pachkam

ബീഫ് വിഭവങ്ങളിൽ ഏറ്റവും സ്വാദിഷ്ടമായ ഒന്നാണ് ബീഫ് വറ്റിച്ചത്. ഇതുണ്ടെങ്കിൽ ചോറാണെങ്കിലും പൊറോട്ടയാണെങ്കിലും എത്ര വേണമെങ്കിലും അകത്താക്കാം. വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എരിവ് പ്രിയമുള്ളവർക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവമാണിത്. എങ്കിൽ വീട്ടിൽ എങ്ങനെ എളുപ്പത്തിൽ ബീഫ് വറ്റിച്ചത് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ബീഫ് - അര കിലോ

മുളകുപൊടി - 2 ടീസ്‌പൂൺ

മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ

ഖരം മസാല - 1/2 ടീസ്പൂൺ

ഇ‍ഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

സവാള - ചെറുത് 1

കറിവേപ്പില,​ മല്ലിയില -ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് നന്നായി കഴുകി വൃത്തിയാക്കുക. പിന്നീട് പാത്രത്തിലേക്ക് മാറ്റിയതിന് ശേഷം ഉപ്പ്,​ മുളക് (1ടീസ്പൂൺ)​,​ മഞ്ഞൾപൊടി,​ ഇഞ്ചി-വെളുത്തുള്ളി പേസ്റ്ര്,​ ഖരം മസാല,​ കറിവേപ്പില,​ മല്ലിയില എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നീട് കുറച്ച് വെള്ളവും ചേർത്ത് ഒരു കുക്കറിൽ 20 മിനിട്ട് വേവിച്ചെടുക്കുക. പിന്നീട് ബീഫിലേക്ക് ഒരു ടീസ്പൂൺ മുളക് പൊടിയും ചേർത്ത് വെള്ളം വറ്റുന്നത് വരെ കുക്കറിൽ ചൂടാക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കണം. പിന്നീട് ഒരു ചെറിയ സാവാള ചെറുതായി അരിഞ്ഞ് എണ്ണയിലിട്ട് മൊരിച്ചെടുക്കുക. ഈ സവാള ബീഫിലേക്ക് ചേർക്കാൻ മറക്കരുത്. അവസാനം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം അതിലേക്ക് ബീഫ് ഇട്ട് നന്നായി പൊരിച്ചെടുക്കുക. കുക്കറിലുള്ള കട്ടിയുള്ള ഗ്രേവിയും ഇതിൽ ചേർക്കണം. പിന്നീട് മല്ലയിലയും ചേർന്ന് തീൻമേശയിൽ വിളമ്പാം.