അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ഇക്കാര്യം ചർച്ച ചെയ്‌തു
ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പൊതുമേഖലാ ടെലികോം കമ്പനികളായ എം.ടി.എൻ.എൽ., ബി.എസ്.എൻ.എൽ എന്നിവയെ കരകയറ്റാൻ നടപടികളുമായി കേന്ദ്രസർക്കാർ. ജീവനക്കാർക്ക് വി.ആ.എസ് പാക്കേജ് പ്രഖ്യാപിക്കുക, ഇരു കമ്പനികൾക്കും 4ജി അനുവദിക്കുക, ആസ്‌തികൾ വിറ്റഴിച്ച് പണം കണ്ടെത്തുക എന്നീ നിർദേശങ്ങളുമായി ടെലികോം മന്ത്രാലയം സമർപ്പിച്ച പാക്കേജ് ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ മന്ത്രിതല സമിതി ചർച്ച ചെയ്‌തു.
അതേസമയം, ഒരു നിർദേശത്തിന്മേലും അന്തിമ തീരുമാനം സമിതി എടുത്തിട്ടില്ല. എന്നാൽ, നിർദേശങ്ങൾ നടപ്പാക്കാൻ തന്നെയാകും സർക്കാർ ശ്രമമെന്നാണ് സൂചന. കേന്ദ്ര ഐ.ടി - നിയമമന്ത്രി രവിശങ്കർ പ്രസാദ്, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. താത്പര്യമുള്ള ജീവനക്കാർക്ക് വി.ആർ.എസ് തിരഞ്ഞെടുക്കാം. ബി.എസ്.എൻ.എല്ലിന് 6,365 കോടി രൂപയും എം.ടി.എൻ.എല്ലിന് 2,120 കോടി രൂപയും വി.ആർ.എസ് പദ്ധതി നടപ്പാക്കാൻ ചെലവ് വരും.
4ജി അനുവദിക്കുന്നതിന് ബി.എസ്.എൻ.എല്ലിന് 14,000 കോടി രൂപയും എം.ടി.എൻ.എല്ലിന് 6,000 കോടി രൂപയും ചെലവ് വരുമെന്നും വിലയിരുത്തുന്നു. ഈ തുക കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആസ്‌തികൾ വിറ്റഴിക്കാൻ ആലോചിക്കുന്നത്. ഇരു കമ്പനികളുടെയും സംയുക്ത റിയൽ എസ്‌റ്റേറ്റ് മൂല്യം 1.10 ലക്ഷം കോടി രൂപവരും. ഫൈബർ ഒപ്‌റ്റിക് നെറ്ര്‌വർക്ക് മൂല്യം 60,000 കോടി രൂപയും മൊബൈൽ ടവറുകളുടെ മൂല്യം 35,000 കോടി രൂപയുമാണ്.
66%
ബി.എസ്.എൻ.എല്ലിന്റെ വാർഷിക വരുമാനത്തിന്റെ 66 ശതമാനവും ചെലവാക്കുന്നത് ജീവനക്കാരുടെ ശമ്പളത്തിനും പെൻഷൻ ആനുകൂല്യങ്ങൾക്കുമാണ്. അതേസമയം, എയർടെൽ ഈയിനത്തിൽ ചെലവാക്കുന്നത് 3 ശതമാനം മാത്രമാണ്. കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം 1,74,216 ജീവനക്കാരാണ് ബി.എസ്.എൽ.എല്ലിനുള്ളത്.
എന്നുവരും 4ജി?
കേന്ദ്ര സർക്കാർ 5G സ്‌പെക്ട്രം ലേല നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ്. എന്നാൽ, ബി.എസ്.എൽ.എല്ലിന് ഇപ്പോഴും 4G സേവനം എല്ലായിടത്തും നൽകാനായിട്ടില്ല. സാങ്കേതിക വിദ്യ മാറുന്നതനുസരിച്ച് പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിൽ കമ്പനി പിന്നാക്കം പോയി. റിലയൻസ് ജിയോയുടെ കടന്നുകയറ്റവും തിരിച്ചടിയായി.