില്‍ പ്രതി ആണെന്ന് ആണ് വിമത വൈദികരുടെ ആരോപണം. സിനഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ നീക്കണമെന്നും വൈദികര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കണം എന്നും വൈദികര്‍ ആവശ്യപ്പെടുന്നു. സ്ഥിരം സിനഡ് അംഗങ്ങള്‍ നേരിട്ട് എത്തി ചര്‍ച്ച നടത്തണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതുവരെ ഉപവാസസമരം തുടരുമെന്നും ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞു.
7. കെ.എസ്.ആര്‍.ടി.സിയുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പരസ്യങ്ങളും ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി. മറ്റു വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള പരസ്യം പാടില്ലെന്നും പൊതുജന സുരക്ഷ അപകടത്തില്‍ ആക്കിക്കൊണ്ട് പരസ്യത്തിലൂടെ അധിക വരുമാനം ഉണ്ടാക്കരുത് എന്നും ജസ്റ്റിസ് അനില്‍.കെ.നരേന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കി.
8. രാജ്യവിരുദ്ധ, നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന ആശങ്കയെ തുടര്‍ന്ന് ടിക് ടോക്ക്, ഹെലോ സേവനങ്ങള്‍ക്ക് ഐ.ടി മന്ത്രാലയം നോട്ടീസയച്ചു. ഐ.ടി മന്ത്രാലയം നോട്ടീസയച്ചു. ഐ.ടി മന്ത്രാലയത്തിലെ സൈബര്‍ നിയമ വിഭാഗമാണ് നോട്ടീസയച്ചത്. നിയമവിരുദ്ധ പ്രവൃത്തികള്‍ സംബന്ധിച്ച ഒരു കൂട്ടം ചോദ്യങ്ങളാണ് നോട്ടീസില്‍ ഉള്ളത്. ഇതിന് ശരിയായ മറുപടി ലഭിച്ചില്ലെങ്കില്‍ ടിക് ടോക്കും,ഹെലോ ആപ്പും ഇന്ത്യയില്‍ നിരോധനമോ ഐ.ടി നിയമം അനുസരിച്ചുള്ള നടപടികളോ നേരിട്ടേക്കും.
9. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.എസ്പി നേതാവുമായ മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ ആസ്തികള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി.ആനന്ദ് കുമാറിന്റെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ആനന്ദ് കുമാറിന്റെയും ഭാര്യ വിചിത്ര ലത എന്നിവര്‍ ബിനാമികളുടെ പേരുകളില്‍ സ്വന്തമാക്കിയ സ്വത്ത് വകകളാണ് ആദായനികുതി വകുപ്പ് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടായത്
10. ജപ്പാനിലെ ക്യോട്ടോയില്‍ ആനിമേഷന്‍ സ്റ്റുഡിയോ അക്രമി തീയിട്ടു. ആക്രമണത്തില്‍ 13 പേര്‍ മരിച്ചതായി ക്യോട്ടോ അഗ്നിരക്ഷാ സേന അറിയിച്ചു. 18 പേര്‍ കെട്ടിടത്തിന് ഉള്ളില്‍ കുടുങ്ങിയത് ആയാണ് വിവരം.മരണസംഖ്യ ഇനിയും ഉയരാനും സാധ്യത. ഇന്ന് രാവിലെ 10.35 ന് സഹായം അഭ്യര്‍ഥിച്ച് തങ്ങള്‍ക്കു ഫോണ്‍ വരുക ആയിരുന്നു എന്നും ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും ക്യോട്ടോ അഗ്നിരക്ഷ സേന അറിയിച്ചു.
11. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച യസീദി വനിത നാദിയ മുറാദിനെ അവഹേളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ എങ്ങനെയാണ് എൈ.എസ്സിന്‍െ ലൈംഗിക അടിമ ആക്കപ്പെട്ടതെന്നും തന്റെ ആറ് സഹോദരന്മാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നും നാദിയ മുറാദ് ട്രംപിനോട് വിവരിക്കുന്നതിനിടെ, നിങ്ങള്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചല്ലോ എന്ന് ട്രംപ് ചോദിച്ചു. ഇതാണ് ഇപ്പോള്‍ വിവാദമായത്.
12. ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യാന്തര മത്സരങ്ങളിലും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ നടപ്പാക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍.ഓഗസ്റ്റില്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ പരീക്ഷിച്ചതിന് ശേഷം ക്രമേണ എല്ലാ ഫോര്‍മാറ്റുകളിലേക്കും ഇതു വ്യാപിപ്പിച്ചേക്കും. മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ തലയില്‍ പന്തിടിച്ചു പരുക്കേറ്റാല്‍ മറ്റൊരു താരത്തെ പകരക്കാരല്‍ ആയി ഇറക്കുന്ന നിയമം ആണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍.
13.ആരാധകര്‍ കാത്തിരിക്കുന്ന കമല്‍ഹാസന്‍-ശങ്കര്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന 'ഇന്ത്യന്‍ 2' വിന്റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കും. നേരത്തെ ബജറ്റ് സംബദ്ധിച്ച് നിലനിന്നിരുന്ന അഭിപ്രായ ഭിന്നത മൂലം ചിത്രത്തിന്റെ ഷൂട്ടിംഗ് നിറുത്തിയിരുന്നു. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി സംവിധായകന്‍ ശങ്കര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വീണ്ടും ഷൂട്ടിംഗ് ആരംഭിക്കുന്നത്. 200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്