തിരുവനന്തപുരം : ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ യാത്രചെയ്യുന്നവരും ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്നും കാറിലെ എല്ലായാത്രക്കാർക്കും സീറ്റ് ബെൽറ്റും നിർബന്ധമാക്കിയ സുപ്രിംകോടതി വിധി സംസ്ഥാനത്ത് കർശനമായി നടപ്പാക്കണമെന്ന് ഡി.ജി.പിയുടെ നിർദ്ദേശം. പിൻസീറ്റ് യാത്രക്കാർ ഹെൽമെറ്റ് ധരിക്കണമെന്നും സീറ്റ് ബെൽറ്റ് ഉള്ള വാഹനങ്ങളിലെല്ലാം യാത്രക്കാർ അത് നിർബന്ധമായി ഉപയോഗിക്കണമെന്നും ഡി.ജി.പി നിർദ്ദേശം നൽകി. സുപ്രീംകോടതിയുടെ വ്യക്തമായ ഉത്തരവുള്ള സാഹചര്യത്തിൽ അത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പൊലീസ് ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി സർക്കുലർ ഇറക്കി.
സുപ്രീംകോടതി വിധി നടപ്പാക്കാനും അതിനായി ബോധവത്കരണം അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കാനും ജില്ലാ പൊലീസ് മേധാവികൾക്കും ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്.