ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസിയെ ദ്രവീകൃത പ്രകൃതി വാതക (എൽ.എൻ.ജി) അഴിമതിക്കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി) അറസ്റ്റുചെയ്തു. പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്കും പിന്നാലെ അറസ്റ്റിലാകുന്ന പാകിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാവാണ് അബ്ബാസി. ലാഹോർ പ്രസ് ക്ലബിലേക്ക് പോകുംവഴിയാണ് അദ്ദേഹം അറസ്റ്റിലായതെന്നാണ് പി.ടി.ഐയുടെ റിപ്പോർട്ട്.
നിയമങ്ങൾ ലംഘിച്ച് തങ്ങൾക്ക് വേണ്ടപ്പെട്ട കമ്പനിക്ക് 15 വർഷത്തേക്ക് എൽ.എൻ.ജി ടെർമിനൽ കരാറുകൾ അനുവദിച്ചുവെന്നാണ് അബ്ബാസിക്കെതിരായ കേസ്. ഇതുമൂലം ഖജനാവിന് കനത്ത നഷ്ടമുണ്ടായെന്നും എൻ.എ.ബി ആരോപിക്കുന്നു. അധികാര ദുർവിനിയോഗം നടത്തിയതിന്റെ പേരിൽ അബ്ബാസിക്കും പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനുമെതിരെ കഴിഞ്ഞ വർഷമാണ് എൻ.എ.ബി അന്വേഷണം തുടങ്ങിയത്. 2017 ആഗസ്റ്റ് മുതൽ 2018 മേയ് വരെയാണ് അബ്ബാസി പാകിസ്ഥാന്റെ പ്രധാനമന്ത്രിപദത്തിലിരുന്നത്.