saravana-

നക്ഷത്രങ്ങളുടെ ഗതിയനുസരിച്ച് ജീവിതം തന്നെ തിരുത്തിയെഴുതപ്പെട്ടിരുന്ന ജന്മമായിരുന്നു പുന്നയടി രാജഗോപാൽ എന്ന പി. രാജഗോപാലിന്റേത്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലടക്കം 'ദോശ കിംഗ്" എന്ന പേര് അദ്ദേഹം സമ്പാദിച്ചത് നിരന്തരമായ കഠിനാദ്ധ്വാനവും പിന്നെ ഭാഗ്യത്തിന്റെ മേമ്പൊടിയും കൊണ്ടായിരുന്നു. എന്നാൽ, ജീവിതത്തിലെ ഒരു ഏട് പോലും അദ്ദേഹം ജ്യോതിഷത്തിന്റെ സഹായമില്ലാതെ മറിച്ചിരുന്നില്ല. അത്യാഗ്രഹിയായതും കൊലപാതകിയായതും സകലസൗഭാഗ്യങ്ങളും ഉപേക്ഷിച്ച് ജയിലിൽ കയറേണ്ടിവന്നതും ഒടുവിൽ, കുറ്റവാളിയായി മരിക്കേണ്ടിവന്നതും അതേ ജ്യോതിഷത്തിന്റെ വാക്കിൽത്തന്നെയായത് വിധിവൈപരിത്യം!

ചെന്നൈയിലെ കെ.കെ നഗറിലുണ്ടായിരുന്ന പലചരക്കുകടയിൽനിന്നാണ് രാജഗോപാലെന്ന കച്ചവടക്കാരൻ 'അണ്ണാച്ചി" ഉദയം ചെയ്തത് (ജീവനക്കാർ സ്നേഹത്തോടെ അദ്ദേഹത്തെ വിളിച്ചിരുന്ന പേരാണ് അണ്ണാച്ചി). അടുത്തെങ്ങും നല്ല ആഹാരം കഴിക്കാൻ ഒരു കടയില്ലെന്ന തിരിച്ചറിവാണ് റസ്റ്റോറന്റ് എന്ന ആശയത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. 1979ലായിരുന്നു അത്. മാത്രമല്ല, ജ്യോതിഷിയും പറഞ്ഞു, സംഗതി ഓക്കെ ആകുമെന്ന്. അങ്ങനെ 1981 ൽ ആദ്യമായി ഒരു കാപ്പിക്കടയ്ക്ക് തുടക്കമിട്ടു. അതേവർഷംതന്നെ അടുത്ത കൂട്ടുകാരനായിരുന്ന ഗണപതി അയ്യരുടെ 'കാമാച്ചി ഭവൻ" എന്ന ഹോട്ടൽ രാജഗോപാൽ വിലയ്ക്കുവാങ്ങി. രണ്ടാമത്തെ മകനായ ശരവണന്റെ പേരുംകൂടി ചേർത്ത് കാമാച്ചിഭവൻ ശരവണഭവനായി 1981 ഡിസംബർ 14ന് പ്രവർത്തനമാരംഭിച്ചു. വിലകുറഞ്ഞ സാധനങ്ങൾ ഉപയോഗിക്കാനും ജീവനക്കാർക്ക് കുറഞ്ഞ കൂലി നൽകാനുമായിരുന്നു ബിസിനസ് ഉപദേഷ്ടാവിന്റെ നിർദ്ദേശമെങ്കിലും രാജഗോപാൽ അത് വകവച്ചില്ല. ഏറ്റവും മുന്തിയ സാധനങ്ങൾ ഉപയോഗിച്ച് പാചകം ചെയ്തു. ജീവനക്കാർക്ക് നല്ല ശമ്പളവും നൽകി.

 ഭാഗ്യം ''കൊണ്ടുവന്ന" വിവാഹങ്ങൾ

''വിവാഹങ്ങൾ" രാജഗോപാലിന് ഭാഗ്യംകൊണ്ടുവരുമെന്നായിരുന്നു ജ്യോതിഷികളുടെ ഉപദേശം. 1972-ലായിരുന്നു ആദ്യ വിവാഹം. കച്ചവടത്തിലെ അഭിവൃദ്ധിക്കുവേണ്ടി ജ്യോതിഷിയുടെ നിർദ്ദേശപ്രകാരം 1994ൽ രണ്ടാം വിവാഹം. അതും തന്റെ ജീവനക്കാരന്റെ മകളെ. രാജഗോപാൽ വളരുകയായിരുന്നു. ഡൽഹിയിൽ രണ്ടെണ്ണമുൾപ്പെടെ രാജ്യത്താകമാനം 30 ബ്രാഞ്ചുകൾ. ഇരുപതെണ്ണം ചെന്നൈയിൽ. വിദേശത്ത് പലേടത്തുമായി 47 എണ്ണം. അടുത്ത ജ്യോതിഷിനിർദ്ദേശം 1999ലായിരുന്നു. സ്ഥാപനത്തിന്റെ ചെന്നൈ ബ്രാഞ്ചിന്റെ മാനേജർ രാമസ്വാമിയുടെ പുത്രി ജീവജ്യോതിയെ വിവാഹം ചെയ്യണമെന്നതായിരുന്നു അത്. എന്നാൽ, അപ്പോൾ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന ജീവജ്യോതി, തന്റെ സഹോദരന്റെ ട്യൂഷൻമാസ്റ്ററുമായി പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചു. എന്നാൽ, രാജഗോപാൽ ഇരുവരെയും വെറുതേവിട്ടില്ല.

 വേട്ടയാടിയ രാജഗോപാൽ

ജീവജ്യോതിയെയും ശാന്തകുമാരനെയും രാജഗോപാൽ നിരന്തരം വേട്ടയാടി. ഇടയ്ക്ക് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു. കൊലപ്പെടുത്താൻ ശ്രമം നടത്തി. എന്നാൽ, പിന്നീട് തങ്ങളെ വെറുതേ വിടണമെന്നും ജീവിക്കാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ച് ജീവജ്യോതിയും ശാന്തകുമാരനും രാജഗോപാലിന്റെ കാലിൽവീണു. പക്ഷേ, അന്ധവിശ്വാസംകൊണ്ടും പണവും അധികാരവും കൊണ്ടും അന്ധനായിപ്പോയ രാജഗോപാൽ അത് ചെവിക്കൊണ്ടില്ല. ശാന്തകുമാരനെ കൊലപ്പെടുത്താൻ ആളെ ഏർപ്പാടാക്കി. അവർ ആ കൃത്യം 'ഭംഗിയായി" നിർവഹിച്ചു.

 പെണ്ണൊരുത്തി( ബോക്സ്)

ജീവിതം മുഴുവൻ ജ്യോതിഷത്തെ ആശ്രയിച്ചിരുന്ന രാജഗോപാലിന്റെ ജീവിതത്തിന്റെ ക്ലൈമാക്സ് എഴുതിവച്ചിരുന്നത് ജീവജ്യോതിയെന്ന പെൺകുട്ടിയായിരുന്നു. തന്റെ ഭർത്താവ് ശാന്തകുമാരനെ കാണാനില്ലെന്ന് മനസിലായതോടെ അപകടം മണത്ത അവർ രാജഗോപാലിനെതിരെ നീണ്ട പോരാട്ടവുമായി ഇറങ്ങി. ഒടുവിൽ ജീവജ്യോതിക്ക് കണ്ടെത്താനായത്, കൊടൈക്കനാലിലെ 'അജ്ഞാതമൃതദേഹ"മായിരുന്നു. 2001ലായിരുന്നു അത്. പിന്നീട് ജീവജ്യോതിയുടെ ഊഴമായിരുന്നു. രാജഗോപാലിന്റെ കൂട്ടുപ്രതികൾ കീഴടങ്ങി. രാജഗോപാലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെയും ജീവജ്യോതി പോരാടി. ഒടുവിൽ ജീവപര്യന്തമെന്ന മദ്രാസ് ഹൈക്കോടതിയുടെ ശിക്ഷ സുപ്രീംകോടതിയും ശരിവച്ചു. ജ്യോതിഷത്തിലെ മുഴുവൻ പ്രവചനങ്ങളും തെറ്റിച്ച് ഒരു പെൺകുട്ടിയുടെ ഒറ്റയാൾ പോരാട്ടത്തിൽ അവസാനിക്കാനായിരുന്നു ദോശരാജാവിന്റെ വിധി.

 18 വർഷം

18 വർഷത്തെ നിയമപോരാട്ടമാണ് ജീവജ്യോതി തന്റെ ഭർത്താവിനുവേണ്ടി രാജഗോപാലിനെതിരെ നടത്തിയത്. കേവലം നീതിക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നില്ല അത്. പണത്തോടും അധികാരത്തോടും സ്വാധീനത്തോടുമുള്ള വെല്ലുവിളിയായിരുന്നു. ജ്യോതിയുടെ സഹോദരൻ അടക്കമുള്ളവർ എതിരായി. സഹോദരൻ പോലും കൂറുമാറി. എന്നാൽ,​ ജീവജ്യോതി ഉറച്ചുനിന്നു. രാജഗോപാലിന്റെ മരണംവരെ.