ന്യൂയോർക്ക്: സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്ന ഫേസ് ആപ്പിനെ കുറിച്ചുള്ള ദുരൂഹത നീങ്ങുന്നില്ല. ഇതിനെതിരെ അമേരിക്കയിൽ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആപ്പിനെതിരെ അന്വേഷണം വേണമെന്ന് അമേരിക്കൻ സെനറ്റ് മൈനോററ്റി ലീഡർ ചാക്ക് ഷൂമർ ആവശ്യപ്പെട്ടു. എഫ്.ബി.ഐ ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഇതേസമയം ഇന്ത്യയിൽ നിന്ന് ആപ്പിനെതിരെ പ്രതിഷേധമുയരുന്നുണ്ട്. റഷ്യൻ കമ്പനി വയർലെസ് ലാബ്സ് ആണ് ഫേസ്ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇത് അമേരിക്കയെ ഭയപ്പെടുത്തുന്നുണ്ട്. അമേരിക്കൻ സമൂഹത്തിൽ ആഴത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആപ്പാണിതെന്നും ചാക്ക് ഷൂമർ പറയുന്നു. ജനങ്ങളുടെ വ്യക്തി വിവരങ്ങൾ കെെമാറുന്നതോടെ വിദേശ ശക്തിയുടെ കയ്യിൽ വിവരങ്ങൾ അകപ്പെടുന്നെന്നും ആരോപണമുണ്ട്.
ഫേസ് ആപ്പ് ഇൻസ്റ്റാൾചെയ്യുന്നതിന് മുൻപുള്ള ഫേസ് ആപ്പിന്റെ സേവന നിബന്ധനകളാണ് ദുരൂഹത ഉയർത്തുന്നത്. ആപ്പ് വഴി എഡിറ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങൾക്ക് ഒരിക്കലും അവസാനിക്കാത്തതും മാറ്റാൻ കഴിയാത്തതുമായ റോയൽറ്റി ആപ്ലിക്കേഷന് സ്വന്തമാണെന്ന് ആപ്പ് നിബന്ധന വയ്ക്കുന്നു. ഒപ്പം ആപ്പിലെത്തുന്ന ചിത്രങ്ങൾ അവർക്ക് ആവശ്യമുള്ള എവിടെയും ഉപയോഗിക്കാൻ അവർക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. ഇത് സ്വകാര്യ വിവരങ്ങൾ ചോർത്താൻ കാരണമാകുന്നുമെന്നും മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.