rain-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വരുന്ന നാലുദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലായ് 18 ന് ഇടുക്കി, 19 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും, 20 ന് ഇടുക്കി, 21ന് കണ്ണൂർ എന്നി ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'റെഡ്' അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര ( മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴ പെയ്യാൻ സാദ്ധ്യതയുണ്ട്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുക, ക്യാമ്പുകൾ തയ്യാറാക്കുന്നതുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നിവയാണ് റെഡ് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാദ്ധ്യത വർധിക്കും.

ജൂലായ് 19 ന് ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും ജൂലായ് 20 ന് എറണാകുളം ജില്ലയിലും ജൂലായ് 21ന് ഇടുക്കി, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച്' അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാദ്ധ്യതയുണ്ട്.

മഞ്ഞ അലർട്ട് (yellow alert) പ്രഖ്യാപിച്ച ജില്ലകൾ

ജൂലായ് 18 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ കാസർഗോഡ്.

ജൂലായ് 19 : തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ കാസർഗോഡ്.

ജൂലായ് 20 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ.
ജൂലായ് 21 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്.
ജൂലായ് 22 : ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നൽകിയിട്ടുണ്ട്.

അതേസമയം കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പു നല്‍കി.

19 മുതൽ 20 വരെ വടക്ക് പടിഞ്ഞാറൻന്‍ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള കേരള, ലക്ഷദ്വീപ് തീരങ്ങൾ, ജൂലായ് 18 മുതൽ 19 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക് പടിഞ്ഞാറൻ, വടക്ക് അറബിക്കടൽ, മധ്യ അറബിക്കടൽ എന്നീ മേഖലകളിൽ മ്ത്സ്യബന്ധനത്തിനു പോകരുതെന്നാണ് മുന്നറിയിപ്പ്.


ജൂലൈ 20 മുതല്‍ ജൂലൈ 22 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക്പടിഞ്ഞാറന്‍ അറബിക്കടല്‍ ചേര്‍ന്നുള്ള മധ്യ അറബിക്കടല്‍, ജൂലൈ 18 മുതല്‍ ജൂലൈ 20 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാനിടയുള്ള മാലിദ്വീപ്, കോമോറിന്‍ തീരങ്ങള്‍, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നീ മേഖലകളിലും വിലക്കുണ്ട്